|    Mar 24 Sat, 2018 12:28 am
FLASH NEWS

കാര്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കാന്‍ നടപടി: ഏലിയാസ് ജോര്‍ജ്

Published : 1st November 2015 | Posted By: SMR

കൊച്ചി: കാര്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കുന്നതിനായി രാജ്യത്തെ മറ്റ് മെട്രോകളിലില്ലാത്ത മൂല്യവര്‍ധിത സൗകര്യങ്ങള്‍ കൊച്ചിയിലൊരുക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ മാനേജിങ് ഡയറകടര്‍ ഏലിയാസ് ജോര്‍ജ്.
ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ബില്‍ഡേഴ്‌സ് ഡേ ആചരണച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കോച്ചുകളിലും വൈ-ഫൈ സൗകര്യം, ആറു വീതം എല്‍സിഡി സ്‌ക്രീനുകള്‍, വാര്‍ത്തകളറിയാനുള്ള സൗകര്യം, വിനോദ പരിപാടികള്‍ എന്നിവയാണ് ഇപ്പോള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഓണ്‍ലൈന്‍ ഷോപ്പിങ് ഉല്‍പന്നങ്ങള്‍ മെട്രോ സ്റ്റേഷനുകളില്‍ ഡെലിവറി ചെയ്യുന്നതിനുള്ള സൗകര്യവുമൊരുക്കും.
കാറുകളും മറ്റ് സ്വകാര്യ വാഹനങ്ങളും നഗരത്തിലേക്ക് വരാതിരിക്കുന്നതും നിലവിലുള്ള ഗതാഗതക്കുരുക്കഴിക്കാനും ഈ സൗകര്യങ്ങള്‍ സഹായകമാണെന്നും ഏലിയാസ് ജോര്‍ജ് ചൂണ്ടിക്കാട്ടി. മെട്രോ സ്റ്റേഷനുകളുടെ പരിസരം ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റാനാണുദ്ദേശിക്കുന്നത്. സംസ്ഥാനത്തിന്റെ പരിസ്ഥിതി പാരമ്പര്യം വിളിച്ചോതുന്നവയായിരിക്കും സ്റ്റേഷനുകള്‍. പശ്ചിമഘട്ടത്തിന്റെ പാശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ആലുവ സ്റ്റേഷനാണ് ഇതില്‍ പ്രാധാനം.
മറ്റ് സ്റ്റേഷനുകളായ കുസാറ്റ്, ഇടപ്പള്ളി, ചങ്ങമ്പുഴനഗര്‍, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, എംജി റോഡ് എന്നിവയുടെ അടിസ്ഥാന വിഷയം യഥാക്രമം സംസ്ഥാനത്തിന്റെ സമുദ്രയാന ചരിത്രം, കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങള്‍, സംസ്ഥാനത്തിന്റെ സാംസ്‌കാരിക-കലാ പാരമ്പര്യം, സ്‌പോര്‍ട്‌സ്, എറണാകുളം നഗരത്തിന്റെ ചരിത്രം എന്നിവയായിരിക്കും. മെട്രോ വന്നതുകൊണ്ട് മാത്രം കൊച്ചിയുടെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ഭൂമിയുടെ ദൗര്‍ലഭ്യം കാരണം നഗരത്തില്‍ റോഡ് വികസനം കാര്യമായി സാധ്യമല്ലാത്തതിനാല്‍ ജലഗതാഗതം വികസിപ്പിക്കാനാണ് ശ്രമം.
യൂനിഫൈഡ് മെട്രോപ്പോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അതോരിറ്റി (ഉംട) യാണ് സമഗ്ര പൊതുഗതാഗത ശൃംഖലയ്ക്ക് രൂപം നല്‍കുന്നത്. 747.28 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന സമഗ്ര ജലഗതാഗത പദ്ധതിയുടെ ഭാഗമായി പതിനാലിടങ്ങളിലേക്ക് ബോട്ട് സര്‍വീസ് ആരംഭിക്കും.
38 ജെട്ടികള്‍ ഇതിന്റെ ഭാഗമായി നിര്‍മിക്കും. 2019ന് മുന്‍പ് ഈ പദ്ധതി പൂര്‍ണമായും നടപ്പാക്കും. എംജി റോഡ് സൗന്ദര്യവല്‍ക്കരണം, ഹോസ്പിറ്റല്‍ റോഡ് നവീകരണം, എളംകുളം മെട്രോ സ്റ്റേഷനെ സുഭാഷ് ബോസ് റോഡുമായി ബന്ധിപ്പിക്കുന്ന പ്രൊജക്റ്റ്, പനമ്പിള്ളി നഗര്‍ കനാല്‍ തീരത്ത് ജോഗിങ് ട്രാക്ക്, പാര്‍ക്കിങ് ഏരിയ, കോഫി കിയോസ്‌ക്, ഇടപ്പള്ളിയില്‍ മള്‍ട്ടിമോഡല്‍ ഹബ് എന്നിവയും മെട്രോയുടെ ഭാഗമായി നടപ്പാക്കുമെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.
ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് ഫസല്‍ അലി, കേരള ഘടകം ചെയര്‍മാന്‍ ആര്‍ രാജേഷ്, കൊച്ചി സെന്റര്‍ ചെയര്‍മാന്‍ മനോജ് മാത്യു, ആലുവ സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ഫൈസി, കൊടുങ്ങല്ലൂര്‍ സെന്റര്‍ ചെയര്‍മാന്‍ അബ്ദുള്‍ ജബ്ബാര്‍ സംസാരിച്ചു.—

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss