|    Nov 13 Tue, 2018 4:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാര്‍ അപകടം: കെവിന്‍ കേസില്‍ അച്ചടക്കനടപടി നേരിട്ട പോലിസുകാര്‍ക്ക് ഗുരുതര പരിക്ക്‌

Published : 10th November 2018 | Posted By: kasim kzm

കോട്ടയം: കാര്‍ അപകടത്തില്‍പ്പെട്ട് കെവിന്‍ വധക്കേസില്‍ അച്ചടക്കനടപടിക്ക് വിധേയരായ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കേസിലെ മുഖ്യപ്രതിയില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന കോട്ടയം റബര്‍ബോര്‍ഡ് തെക്കുംമുറിയി ല്‍ ടി എം ബിജു (47), മൂന്നുവര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കപ്പെട്ട ഡ്രൈവര്‍ അയര്‍ക്കുന്നം മുട്ടപ്പള്ളി എം എന്‍ അജയകുമാര്‍ (37) എന്നിവരെയാണ് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സര്‍ജറി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. തലയ്ക്ക് ക്ഷതമേറ്റ ബിജു ഇതുവരെയായും അപകടനില തരണംചെയ്തിട്ടില്ല. ഒാക്‌സിജന്റെ സഹായത്തോടെയാണ് ബിജു ശ്വാസോച്ഛ്വാസം ചെയ്യുന്നത്. എന്നാല്‍, അജയകുമാറിന്റെ നില കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഈമാസം ഏഴിന് പുലര്‍ച്ചെ അഞ്ചിന് കൂത്താട്ടുകുളത്തിന് സമീപമായിരുന്നു അപകടം.
എറണാകുളത്തുനിന്നും അജയകുമാറിന്റെ കാറില്‍ കോട്ടയത്തേക്കുവരുമ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ബിജുവിനെ അപ്പോള്‍ത്തന്നെ സര്‍ജറി തീവ്രപരിചരണ വിഭാഗത്തിലേക്കും അജയകുമാറിനെ 14ാം വാര്‍ഡിലേ—ക്കും മാറ്റി. എന്നാല്‍, നില വഷളായതിനെ തുടര്‍ന്നാണ് അജയകുമാറിനെ സര്‍ജറി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ മെയ് 26ന് രാത്രി പട്രോളിങിനിടെ കെവിന്‍ കേസിലെ മുഖ്യപ്രതി സഞ്ചരിച്ചിരുന്ന വാഹനം സംശയംതോന്നി തടഞ്ഞെങ്കിലും കൂടുതല്‍ അന്വേഷണം നടത്താതെ ബിജുവും അജയകുമാറും ചേര്‍ന്ന് 2,000 രൂപ കൈക്കൂലി വാങ്ങി പറഞ്ഞയച്ചെന്ന കേസിലാണ് അച്ചടക്കനടപടി നേരിടേണ്ടിവന്നത്. നടപടിക്രമത്തിന്റെ ഭാഗമായി ഇരുവര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി തയ്യാറാക്കുന്നതിന് എറണാകുളത്തെ പ്രമുഖ അഭിഭാഷകനെ കണ്ട് മടങ്ങിവരുമ്പോഴായിരുന്നു അപകടം. അജയനാണ് കാറോടിച്ചിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss