|    Oct 15 Mon, 2018 6:09 pm
FLASH NEWS

കാര്‍ഷിക സര്‍വകലാശാല : ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി

Published : 24th September 2017 | Posted By: fsq

 

തൃശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ ക്ലാസ് ഫോര്‍ തസ്തികയില്‍ ജോലി വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ ഒരു മുന്‍ വനിത അംഗവും മകനും ചേര്‍ന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പണം നഷ്ടപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുടിക്കോട്, ചാത്തംകുളം, ചിറയ്ക്കാകോട് ഭാഗത്തുള്ള പലരില്‍ നിന്നും രണ്ടര ലക്ഷം മുതല്‍ നാലു രക്ഷം രൂപ വരെയാണ് വാങ്ങിയതത്രേ. പത്തു ദിവസത്തിനുള്ളില്‍ ജോലി ശരിയാക്കി തരാമെന്നു പറഞ്ഞ് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ജോലി നല്‍കിയിട്ടില്ലെന്ന് പണം നഷ്ടപ്പെട്ടവരായ പി ഡി രതീഷ്, പി പി മുരളി തുടങ്ങിയവര്‍ പറഞ്ഞു. മൂന്നു വര്‍ഷം മുമ്പാണ് ഇവര്‍ പണം വാങ്ങിയത്. എന്നാല്‍ പണം തിരികെ നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചതിനാലാണ് ഇതുവരെ പരാതികളൊന്നും നല്‍കാതിരുന്നതത്രേ. വാങ്ങുന്ന പണത്തിന്റെ കുറച്ചു സംഖ്യ പാര്‍ട്ടി ഫണ്ടായും കുറച്ചു സംഖ്യ നിയമനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കും നല്‍കണമെന്നു പറഞ്ഞാണ് പണം വാങ്ങിയത്. യുഡിഎഫിന്റെ മെമ്പറായാണ് ഇവര്‍ ബ്ലോക്കിലേക്ക് മല്‍സരിച്ച് ജയിച്ചത്. ജോലി കിട്ടാതായപ്പോള്‍ പണം തിരിച്ചു ചോദിച്ചപ്പോള്‍ നാലു മാസത്തിനുള്ളില്‍ നല്‍കാമെന്നു പറഞ്ഞ് നല്‍കിയ കരാറിന്റെ കാലാവധിയും കഴിഞ്ഞതോടെ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കയാണിപ്പോള്‍. ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ മൂന്നു ലക്ഷം രൂപ ലോണെടുത്താണ് ഇവര്‍ക്ക് നല്‍കിയതെന്ന് രതീഷ് പറഞ്ഞു. പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ ജപ്തി ഭീഷണിയിലായിരിക്കയാണിപ്പോള്‍. മറ്റാരും അറിയരുതെന്ന് പറഞ്ഞാണ് ഇവര്‍ പണം വാങ്ങിച്ചിരുന്നതത്രേ. വാര്‍ത്താസമ്മേളനത്തില്‍ രജിത ശ്രീനിവാസന്‍, രമ മുരളി, ഓമന ജോസ് എന്നിവരും പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss