|    Oct 18 Thu, 2018 1:43 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കാര്‍ഷിക സര്‍വകലാശാല: ക്ലാസ് ഫോര്‍ തസ്തികയില്‍ നിയമനം നടത്തുന്നില്ല

Published : 22nd September 2017 | Posted By: fsq

 

എച്ച്  സുധീര്‍

തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല ക്ലാസ് ഫോര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് എട്ടുവര്‍ഷം പിന്നിട്ടിട്ടും പരീക്ഷ നടത്തി നിയമനത്തിനു തയ്യാറാവുന്നില്ല. ഈ തസ്തികയിലേക്ക് 2009 ഒക്ടോബര്‍ 22നാണ്് വിജ്ഞാപനം പുറപ്പെടുവിച്ചത്. ജനറല്‍ വിഭാഗത്തിന് 150 രൂപയും പട്ടികജാതി-വര്‍ഗത്തിന് 75 രൂപയുമായിരുന്നു അപേക്ഷാഫീസ്. വിവിധ ജില്ലകളില്‍ നിന്നായി 39,580 അപേക്ഷകളാണു ലഭിച്ചത്. അപേക്ഷാ ഫീസിനത്തില്‍ 50,85,850 രൂപയും സര്‍വകലാശാലയ്ക്കു ലഭിച്ചു. 4510-6230 ആയിരുന്നു അന്നത്തെ ശമ്പള സ്‌കെയില്‍. അഞ്ചാം ക്ലാസും സൈക്കിള്‍ സവാരി അറിയുകയും നല്ല ആരോഗ്യവുമായിരുന്നു യോഗ്യത. എന്നാല്‍, 2010ല്‍ കേരളത്തിലെ സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ നടത്തുന്നതിന് പിഎസ്‌സിയെ ചുമതലപ്പെടുത്തി. ഇതേത്തുടര്‍ന്ന് 2009ലെ അപേക്ഷകളിലെ നടപടികള്‍ ഇഴഞ്ഞുനീങ്ങിയതോടെ ലോകായുക്തയിലും ഹൈക്കോടതിയിലും പരാതിയെത്തി. പരീക്ഷ നടത്തണമെന്ന നിലപാടിനോട് ലോകായുക്തയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും അനുകൂല സമീപനമെടുത്തു. എന്നാ ല്‍, സാങ്കേതിക തടസ്സങ്ങള്‍ ഒഴിവായിട്ടും തുടര്‍നടപടികള്‍ വൈകുകയാണ്. അപേക്ഷകരില്‍ ഏറിയ പങ്കിനും പ്രായപരിധി കഴിഞ്ഞിട്ടുണ്ട്. പലര്‍ക്കും ഇനിയൊരു പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. അതേസമയം, ഇത്രയേറെ അപേക്ഷകരുള്ളതിനാല്‍ പരീക്ഷാനടത്തിപ്പ് എല്‍ബിഎസിനെ ഏല്‍പ്പിച്ചതായാണ് സര്‍വകലാശാല നല്‍കുന്ന വിശദീകരണം. എന്നാല്‍, പരീക്ഷാര്‍ഥികള്‍ക്കുള്ള സെന്ററുകള്‍ അനുവദിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കു വേണ്ട തുക എല്‍ബിഎസിന് കൈമാറാത്തതിനാല്‍ നടപടി വൈകുകയാണ്. പണം കൈമാറാനുള്ള എഗ്രിമെന്റില്‍ ഒപ്പുവച്ചാല്‍ മൂന്നുമാസത്തിനകം പരീക്ഷ നടത്തി റാങ്ക്‌ലിസ്റ്റ് കൈമാറാമെന്നാണ് എല്‍ബിഎസ് അറിയിച്ചിട്ടുള്ളത്. 2009ല്‍ ക്ലാസ് ഫോര്‍ തസ്തികയില്‍ 229ലേറെ ഒഴിവുകള്‍ ഉണ്ടായിരുന്നത് ഇന്ന് ഇരട്ടിയിലേറെ ആയിട്ടുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഈ തസ്തികയിലേക്ക് എല്‍ബിഎസ് മുഖേന പരീക്ഷ നടത്തുമെന്ന് സര്‍വകലാശാല മാസങ്ങളായി പറയുന്നതല്ലാതെ ഇതുവരെയും പരീക്ഷാ തിയ്യതിപോലും നിശ്ചയിച്ചിട്ടില്ലെന്നും ഇവര്‍ക്ക് ആക്ഷേപമുണ്ട്. ക്ലാസ് ഫോര്‍ നിയമനം എത്രയും വേഗം നടത്താന്‍ സര്‍വകലാശാലാ ചാന്‍സലര്‍, പ്രൊ ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ അടിയന്തരമായി ഇടപെടണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss