|    Dec 11 Tue, 2018 1:06 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കാര്‍ഷിക സമൃദ്ധി തിരിച്ചുപിടിക്കാന്‍ യുവതികള്‍ പാടത്തേക്ക്‌

Published : 29th November 2018 | Posted By: kasim kzm

കൊച്ചി: പ്രളയം തൂത്തുവാരിയെറിഞ്ഞ കാര്‍ഷിക മേഖലയെ തിരിച്ചുപിടിക്കാന്‍ പാടത്തേക്ക് ഇറങ്ങിയിരിക്കുകയാണ് കുറുമശ്ശേരിയിലെ ഒരുകൂട്ടം വനിതകള്‍. കൃഷിപ്പണികളിലെ അറിവില്‍ വട്ടപ്പൂജ്യമാണെങ്കിലും എല്ലാം പഠിക്കാന്‍ തയ്യാറായാണ് പുറപ്പാട്. യന്ത്രം തന്നു സഹായിച്ചാല്‍ തെങ്ങു കയറുക മാത്രമല്ല ഞാറു നടാനും നെല്ല് കൊയ്യാനും ട്രാക്ടര്‍ ഓടിക്കാനുമെല്ലാം ഇവര്‍ തയ്യാറാണ്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന പ്രകാരം എല്ലാവരും പരിശീലനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച പഞ്ചായത്തുകളാണ് കുന്നുകരയും പാറക്കടവും. കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നു. അടിതെറ്റിയ കാര്‍ഷിക മേഖലയുടെ താളം വീണ്ടെടുക്കുന്നതിനാണ് വനിതകളെ പ്രാപ്തരാക്കുന്നത്. ഇതിലൂടെ തൊഴില്‍രഹിതരായ വനിതകള്‍ക്ക് വരുമാനമാര്‍ഗവും ലഭ്യമാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന പ്രകാരം വനിതകള്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനമാണ് നല്‍കുന്നത്.
തെങ്ങുകയറ്റ യന്ത്രം, ഞാറുനടീല്‍ യന്ത്രം, കൊയ്ത്തുയന്ത്രം, ട്രാക്ടര്‍ എന്നിവ പരിശീലിപ്പിക്കുകയാണ് ആദ്യം. തുടര്‍ന്ന് 10 പേരടങ്ങുന്ന സംഘങ്ങള്‍ രൂപീകരിക്കും. സംഘങ്ങളുടെ നേതൃത്വത്തിലായിരിക്കും കൃഷിപ്പണികള്‍ ചെയ്യുക. ഇതില്‍ 60 ശതമാനം തുക അംഗങ്ങള്‍ക്ക് കൂലിയായി ലഭിക്കും. 40 ശതമാനം യന്ത്രങ്ങളുടെ പ്രവര്‍ത്തന ചെലവിനും. പ്രളയബാധിത പഞ്ചായത്തുകളില്‍ അമേരിക്കയിലെ മലയാളി വനിതകളുടെ കൂട്ടായ്മയായ ‘പുണ്യം’ പച്ചക്കറി കൃഷി നടത്തുന്നതിന് ആവശ്യമായ ഫണ്ട് നല്‍കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാര്‍ നേരിട്ടും പണം നല്‍കുന്നു. ഏകദേശം ഒരു കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.
പാലക്കാട് ആസ്ഥാനമായ വിമന്‍സ് വെസ്റ്റ് ഫെഡറേഷന്‍ ലേബര്‍ ബാങ്ക് എന്ന കാര്‍ഷിക സംഘടനയാണ് പരിശീലനം നല്‍കുന്നത്. 20 യുവതികളാണ് പരിശീലനം തേടുന്നത്. ഇതു സംബന്ധിച്ചുള്ള ആദ്യ അറിയിപ്പില്‍ തന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സഹകരണമാണ് ലഭിച്ചതെന്ന് ടീം ലീഡര്‍ ഉഷ ബാബുരാജ് പറയുന്നു. 15 പേരെയാണ് പ്രതീക്ഷിച്ചത്. പക്ഷേ, 20 പേര്‍ പരിശീലനത്തിനെത്തി. പരിശീലനം കഴിഞ്ഞ് എല്ലാവരും കൃഷിപ്പണികള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രളയത്തില്‍ നശിച്ചതു മാത്രമല്ല, തരിശുകിടക്കുന്ന മുഴുവന്‍ ഭൂമിയും കൃഷി ചെയ്യുമെന്നും ഉഷ പറയുന്നു.
പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ പാറക്കടവ് സര്‍വീസ് സഹകരണ ബാങ്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാങ്കിന്റെ പദ്ധതിയായ ‘മണ്ണില്‍ നന്മക്ക്, മനുഷ്യ നന്മക്ക്’ പദ്ധതിയില്‍ പെടുത്തി നടീല്‍ വസ്തുക്കള്‍ എത്തിക്കുന്നതിലും ബാങ്ക് സഹായിക്കുമെന്ന് പ്രസിഡന്റ് എം കെ പ്രകാശന്‍ പറഞ്ഞു.
വീടുകളിലെ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനും യുവതികളെ പ്രാപ്തരാക്കും. ഗ്രോബാഗാണ് വീടുകളില്‍ നല്‍കുന്നത്. ഇത് നിറച്ചുനല്‍കുന്നതിനുള്ള പരിശീലനം ഇവര്‍ക്കു നല്‍കും. തുള്ളിനന കൃഷിയിലും പരിശീലനം നല്‍കും. പാലക്കാട് വിമന്‍ വെസ്റ്റ് ഫെഡറേഷന്‍ സിഇഒ എസ് കവിതയാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. പ്രദേശത്തെ തരിശായി കിടക്കുന്ന 10 ഏക്കറില്‍ കൃഷി ഇറക്കലാണ് അടുത്ത ഘട്ടം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss