|    Jun 27 Tue, 2017 12:31 pm
FLASH NEWS

കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിക്കാന്‍ പ്രവാസി യുവാക്കള്‍ മാതൃകയാവുന്നു

Published : 1st December 2016 | Posted By: SMR

കുമ്പള: അന്യം നിന്നുപോയ നാടിന്റെ കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിക്കാന്‍ ഒരു കൂട്ടം പ്രവാസി യുവാക്കള്‍ നടത്തുന്ന ശ്രമം നാടിന് മാതൃകയാവുന്നു. മംഗല്‍പാടി പഞ്ചായത്ത് പത്താം വാര്‍ഡില്‍ ഗള്‍ഫിലെ പ്രവാസ ജീവിതത്തില്‍ നിന്നും ആറു മാസത്തെ അവധിക്കെത്തിയ റഫീഖ്, നസീര്‍, ബാസിത്, മുരളി, അബ്ദുല്ല, മുഹമ്മദ്, സക്കരിയ്യ തുടങ്ങിയ ഏഴ് യുവാക്കളാണ് തരിശായി കിടന്ന വയലില്‍ നെല്‍ കൃഷി ഇറക്കി മാതൃകയായത്. കാസര്‍കോട് ജില്ലയില്‍ മംഗല്‍പാടി പഞ്ചായത്തിലെ പത്താം വാര്‍ഡ് മീപ്പിരി ഹേരൂര്‍ കളഞ്ചാടി വയലില്‍ മുന്നൂറ് ഹെക്ടര്‍ നെല്‍ വയലില്‍ നിന്നും നൂറ്റമ്പതോളം ഹെക്ടറില്‍ കളഞ്ചാടി പാഠശേഖര സമിതിയുടെ കീഴില്‍ കൃഷി ഇറക്കിയത്. വര്‍ഷങ്ങളായി തരിശായിക്കിടന്നിരുന്ന ഭൂമിയിലാണ് യുവാക്കള്‍ പൊന്ന് വിളയിച്ചത്. കൃഷിയോടനുബന്ധിച്ചുള്ള ഭൂരിഭാഗം ജോലികളും ഇവര്‍ സ്വന്തമായിട്ട് തന്നെയാണ് ചെയ്തത്. കൃഷി അധികൃതര്‍ കൂടി സഹകരിച്ചാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നിലങ്ങളില്‍ കൂടി കൃഷി ഇറക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇവര്‍ പറയുന്നു.ഇപ്പോള്‍ കീടങ്ങളുടേയും പുഴുക്കളുടേയും ശല്യം കാരണം ബുദ്ധിമുട്ടുന്ന ഈ യുവ കര്‍ഷകര്‍ക്ക് കൃഷി ഓഫിസില്‍ നിന്നും കാര്യമായ സഹായങ്ങളൊന്നും ലഭിച്ചിരുന്നില്ല. ജോലിക്കാരുടെ അഭാവം പരിഹരിക്കാനും ജോലി ഭാരം കുറക്കാനുമായി ട്രാക്ടര്‍ മുതലായ ഉപകരണങ്ങള്‍ വാങ്ങാന്‍ മംഗല്‍പാടി പഞ്ചായത്ത് കളഞ്ചാടി പാടശേഖര സമിതിക്ക് 12 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. എന്നാല്‍ ആകെ തുകയുടെ 25 ശതമാനം കര്‍ഷകരുടെ കയ്യില്‍ നിന്നും കെട്ടിവെക്കണമെന്ന സര്‍ക്കാറിന്റെ പുതിയ നിര്‍ദ്ദേശം വന്നത് യുവ കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കറന്‍സി നിരോധനവും നിയന്ത്രണവും ഇവരെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. സ്ഥിരമായ വേലി സംവിധാനമില്ലാത്തതിനാല്‍ കാട്ടു പന്നികളും കന്നുകാലികളും വയലിലിറങ്ങി കൃഷി നശിപ്പിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക