|    Jan 20 Fri, 2017 11:35 am
FLASH NEWS

കാര്‍ഷിക വായ്പ; അധിക പലിശ തിരികെ നല്‍കാന്‍ജില്ലാ ബാങ്ക് തീരുമാനം

Published : 1st October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് കാര്‍ഷിക ലോണുകള്‍ക്ക് അധികമായി വാങ്ങിയ പലിശ തിരികെ നല്‍കാന്‍ ജില്ലാ ബാങ്ക് ജനറല്‍ബോഡി തീരുമാനിച്ചു. അനധികൃത പലിശ വാങ്ങി കര്‍ഷകരെ കൊള്ളയടിക്കുന്ന നടപടിക്കെതിരേ നിരവധി പരാതികള്‍ ഇടതുപക്ഷം ഭരിക്കുന്ന പ്രാഥമിക സംഘങ്ങള്‍ മുമ്പ് കൊടുത്തിരുന്നുവെങ്കിലും ജില്ലാ ബാങ്ക് ഭരണസമിതി അവഗണിക്കുകയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷവും ജില്ലയിലെ കര്‍ഷകരെ വഞ്ചിച്ചു. വ്യാഴാഴ്ച നടന്ന വാര്‍ഷിക ജനറല്‍ബോഡിയില്‍ കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് ചന്ദ്രനും കോട്ടത്തറ ബാങ്ക് പ്രസിഡന്റ പി സുരേഷും പ്രാഥമിക സഹകരണബാങ്കുകളില്‍നിന്നും വാങ്ങിയ അധികപലിശ തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിച്ചു. ഇതു ബാങ്ക് ഭരണസമിതിക്ക് അംഗീകരിക്കേണ്ടിയും വന്നു.ജില്ലാ സഹകരണ ബാങ്കുകളില്‍നിന്നും പ്രാഥമിക ബാങ്കുകള്‍ക്ക് നല്‍കേണ്ട പലിശ നിരക്ക് അഞ്ചു ശതമാനം നിശ്ചയിച്ച് 2009ല്‍ ഉത്തരവിറങ്ങിയിരുന്നു. ജില്ലാ സഹകരണ ബാങ്ക് ഈ ഉത്തരവ് മറികടന്ന് സംസ്ഥാന സഹകരണ ബാങ്കില്‍നിന്നും 4.25 ശതമാനം പലിശയ്ക്ക് ലഭിക്കുന്ന കാര്‍ഷിക വായ്പ ജില്ലയിലെ മുഴുവന്‍ പ്രാഥമിക ബാങ്കുകള്‍ക്കും 2011-12ല്‍ 6.25 ശതമാനവും 2013 മുതല്‍ 2016വരെ 6.50 ശതമാനവും 2016-17ല്‍ 6 ശതമാനം പലിശയ്ക്കുമാണ് അനുവദിച്ചത്. പ്രാഥമിക ബാങ്കുകള്‍ 7 ശതമാനം നിരക്കിലാണ് വായ്പ നല്‍കിയത്. ഇതിന്റെ ഭാഗമായി ആറു ശതമാനം നിരക്കില്‍ കിട്ടേണ്ട വായ്പയാണ് കര്‍ഷകര്‍ക്ക് 7 ശതമാനത്തിന് ലഭിക്കുന്നത്. ജില്ലയിലെ 26 പ്രാഥമിക ബാങ്കുകളില്‍നിന്നും ഇത്തരത്തില്‍ ഭീമമായ തുകയാണ് ജില്ലാ ബാങ്ക് അധികപലിശയായി വാങ്ങിയിട്ടുള്ളത്. നേരിയ മാര്‍ജിന്‍ മാത്രം ഈടാക്കി വായ്പകള്‍ അനുവദിക്കുന്നതുകൊണ്ടും കാര്‍ഷിക വായ്പകളിലെ കുടിശ്ശിക ക്രമാതീതമായി വര്‍ധിക്കുന്നതുകൊണ്ടും ജില്ലയിലെ മുഴുവന്‍ സഹകരണ സംഘങ്ങളും വന്‍ നഷ്ടത്തിലാണുള്ളത്. കാര്‍ഷിക വായ്പ മുഴുവനായും പലിശരഹിത വായ്പയായി വിതരണംചെയ്യുന്നതുകൊണ്ടും 2013 മുതലുള്ള പലിശ സര്‍ക്കാരില്‍നിന്നും  ലഭിക്കാത്തതിനാലും വലിയ നഷ്ടമാണ് പ്രാഥമിക സംഘങ്ങള്‍ക്കുണ്ടാവുന്നത്. അതിനാല്‍ രജിസ്ട്രാര്‍ ഉത്തരവിന് വിരുദ്ധമായി പ്രാഥമിക സഹകരണ സംഘങ്ങളില്‍നിന്നും ഈടാക്കിയ അധിക പലിശ തിരികെ നല്‍കുന്നതിന് ജനറല്‍ബോഡി തീരുമാനിക്കണമെന്നായിരുന്നു പ്രമേയം. ഇത് അംഗീകരിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക