|    Sep 25 Tue, 2018 12:36 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കാര്‍ഷിക വായ്പകള്‍ക്ക് പലിശയിളവ്

Published : 25th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഭക്ഷ്യധാന്യ വിളകള്‍ക്കായി എടുത്ത കാര്‍ഷിക വായ്പയുടെ രണ്ടുമാസത്തെ പലിശ എഴുതിത്തള്ളാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. സഹകരണ ബാങ്കുകള്‍ വഴി എടുത്ത ഹ്രസ്വകാല വായ്പകളിലെ 2016 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പലിശയായിരിക്കും എഴുതിത്തള്ളുക. ഈ തുക കര്‍ഷകര്‍ക്കു നബാര്‍ഡ് വഴി തിരികെ നല്‍കും. 1060.50 കോടി രൂപയുടെ ബാധ്യതയാണ് ഇതുവഴി സര്‍ക്കാരിനുണ്ടാവുക. നോട്ട് നിരോധനത്തിന്റെ ഭാഗമായി സഹകരണ ബാങ്കുകളില്‍ പണത്തിന് കുറവുണ്ടാവുകയും അതുമൂലം കാര്‍ഷിക വായ്പകള്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് വഴി കൂടുതല്‍ സഹായം ലഭ്യമാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പലിശസഹായ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 15,000 കോടി രൂപ ഇതിനകം വിനിയോഗിച്ചിട്ടുണ്ട്. രാജ്യത്തെ ഗ്രാമീണ പാര്‍പ്പിടങ്ങള്‍ക്കായി പ്രത്യേക പദ്ധതിക്ക് രൂപം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതിയുടെ കീഴില്‍ കേന്ദ്രം പലിശസബ്‌സിഡി നല്‍കും. ഗ്രാമീണമേഖലയില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ ഉള്‍പ്പെടാത്തവര്‍ക്കാണ് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനും നിലവിലുള്ള വീടുകള്‍ പുതുക്കുന്നതിനും പദ്ധതി പ്രകാരം വായ്പ ലഭിക്കും. രണ്ടു ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് പലിശയുണ്ടാവില്ല. ദേശീയ ഭവന ബാങ്കാണ് പദ്ധതി നടപ്പാക്കുക. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട യുനൈറ്റഡ് നാഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വന്‍ഷന്റെ ഭാഗമായുള്ള ക്യോട്ടോ പ്രോട്ടോകോള്‍ അംഗീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹരിതഗൃഹവാതകം പുറന്തള്ളുന്നതുമായി ബന്ധപ്പെട്ടതാണ് ക്യോട്ടോ പ്രോട്ടോകോള്‍. 65 രാജ്യങ്ങള്‍ ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഐഐഎമ്മുകള്‍ക്ക് ഡിപ്ലോമയ്ക്ക് പകരം ബിരുദം നല്‍കാന്‍ അനുമതി നല്‍കുന്ന ഐഐഎം ബില്ലിനും കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ബില്ല് പ്രകാരം ഐഐഎമ്മുകള്‍ക്ക് സ്വതന്ത്ര അധികാരമുണ്ടാവും. ബോര്‍ഡായിരിക്കും ഭരണസമിതി. സ്വതന്ത്ര ഏജന്‍സി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവലോകനം നടത്തണം. അവരുടെ കണ്ടെത്തലുകള്‍ പരസ്യപ്പെടുത്തണം. സ്ഥാപനത്തിന്റെ വാര്‍ഷിക റിപോര്‍ട്ടുകള്‍ പാര്‍ലമെന്റില്‍ വയ്ക്കണം.  ഐഐഎമ്മുകളെ പരസ്പരം ബന്ധിപ്പിക്കാനുള്ള കോ-ഓഡിനേഷന്‍ ഫോറമുണ്ടാകും. അത് ഉപദേശക സമിതിയായും പ്രവര്‍ത്തിക്കും. വരിഷ്ഠ പെന്‍ഷന്‍ ബീമ യോജന പദ്ധതിക്കും പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എല്‍ഐസി)യിലൂടെ ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന പദ്ധതി 60 വയസ്സിനു മുകളിലുള്ളവരുടെ സാമൂഹിക സുരക്ഷയ്ക്കുള്ളതാണ്. നിശ്ചിത പെന്‍ഷന്‍ ഉറപ്പ് നല്‍കുന്നതാണ് വരിഷ്ഠ പെന്‍ഷന്‍ ബീമ യോജന പദ്ധതി. പ്രവാസി വോട്ടവകാശം സംബന്ധിച്ച വിഷയങ്ങള്‍ മന്ത്രിസഭ പരിഗണിച്ചില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss