|    Jan 20 Fri, 2017 11:46 pm
FLASH NEWS

കാര്‍ഷിക മേഖലയ്ക്ക് കോടികളുടെ നഷ്ടം

Published : 11th November 2015 | Posted By: SMR

അമ്പലപ്പുഴ: ഈര്‍പ്പത്തിന്റെ പേര് പറഞ്ഞ് നെല്ലിന് പരമാവധി കിഴിവ് ആവശ്യപ്പെട്ട് കര്‍ഷകരെ ചൂഷണം ചെയ്യുകയാണ് മില്ലുടമകള്‍. സിവില്‍ സപ്ലൈസ് അധികൃതരും ഇതിന് കൂട്ടുനില്‍ക്കുന്നതോടെ കാര്‍ഷികമേഖലയ്ക്ക് കോടികളുടെ നഷ്ടം സംഭവിക്കുന്നു. ജില്ലയില്‍ തുടരുന്ന നെല്ല് സംഭരണം അട്ടിമറിക്കുകയാണെന്ന ആക്ഷേപം ശക്തമായി.
നേരത്തെ പാഡി ഓഫിസര്‍മാര്‍ക്കായിരുന്നു നെല്ല് സംഭരണച്ചുമതല. എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് സിവില്‍ സപ്ലൈസിന്റെ എറണാകുളത്തെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് നെല്ലെടുക്കാന്‍ മില്ലുടമകളെ ചുമതലപ്പെടുത്തിയിരിക്കുന്നത്.ഇത് ഈ രംഗത്ത് വന്‍ അഴിമതിക്ക് കളമൊരുക്കുമെന്ന് ആരോപണമുയര്‍ന്നുകഴിഞ്ഞു. വന്‍ കുത്തകകളാണ് ഇത്തവണ നെല്ല് സംഭരണത്തിന്റെ ചുമതലയേറ്റെടുത്തിരിക്കുന്നത്. സാധാരണ കര്‍ഷകരെ ചൂഷണം ചെയ്യാന്‍ മല്‍സരിക്കുകയാണ് സ്വകാര്യ മില്ലുടമകള്‍. ഈര്‍പ്പത്തിന്റെ പേര് പറഞ്ഞ് 15 കിലോ വരെ കിഴിവാണ് മില്ലുടമകള്‍ ആവശ്യപ്പെടുന്നത്.
ഈര്‍പ്പമില്ലാത്ത നല്ല നെല്ലുപോലും ഈ രീതിയിലുള്ള കിഴിവില്‍ നല്‍കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയാണ്. ചില പാടശേഖരങ്ങളില്‍ തുടക്കത്തില്‍ ആറും എട്ടും കിലോ വരെ കിഴിവില്‍ നെല്ലെടുപ്പ് ആരംഭിച്ചിട്ട് ഈര്‍പ്പത്തിന്റെ പേരില്‍ ഇത് 10 ഉം 15 ഉം കിലോവരെ ആവശ്യപ്പെടാന്‍ തുടങ്ങി. കര്‍ഷകര്‍ ഇത് അംഗീകരിക്കാതെ വന്നതോടെ സംഭരണം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് മില്ലുടമകള്‍.
ഏക്കറിന് 35000 രൂപവരെ ചെലവില്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ കൊയ്ത്തിന് ശേഷം കണ്ണീരോടെയാണ് കളമൊഴിയുന്നത്. കര്‍ഷകരെ ചൂഷണം ചെയ്ത് കോടികള്‍ സമ്പാദിക്കുന്ന മില്ലുടമകള്‍ ഇതിന്റെ ഒരു വിഹിതം സിവില്‍ സപ്ലൈസ് അധികൃതര്‍ക്കും കൈമാറുന്നുണ്ട്.
ഇതിന്റെ തെളിവാണ് കുന്നുമ്മയില്‍ നടന്ന സംഭവം. ഇവിടെ ഗുണമേന്മയുള്ള നെല്ല് 15 കിലോ കിഴിവില്‍ എടുക്കാമെന്ന് മില്ലുടമകള്‍ പറഞ്ഞത് കര്‍ഷകര്‍ അംഗീകരിച്ചില്ല. ഈ പാടശേഖരത്തിലെ നെല്ല് എടുക്കേണ്ടെന്ന് തൊട്ടടുത്ത ദിവസം പാഡി ഓഫിസര്‍ക്ക് സിവില്‍സപ്ലൈസ് മാനേജിങ് ഡയറക്ടര്‍ ഉത്തരവ് നല്‍കി. സംസ്ഥാനത്തെ പ്രമുഖ കമ്പനിയാണ് ഇവിടെ നെല്ലെടുക്കാന്‍ ആദ്യം എത്തിയത്. ലക്ഷങ്ങള്‍ ചെലവഴിച്ച് കൃഷി നടത്തുന്ന കര്‍ഷകര്‍ ഒടുവില്‍ നെല്ല പാടത്ത് കിടന്ന് നശിക്കാതിരിക്കാന്‍ ഗതികേടു കൊണ്ട് മില്ലുടമകള്‍ ആവശ്യപ്പെടുന്ന കിഴിവില്‍ നല്‍കുകയാണ്.
മഴ പെയ്താല്‍ മില്ലുടമകള്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെടും. നെല്ല് ഉണക്കിയെടുക്കാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന കര്‍ഷകരെയാണ് ഈ രീതിയില്‍ കൂടുതല്‍ ചൂഷണം ചെയ്യുന്നത്. ഗുണമേന്മയുള്ള നെല്ല് തങ്ങളുടെ ബ്രാന്‍ഡ് അരിയാക്കിയശേഷം ഗുണനിലവാരം കുറഞ്ഞ നെല്ലാണ് മില്ലുടമകള്‍ സര്‍ക്കാരിന് നല്‍കുന്നത്.
കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്നെടുക്കുന്ന ഒരു മണിനെല്ലുപോലും മില്ലുടമകള്‍ സര്‍ക്കാരിലേക്ക് നല്‍കാറില്ല. പകരം ആന്ധ്രയില്‍നിന്ന് ലഭിക്കുന്ന ഒരു രൂപയുടെ അരിയില്‍ തവിടും വെളിച്ചെണ്ണയും ചേര്‍ത്ത് യന്ത്രത്തിലൂടെ പാകപ്പെടുത്തിയാണ് സര്‍ക്കാരിന് നല്‍കുന്നത്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഈ ചൂഷണം നടക്കുന്നത്. പാടശേഖരങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നെല്ല് കെട്ടിക്കിടന്നിട്ടും ഇവ സംഭരിക്കാന്‍ മില്ലുടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കാത്തതിന് പിന്നിലും അഴിമതിയാണ് മണക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക