പത്തനംതിട്ട: കാര്‍ഷിക മേഖലയിലെ വികസനം ലക്ഷ്യമിട്ട് സമഗ്ര നെല്‍ക്കൃഷി വികസനത്തിനായി ഒരുകോടി രൂപയും ജൈവകൃഷി പ്രോല്സാഹനത്തിന് 58 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് വകയിരുത്തി. കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമമേഖലകളിലും മാലിന്യ നിര്മാര്ജനരംഗത്തും മുന്തിയ പരിഗണന നല്‍കിയുള്ള പദ്ധതിക്ക് ഇന്നലെചേര്‍ന്ന വികസന സെമിനാര്‍ അംഗീകാരം നല്കി. 61,14,82,000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.
വികസനഫണ്ട്, മെയിന്റനന്‍സ് ഗ്രാന്റുകള്‍ ഉള്‍പ്പെടെയുള്ള വിഭവസ്രോതസില് ഊന്നിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. വയോധികരുടെ ക്ഷേമം പദ്ധതികള്‍ക്ക് 1,36,81,100 രൂപയും ഭിന്നശേഷിയുള്ളവര്‍, കുട്ടികള്‍ എന്നിവര്‍ക്കായി 13,68,100 രൂപയും മാലിന്യനിര്‍മാര്‍ജനത്തിന് 2,29,11,300 രൂപയും വനിതാക്ഷേമത്തിന് 2,73,62,200 രൂപയുമാണ് പദ്ധതിയിലുള്ളത്. കാര്‍ഷിക മേഖലയ്ക്കൊപ്പം മല്‍സ്യകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനായി ഒരുനെല്ലും ഒരുമീനും പദ്ധതിയില്‍ 10 ലക്ഷം രൂപയും വകകൊള്ളിച്ചു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സീഡ്ഫാമുകളുടെ നവീകരണത്തിന് 25 ലക്ഷം രൂപയാണ് വകയിരുത്തിയത്. വരട്ടാര്‍ പുനരുദ്ധാരണത്തിനും വരാല്‍ച്ചാല്‍ സംരക്ഷണത്തിനുമായി ഗ്രാമപഞ്ചായത്തുകളുടെയും ഇതര സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തില്‍ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലാപ്പഞ്ചായത്ത് 30 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള 46 സ്കൂളുകളുടെയും അടിസ്ഥാനസൗകര്യ വികസനത്തിനായി ഓരോ സ്കൂളില്‍ നിന്നു വിവരശേഖരണം നടത്തിയും വികസന പദ്ധതികള്‍ തയ്യാറാക്കി. ആയുര്‍വേദം, അലോപ്പതി, ഹോമിയോ ജില്ലാ ആശുപത്രികള്‍ അക്രഡിറ്റഡ് നിലവാരത്തിലേക്ക് എത്തിക്കാന്‍ സമഗ്രപദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ആര്‍ട്ടിഫിഷ്യല്‍ ലിംഫ് യൂനിറ്റിനുവേണ്ടിയും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് യൂനിറ്റിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനു വേണ്ടിയുള്ള പദ്ധതിയുണ്ട്. അയിരൂരിലെ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ അടിസ്ഥാന സൗകര്യവികസനത്തിനും ലിഫ്റ്റ് സ്ഥാപിക്കുന്നതിനുമാണ് തുക വിനിയോഗിക്കുന്നത്. ജില്ലാ ഹോമിയോ ആശുപത്രിയുടെ സമഗ്രവികസനത്തിനുള്ള പദ്ധതിയും ഉള്‍പ്പെടുത്തി.
വിഭിന്നശേഷിക്കാര്‍ക്കുള്ള ട്രൈസ്കൂട്ടര്‍ വിതരണത്തിന് ഇക്കൊല്ലം 35 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായും നിരവധി പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. അതിക്രമങ്ങള്‍ക്കിരയാകുന്ന കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ അതിജീവനം പദ്ധതിക്ക് തുടക്കം കുറിക്കും. സ്വന്തമായി സ്ഥലമുള്ള അങ്കണവാടികള്‍ക്ക് കെട്ടിടനിര്‍മാണത്തിനു പണം നീക്കിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള റോഡുകള്‍ക്ക് പശ്ചാത്തലമേഖലയില്‍ നിന്നു
തുക വിനിയോഗിക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ടാറിംഗ് നടത്താനുള്ള വികസനഫണ്ട് നീക്കിവച്ചിട്ടുണ്ട്. കോണ്‍ക്രീറ്റ് ചെയ്യേണ്ട ഭാഗങ്ങള്‍ അത്തരത്തില്‍തന്നെ പൂര്‍ത്തീകരിക്കാനുള്ള തീരുമാനമാണ് ഇക്കൊല്ലമെടുത്തിരിക്കുന്നത്. ജില്ലയില്‍ വൈദ്യുതി എത്താത്ത ഉള്‍പ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനു കെഎസ്ഇബിക്ക് ഡെപ്പോസിറ്റായി പണം. നല്‍കാനുള്ള പദ്ധതിയും തയാറാക്കി. ജില്ലയിലെ പ്രധാന ജലസ്രോതസുകളെ പ്രയോജനപ്പെടുത്തി മിനി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകളും കെഎസ്ഇബി സഹായത്തോടെ സോളാര്‍ പാനലുകളും സ്ഥാപിക്കാന്‍ പദ്ധതി നിര്‍ദേശമുണ്ട്. മാലിന്യസംസ്കരണ പദ്ധതികള്‍ ഏറ്റെടുക്കുന്നതോടൊപ്പം അറവുശാലകള്‍, പൊതുശ്മശാനം, മൊബൈല്‍ ക്രിമറ്റോറിയം എന്നിവയ്ക്കും പദ്ധതി വിഹിതമുണ്ടാകും.
വഞ്ചിപ്പാട്ടു കളരിക്ക് സര്‍ക്കാര്‍ അനുമതിയോടെ ഇത്തവണയും സഹായം നല്കാന് നിര്‍ദേശമുണ്ട്. ആംഗന്‍വാടികളില്‍ ബേബി ഫ്രണ്ട്ലി ടോയ്ലറ്റുകള്, സ്കൂളുകളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍, വൃത്തിയുള്ള ടോയ്ലറ്റുകള് എന്നിവ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. പട്ടികജാതി വിഭാഗത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും കംപ്യൂട്ടര്‍ അധിഷ്ഠിത കോഴ്സ് ചെയ്യുന്നവര്‍ക്കും പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്കും ലാപ്ടോപ് നല്കുന്ന പദ്ധതിയും പഠനകൃതി പദ്ധതിയും ഇക്കൊല്ലവും ഉണ്ടാവും. ഐഎവൈ ഭവനപദ്ധതിയില്‍ നല്‍കാനുള്ള കുടിശിക ഇനത്തിലെ നാലുകോടി രൂപയോടൊപ്പം പിഎംഎവൈയ്ക്കു നടപ്പു സാമ്പത്തികവര്‍ഷം തുക നല്‍കും. ഇതിലൂടെ എല്ലാവര്ക്കും പാര്‍പ്പിടം എന്ന പദ്ധതിയില്‍ നിര്‍മാണം പാതിവഴിയില്‍ മുടങ്ങിപ്പോയ കുടുംബങ്ങള്‍ക്കു പദ്ധതി പ്രയോജനപ്പെടുത്താനാണ് ആലോചന.
ജില്ലാ പഞ്ചായത്ത് റോയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, വീണാ ജോര്‍ജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ ജി അനിത, എലിസബത്ത് അബു, ലീലാ മോഹന്‍, അഡ്വ. റെജി തോമസ്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.