|    Sep 25 Tue, 2018 4:22 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി : സഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

Published : 11th May 2017 | Posted By: fsq

 

തിരുവനന്തപുരം: കാര്‍ഷികമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയസഭയില്‍ നിന്നും ഇറങ്ങിപ്പോയി. കെ എം മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് അംഗങ്ങളും വാക്കൗട്ട് നടത്തി. അടുത്തവര്‍ഷം മുതല്‍ നെല്ലിന്റെ വില സംഭരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സഹകണ ബാങ്കുകളുമായി ചേര്‍ന്ന് ഇതിനായി പ്രത്യേക സ്‌കീം നടപ്പാക്കും. റബര്‍ പ്രൊഡക്ഷന്‍ ഇന്‍സന്റീവ് സ്‌കീം അനുസരിച്ച് ഒരു വര്‍ഷത്തിനകം 748 കോടി രൂപ കര്‍ഷകര്‍ക്ക് കൈമാറി. ഇനി നല്‍കാനുള്ള ആറ് കോടി രൂപ കൂടി ഉടന്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. മുന്‍ യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ചതും എന്‍ഡിഎ സര്‍ക്കാര്‍ തുടരുന്നതുമായ വാണിജ്യ കരാറുകളാണ് കാര്‍ഷിക മേഖലയിലെ തകര്‍ച്ചയുടെ പ്രധാന കാരണം. ആര്‍സിപി കരാര്‍ കൂടി വരുന്നതോടെ കുരുമുളകടക്കം എല്ലാ ഉല്‍പന്നങ്ങളും യഥേഷ്ടം ഇറക്കുമതി ചെയ്യുന്ന സാഹചര്യം വരും. സ്വാഭാവിക റബറിന്റെ ഇറക്കുമതി നിര്‍ത്തണമെന്നും താങ്ങുവില നിശ്ചയിക്കണമെന്നുമാവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തിയിട്ടും യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇതേ നിലപാടാണ് ബിജെപി സര്‍ക്കാരും പിന്തുടരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.റബര്‍ ബോര്‍ഡ് ക്ലെയിം സമര്‍പ്പിക്കുന്ന മുറയ്ക്ക് പ്രൊഡക്ഷന്‍ ഇന്‍സന്റീവ് സ്‌കീം പ്രകാരം രണ്ടാഴ്ചയിലൊരിക്കലാണ് റബര്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി തുക നല്‍കുന്നത്. എസ്ബിടി- എസ്ബിഐ ലയനസമയത്ത് മാത്രമാണ് ചെറിയ കാലതാമസം നേരിട്ടത്. നോട്ടുനിരോധന സമയത്ത് സ്റ്റോക്ക് വര്‍ധിച്ചതാണ് കുരുമുളക് വില കുറയാന്‍ കാരണം. ഇറക്കുമതി വര്‍ധിച്ചതും വിലക്കുറവിന് ഇടയാക്കി. റബര്‍ ബോര്‍ഡിന്റെ ആസ്ഥാനവും റീജ്യനല്‍ ഓഫിസുകളും മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. റബര്‍ കര്‍ഷകര്‍ക്ക് 5.36 കോടി രൂപയുടെ ഇടവിള കൃഷി സ്‌കീം ഈ വര്‍ഷം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്ത് നിന്ന് സണ്ണി ജോസഫാണ് അടിയന്തര പ്രമേയാവതരണത്തിന് നോട്ടീസ് നല്‍കിയത്. റബറും കുരുമുളകും അടക്കമുള്ള കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് സണ്ണിജോസഫ് കുറ്റപ്പെടുത്തി.  റബറിന്റെ വില കുറയുമ്പോള്‍ ടയറിന്റെ വില കൂടുകയാണ്. റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും സണ്ണിജോസഫ് കുറ്റപ്പെടുത്തി. റബര്‍ നയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിസംഘം ഡല്‍ഹിയിലേക്ക് പോവണമെന്ന് കെ എം മാണിയും ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷവും കേരളാ കോണ്‍ഗ്രസ്സും വാക്കൗട്ട് നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss