|    Dec 12 Tue, 2017 9:48 pm
FLASH NEWS
Home   >  National   >  

കാര്‍ഷിക-നിര്‍മാണ-വ്യാപാരമേഖലകള്‍ സ്തംഭിച്ചു; നാട്ടിന്‍പുറങ്ങള്‍ പട്ടിണിയിലേക്ക്

Published : 17th November 2016 | Posted By: G.A.G

cow-village

നോട്ട് അസാധുവാക്കല്‍ മൂലം രാജ്യത്തെ നിര്‍മാണമേഖലയും കാര്‍ഷികവിപണിയും വ്യാപാരമേഖലയും ഒറ്റയടിക്ക് സ്തംഭിച്ചതോടെ ലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങള്‍ പട്ടിണിയിലേക്ക്. കാര്‍ഷികോല്‍പന്നങ്ങളുടെ വില്‍പന സുഗമമായി നടക്കാത്തതാണ് കാര്‍ഷികമേഖലയെ വെട്ടിലാക്കിയതെങ്കില്‍ കറന്‍സിക്ഷാമത്തെത്തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കാത്തതും സിമന്റും കമ്പിയും കല്ലുമുള്‍പ്പടെയുള്ള നിര്‍മാണസാമഗ്രികള്‍ വാങ്ങിക്കാനാവാത്തതുമാണ് നിര്‍മാണമേഖലയ്ക്ക് വലിയ തിരിച്ചടിയായത്. കച്ചവടം 25 ശതമാനം കുറഞ്ഞതായാണ് കേരള സര്‍ക്കാരിന്റെ വിലയിരുത്തലെങ്കില്‍ യഥാര്‍ഥ ചിത്രം ഇതിലും ദയനീയമാണ്.
രാജ്യത്ത് ഏറ്റവുമധികം കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നു എന്നാരോപിക്കപ്പെടുന്ന നിര്‍മാണമേഖലയില്‍ സര്‍ക്കാരിന്റെ പുതിയ നടപടി കടുത്ത ആഘാതമാണുണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ ഇതിന്റെയെല്ലാം പ്രത്യാഘാതങ്ങള്‍ ആദ്യം അനുഭവിച്ചുതുടങ്ങിയത് നാട്ടിന്‍പുറങ്ങളില്‍ നിന്നും നഗരങ്ങളിലെത്തി കെട്ടിടനിര്‍മാണരംഗത്ത് കൂലിത്തൊഴില്‍ ചെയ്തു ജീവിക്കുന്ന നിര്‍ധനരെയാണ്. ഫ്ഌറ്റുകളും വ്യാപാരസമുച്ചയങ്ങളുമുള്‍പ്പടെയുള്ള വന്‍കിട കെട്ടിടങ്ങളുടെയെല്ലാം നിര്‍മാണം ഏതാണ്ട് അനിശ്ചിതാവസ്ഥയിലാണ്.

നോട്ട് ക്ഷാമം മറ്റ് കച്ചവടങ്ങളെ ബാധിച്ചതോടെ സാമ്പത്തിക തകര്‍ച്ച അനുഭവപ്പെട്ടു തുടങ്ങിയവര്‍ തങ്ങള്‍ ആരംഭിച്ച നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം തല്‍ക്കാലത്തേക്കെങ്കിലും നിറുത്തിവെച്ചിരിക്കുകയാണ്. ഇതും കൂലിപ്പണിക്കാരുടെ വയറ്റത്തടിച്ചുതുടങ്ങി. കരാറുകാര്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കാനാവാതെ ബുദ്ധിമുട്ടുകയാണെന്നാണ് റിപോര്‍ട്ടുകള്‍. ജനങ്ങള്‍ ആഡംബരങ്ങള്‍ ഒഴിവാക്കി അത്യാവശ്യങ്ങള്‍ക്കു മാത്രമായി പണം ഉപയോഗിക്കുന്ന അവസ്ഥ വന്നതോടെ പഴം, ബേക്കറി, ടെക്‌സ്റ്റൈല്‍ കടകളും ഈച്ചയാട്ടി ഇരിക്കേണ്ട ഗതികേടിലാണ്.

പെട്ടെന്ന് നശിച്ചു പോകുന്ന മീന്‍, പഴം, പച്ചക്കറി കച്ചവടക്കാര്‍ക്ക് നോട്ട് ക്ഷാമം കച്ചവടം കുറച്ചതിന് പുറമെ വലിയ നഷ്ടവും വരുത്തുന്നുണ്ട്. ക്ച്ചവടം  കുറഞ്ഞതോടെ  മൂന്നും നാലും തൊഴിലാളികളെ ജോലിക്കു നിറുത്തിയിരുന്ന ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ നഷ്ടം കുറയ്ക്കാന്‍ ദിവസക്കൂലിക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതോടെ ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളും പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുകയാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക