|    Oct 18 Thu, 2018 5:42 am
FLASH NEWS

കാര്‍ഷിക നഷ്ടപരിഹാരം: കുടിശ്ശിക ഉടന്‍ വിതരണം ചെയ്യും- മന്ത്രി

Published : 28th January 2017 | Posted By: fsq

 

അമ്പലവയല്‍: ജില്ലയ്ക്ക് കാര്‍ഷിക നഷ്ടപരിഹാരമായി പ്രഖ്യാപിച്ച 18 കോടി രൂപയില്‍ ശേഷിക്കുന്ന ഒമ്പതു കോടി രൂപ ഉടന്‍ വിതരണം ചെയ്യുമെന്നും അതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായും കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അറിയിച്ചു. മേഖലാ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുഷ്പമേള ‘പൂപ്പൊലി 2017’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  വരള്‍ച്ച ഒരു പാഠമാണ്. അതിന്റെ കാരണങ്ങളും കാലാവസ്ഥാമാറ്റങ്ങളും ഗൗരവമായി വിലയിരുത്തി  കൃഷിരീതികളിലും മാറ്റംവരുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഹരിതകേരളം’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്നു മികച്ച കായ്ഫലമുള്ള ഒരു ലക്ഷം പ്ലാവിന്‍തൈകള്‍ ഉല്‍പാദിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ലക്ഷക്കണക്കിന് കാഴ്ചക്കാര്‍ ഒഴുകിയെത്തുന്ന ഇത്തരം മേളകള്‍ മികച്ച കാര്‍ഷികസന്ദേശം നല്‍കാന്‍ പൊതുജനങ്ങളുമായി ബന്ധപ്പെടാനുള്ള അവസരങ്ങളാണ്. അവ ഫലപ്രദമായി ഉപയോഗിക്കണം. മേള കണ്ടിറങ്ങുന്ന ഓരോരുത്തരെയും കൃഷിയില്‍ താല്‍പര്യമുള്ളവരാക്കി മാറ്റുന്ന വിധത്തില്‍ മേള ആകര്‍ഷകവും സമഗ്രവുമാക്കണം. എല്ലാ വര്‍ഷവും ഒരേ തിയ്യതികളില്‍ മേള സംഘടിപ്പിക്കാനായാല്‍ അതുവഴി ലോക ടൂറിസം മാപ്പില്‍ തന്നെ മേളയ്ക്ക് ഇടം നേടാനാവും. വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്കു വരുന്ന സഞ്ചാരികളുടെ അജണ്ടകളിലൊന്നായി മേളയെ മാറ്റിയെടുക്കണം. 1,500ലധികം ഇനങ്ങളുള്ള റോസ് ഗാര്‍ഡന്‍ ഊട്ടിയിലെ റോസ് ഗാര്‍ഡനോട് കിടപിടിക്കുന്നതാണ്. എന്നാല്‍, ഇതിന്റെ സാധ്യതകള്‍ നാം പ്രയോജനപ്പെടുത്തുന്നില്ല. ജില്ലയിലെ കാലാവസ്ഥ, പരിസ്ഥിതി, മണ്ണ് തുടങ്ങിയവയുടെ പ്രത്യേകതകള്‍ക്കനുസരിച്ച് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കൃഷിരീതികളും മറ്റു പദ്ധതികളും ആവിഷ്‌കരിച്ച് ഫലപ്രദമായി നടപ്പാക്കിയാല്‍ അതിനെ മാതൃകാ കാര്‍ഷിക ഗവേഷണ കേന്ദ്രമാക്കി മാറ്റിയെടുക്കാന്‍ സാധിക്കും. ഒരിഞ്ചു ഭൂമി പോലും വെറുതെയിടുന്നില്ലെന്ന് ഉറപ്പാക്കണം. കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള വയലില്‍ വയനാടിന്റെ തനത് നെല്ലിനങ്ങള്‍ വളര്‍ത്താനായാല്‍ അതു കേന്ദ്രത്തിന്റെ മുഖച്ഛായ തന്നെ മാറ്റും. കാര്‍ഷികരംഗത്ത് കണ്ടുപിടിത്തങ്ങള്‍ നടത്തുന്നവരെ പരമാവധി പ്രോല്‍സാഹിപ്പിക്കണം- മന്ത്രി ആവശ്യപ്പെട്ടു. കാര്‍ഷിക സര്‍വകലാശാലാ ഭരണസമിതി അംഗം കൂടിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഒല്ലൂര്‍ എംഎല്‍എ കെ രാജന്‍ സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എന്‍ പി കുഞ്ഞുമോള്‍ കിസാന്‍ മേള ഉദ്ഘാടനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss