|    Oct 19 Thu, 2017 3:30 am
FLASH NEWS

കാര്‍ഷിക ചെലവ് 30 ശതമാനം വരെ കുറയ്ക്കും: മന്ത്രി സുനില്‍കുമാര്‍

Published : 7th October 2017 | Posted By: fsq

 

തിരുവല്ല: ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഏറ്റവും നൂതനമായ കൃഷിരീതികളും  സാങ്കേതികവിദ്യയും കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍.  ഇതിലൂടെ കാര്‍ഷിക ചെലവ് 10 മുതല്‍ 30 ശതമാനം വരെ കുറയ്ക്കുന്നതിനും 20 മുതല്‍ 40 ശതമാനം  വരെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ 16ാമത് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് കോടി മികച്ച നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള വിഎഫ്പിസികെയുടെ സംവിധാനം ഈ മാസം നടുക്കരയില്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും. ആലത്തൂരിലെ ലാബിലെ ടിഷ്യു കള്‍ച്ചര്‍ വാഴ തൈകളുടെ ഉത്പാദനം നിലവിലുള്ള മൂന്നു ലക്ഷം എന്നത് 10 ലക്ഷമാക്കി ഉയര്‍ത്തും. ഇതിനൊപ്പം കഴക്കൂട്ടത്തെ യൂനിറ്റിലും എറണാകുളത്തെ കാര്‍ഷിക സര്‍വകലാശാല കേന്ദ്രത്തിലെയും വാഴത്തൈ ഉത്പാദനം വര്‍ധിപ്പിക്കും.   ഇതിലൂടെ അടുത്ത വര്‍ഷം സംസ്ഥാനത്തേക്ക് ആവശ്യമായ മികച്ച ഗുണനിലവാരമുള്ള വാഴവിത്ത് പൂര്‍ണമായി ഉത്പാദിപ്പിക്കാന്‍ കഴിയും. എല്ലാ ജില്ലകളിലും ഹോര്‍ട്ടികോര്‍പ്പിന്റെ പുതിയ വിപണന ശാലകള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഹോര്‍ട്ടി കോര്‍പ്പ് കൊട്ടാരക്കരയില്‍ നിന്ന് തളിര്‍ ബ്രാന്‍ഡില്‍ പച്ചകറികള്‍ ഉടന്‍ പുറത്തിറക്കും. ഈ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. വിഎഫ്പിസികെയുടെ പ്രവര്‍ത്തനം  സംസ്ഥാനത്ത് കൂടുതല്‍ വ്യാപിപ്പിക്കുമെന്നും കഴിഞ്ഞ ബജറ്റില്‍ 40 കോടി രൂപ അനുവദിച്ചിരുന്നതായും മന്ത്രി പറഞ്ഞു.  കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. കൃഷി  വകുപ്പ് ഡയറക്ടര്‍ എ എം സുനില്‍കുമാര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ് കെ സുരേഷ്, തിരുവല്ല നഗരസഭ ചെയര്‍മാന്‍ കെ വി വര്‍ഗീസ്, കൗണ്‍സിലര്‍ റീന മാത്യു, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷൈല ജോസഫ്, ഡയറക്ടര്‍മാരായ മാധവന്‍പിള്ള, കെ ജെ റോസമ്മ, സിറിള്‍ കുര്യാക്കോസ്, കെ എന്‍ രാമകൃഷ്ണന്‍, ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ കെ ഷംസുദീന്‍, എ പ്രദീപന്‍, എ ആന്റ് എഫ് ഡയറക്ടര്‍ റെജി ജോര്‍ജ്, സിപിഐ ജില്ലാ സെക്രട്ടറി ഏ പി ജയന്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക