|    Jan 18 Wed, 2017 12:41 am
FLASH NEWS

കാര്‍ഷികാദായത്തിന്റെ മറവില്‍ നികുതി വെട്ടിപ്പെന്ന് സര്‍ക്കാര്‍

Published : 16th March 2016 | Posted By: SMR

ന്യൂഡല്‍ഹി: വരുമാനം കാര്‍ഷികാദായത്തില്‍ നിന്നുള്ളതാണെന്ന് തെറ്റായി കാണിച്ച് നിരവധി പ്രമുഖ വ്യക്തികള്‍ ആദായനികുതി അടയ്ക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയെ അറിയിച്ചു. വന്‍തോതിലുള്ള കള്ളപ്പണം കാര്‍ഷികവരുമാനമാക്കി കാണിച്ച് നികുതിവെട്ടിപ്പ് നടത്തുന്നുവെന്ന വാര്‍ത്തയിലേക്ക് രാജ്യസഭയുടെ ശ്രദ്ധ ക്ഷണിച്ചത് ജെഡിയു, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി അംഗങ്ങളാണ്. സര്‍ക്കാരിനെ കബളിപ്പിക്കുന്ന ഇത്തരം വ്യക്തികളുടെ പേരുകള്‍ പുറത്തുവരുമ്പോള്‍ സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് പറയരുത്. ഇവര്‍ക്കെതിരേ ആദായനികുതി ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. കാര്‍ഷികവരുമാനം ആദായനികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നികുതിവെട്ടിപ്പ് നടത്തുന്ന വരുടെ പേര് പ്രഖ്യാപിക്കണമെന്ന പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം മന്ത്രി തള്ളി. 2000 ലക്ഷം കോടി രൂപ കാര്‍ഷിക വരുമാനമായിക്കാണിച്ച് കബളിപ്പിച്ചതായും അതില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നുമായിരുന്നു ജെഡിയു നേതാവ് ശരത് യാദവ് ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കാനുള്ള ഗൂഢാലോചനയാണിതിനു പിന്നിലെന്ന് സമാജ്‌വാദി പാര്‍ട്ടിയിലെ രാംഗോപാല്‍ ആരോപിച്ചു. സര്‍ക്കാരിന്റെ മറുപടിയില്‍ തൃപ്തരാവാതെ പ്രതിപക്ഷം ബഹളംവച്ചു.
അതിനിടെ, ആദായനികുതി വകുപ്പിനു ലഭിച്ച കണക്കനുസരിച്ച് രാജ്യത്ത് ‘കോടീശ്വരന്മാരായ കര്‍ഷകരുള്ളത്’ ബംഗളുരു, ഡല്‍ഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലാണെന്ന് വ്യക്തമായി. 2007 മുതല്‍ 2016 വരെയുള്ള ഒമ്പത് വര്‍ഷത്തെ കണക്കനുസരിച്ച് ഒരു കോടിയില്‍ കൂടുതല്‍ കാര്‍ഷികവരുമാനം കാണിച്ചവരുടെ എണ്ണമാണ് ആദായവകുപ്പ് പുറത്തുവിട്ടത്. ബംഗളുരുവില്‍ നിന്നു 321 പേരാണ് ഈ വിഭാഗത്തിലുള്ളവര്‍. ഡല്‍ഹി-275, കൊല്‍ക്കത്ത-239, മുംബൈ-212, പൂനെ-192, ചെന്നൈ-181, ഹൈദരാബാദ്-162, തിരുവനന്തപുരം-157, കൊച്ചി-109 എന്നിങ്ങനെയാണ് കണക്ക്. ഈ വിഷയത്തില്‍ പട്‌ന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗമായാണ് കാര്‍ഷികവരുമാനത്തെ ഉപയോഗിക്കുന്നതെന്ന് ആരോപിച്ചിരുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ 2011 മുതല്‍ 2014 വരെ ഇത്തരം കണക്ക് ഹാജരാക്കിയവരെക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക