|    Sep 21 Thu, 2017 1:43 am
Home   >  Todays Paper  >  page 10  >  

കാര്‍ഷികവൃത്തിക്ക് തൊഴില്‍ സേന വരുന്നു

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് കാര്‍ഷിക ക്ഷേമപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി കാര്‍ഷിക ക്ഷേമ ബോര്‍ഡ് രൂപീകരിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. കര്‍ഷക പെന്‍ഷന്‍ വിതരണം ബോര്‍ഡിനെ ഏല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളികേര സംഭരണം നിര്‍ത്തിയിട്ടില്ല.
ഇപ്പോള്‍ 392 കൃഷിഭവനുകള്‍ മുഖേനയാണ് നാളികേരം സംഭരിക്കുന്നത്. ഇത് 500 ആക്കി ഉയര്‍ത്തും. സംസ്ഥാനത്ത് 500 അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കാനും പരിപാടിയുണ്ട്. കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധന നടത്തുമ്പോള്‍ കര്‍ഷകര്‍ക്ക് അതിന്റെ മെച്ചമുണ്ടാവുമെന്ന് ഉറപ്പുവരുത്തും. ഇതിന് മുന്നോടിയായി സംസ്ഥാനാടിസ്ഥാനത്തില്‍ അഞ്ചു ദിവസത്തെ മൂല്യവര്‍ധന ശില്‍പശാല നടത്തും. കാര്‍ഷികവൃത്തിക്ക് ആളെ കിട്ടുന്നില്ലെന്ന പരാതി ഒഴിവാക്കാന്‍ 25 പേരടങ്ങിയ തൊഴില്‍സേന ഉണ്ടാക്കും. വിവിധ കാര്‍ഷിക തൊഴിലുകളില്‍ വൈദഗ്ധ്യം നേടിയവരായിരിക്കും ഇവര്‍. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി ഇ-പ്ലാറ്റ്‌ഫോം രൂപീകരിക്കും. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുമെന്ന് ഉറപ്പാക്കും. എല്ലാ ആഴ്ചയിലും വിപണിയെയും ഉല്‍പാദനത്തെയും മോണിറ്റര്‍ ചെയ്യും.
സംസ്ഥാനത്ത് 50,000 ഹെക്ടറില്‍ ഈ വര്‍ഷം ഇരു പൂകൃഷി നടത്തും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷികനയം രൂപീകരിക്കാന്‍ നിയമിച്ച കൃഷ്ണന്‍ കുട്ടി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഭാഗികമായി നടപ്പാക്കും. കാര്‍ഷികവൃത്തി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കും. ഒന്നാം ക്ലാസ് മുതല്‍ കൃഷി പാഠ്യപദ്ധതിയില്‍ പെടുത്തും. ജൈവകൃഷി പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രമം നടത്തും. കേരളത്തില്‍ നെല്‍കൃഷിപ്പാടങ്ങളുടെ വിസ്തൃതി വ്യാപകമായി കുറഞ്ഞിരിക്കുകയാണ്.
അഞ്ചുവര്‍ഷത്തിനുള്ളില്‍ 3 ലക്ഷം ഹെക്ടറില്‍ നെല്‍കൃഷി വ്യാപിപ്പിക്കും. നാളികേര വികസന ബോര്‍ഡിലേത് ഉള്‍പ്പെടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷികമേഖലയില്‍ നടന്ന എല്ലാതരം അഴിമതിയെക്കുറിച്ചും അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക