|    Sep 26 Wed, 2018 2:42 am
FLASH NEWS

കാര്‍ഷികവിളകള്‍ക്ക് അപൂര്‍വ രോഗം: ശാസ്ത്രസംഘം സന്ദര്‍ശിച്ചു

Published : 31st August 2018 | Posted By: kasim kzm

കുറ്റിയാടി: കിഴക്കന്‍ മലയോര മേഖലയില്‍ കാര്‍ഷിക വിളകള്‍ക്ക് അപൂര്‍വ രോഗം വ്യാപകമായതിനെ തുടര്‍ന്ന് കൃഷി ശാസ്ത്രജ്ഞരും ജനപ്രതിനിധികളും സന്ദര്‍ശനം നടത്തി. പെരുവണ്ണാമൂഴി കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി കെ ജേക്കബ്, ശാസ്ത്രജ്ഞന്‍മാരായ ഡോ.മുഹമ്മദ് നിസാര്‍, ഡോ.പി സി രാധാകൃഷ്ണന്‍, ഡോ. ടി എസ് മനോജ്, ഡോ. കെ കെ ഐശ്വര്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.
കാവിലുംപാറ പഞ്ചായത്തിലെ വട്ടിപ്പന, കരിങ്ങാട്, പൂതം പാറ, പൊയിലോംചാല്‍, ചാപ്പന്‍ തോട്ടം, മുറ്റത്തെ പ്ലാവ് തുടങ്ങിയ പ്രദേശങ്ങളില്‍ ഏക്കറിലധികം വരുന്ന ഗ്രാമ്പു, ജാതിക്ക, സപ്പോട്ട വിളകള്‍ക്കാണ് അപൂര്‍വ രോഗം കണ്ടുതുടങ്ങിയത്. ആരംഭഘട്ടത്തില്‍ ചെടിയുടെ തണ്ടുകളില്‍ ഫംഗസ് ബാധയാണ് ഉണ്ടാവുക. ഈ ഭാഗം വഴി ചില പ്രാണികള്‍ ഉള്ളിലേക്ക് കടന്ന് മുട്ടയിട്ടു പെരുകുന്നു. ഇതേ തുടര്‍ന്ന് മരങ്ങളുടെ ഇലകള്‍ പൂര്‍ണ്ണമായും കൊഴിയുകയും കൊഴുപ്പു കലര്‍ന്ന ദ്രാവകം പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നു.
ഇതോടെ മരം പൂര്‍ണ്ണമായും ഉണങ്ങി ഉല്‍പാദനം നിലക്കുകയും ചെയ്യുന്നു. ഇതുവഴി ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാവുന്നത്. ഇരുനൂറിലധികം വര്‍ഷം വരെ ഉല്‍പാദനം ലഭിക്കുന്ന ഗ്രാമ്പു തോട്ടം കൂട്ടത്തോടെ നശിക്കുന്നത് കര്‍ഷകരെ ആശങ്കയിലാക്കി.
മേഖലയിലെ വിളകളെ ബാധിച്ച രോഗത്തിനു കാരണം കോളിയോ ട്വിറന്‍ വിഭാഗത്തില്‍ പെട്ട തണ്ടുതുരപ്പന്‍ പ്രാണിയെന്നാണ് പ്രാഥമിക നിഗമനം. ഇതിനായി കൂടുതല്‍ പരിശോധന നടത്തും. മഴയുടെ ലഭ്യതകൂടുതലാണ് രോഗം പടരാന്‍ ഇടയാക്കിയതെന്ന് ശാസ്ത്രജ്ഞസംഘം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡണ്ട് അന്നമ്മ ജോര്‍ജ്, കൃഷി ഓഫീസര്‍ എന്‍ കെ ലെനിന, പി പി ചന്ദ്രന്‍, ബോബി മൂക്കന്‍തോട്ടം എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss