|    Sep 24 Mon, 2018 9:32 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കാര്‍ഷികരംഗത്ത് ശ്രദ്ധപതിഞ്ഞപ്പോള്‍

Published : 2nd February 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കെ കാര്‍ഷിക-ഗ്രാമവികസനരംഗങ്ങളില്‍ ശ്രദ്ധപതിപ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ്. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു.  2018ലെ ബജറ്റ് പ്രസംഗത്തില്‍ കര്‍ഷകരുടെ ക്ഷേമത്തിനായി തന്റെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞത്. 2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍  പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുന്നതിനെക്കുറിച്ച് പഠിക്കാനായി രൂപം നല്‍കിയ അശോക് ദല്‍വായ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഇതിനു 6.4 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്. എന്നാല്‍, ഈ വര്‍ഷത്തെ ബജറ്റില്‍ 4,845 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ നീക്കിവച്ചത്. ഇതില്‍ നിന്നുതന്നെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിലുപരി യാതൊരു ഉത്തരവാദിത്തവും കേന്ദ്രസര്‍ക്കാരിനില്ലെന്ന് വ്യക്തമാണ്. മഴക്കാല വിളകള്‍ക്ക് ഉല്‍പാദനച്ചെലവിനേക്കാള്‍ 50 ശതമാനം അധികം താങ്ങുവില ഉറപ്പാക്കുമെന്ന് ജയ്റ്റ്‌ലി പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി ഓപറേഷന്‍ ഗ്രീന്‍ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിക്ക് ബജറ്റ് വിഹിതമായി 500 കോടി നീക്കിവച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി വിപുലീകരിച്ച് ഫിഷറീസ്-മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരെയും ഉള്‍പ്പെടുത്തും. ഫിഷറീസ്-മൃഗസംരക്ഷണ മേഖലയ്ക്ക് ബജറ്റ് വിഹിതം 1000 കോടിയാക്കി. കാര്‍ഷിക ഉല്‍പാദന മേഖലയിലെ കമ്പനികളുടെ നികുതി ഘടന പരിഷ്‌കരിക്കുമെന്നും ജയ്റ്റ്‌ലി വാഗ്ദാനം ചെയ്തു.കാര്‍ഷിക വിപണികളുടെ വികസനത്തിനായി 2000 കോടി രൂപ നീക്കിവയ്ക്കും. 20,000ഓളം വരുന്ന പ്രാദേശിക ചന്തകളെ ഗ്രാമീണ കാര്‍ഷിക കമ്പോളങ്ങളാക്കി വികസിപ്പിക്കും. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ അവസരമൊരുക്കുമെന്നും ജയ്റ്റ്‌ലി പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ കാര്‍ഷിക കമ്പോളപദ്ധതിയായ ഇ നാം വിപുലീകരിച്ച് കര്‍ഷകരെ പങ്കാളികളാക്കും. ഭക്ഷ്യസംസ്‌കരണത്തിനുള്ള കേന്ദ്രവിഹിതം 1400 കോടി വകയിരുത്തി. 42 പുതിയ അഗ്രോ പാര്‍ക്കുകള്‍ തുടങ്ങുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. കാര്‍ഷികരംഗത്തെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തിരിച്ചടികള്‍ നേരിടവെയാണ് പുതിയ ബജറ്റില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഇടം പിടിച്ചത്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ കാര്‍ഷികരംഗത്തു നിന്നുള്ള പ്രതിഷേധം തണുപ്പിക്കാനും ബജറ്റിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും വിലയിരുത്തപ്പെടുന്നു. പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളില്‍ ഒന്ന് മഴക്കാല വിളകളുടെ താങ്ങുവിലയാണ്. എന്നാല്‍ അതിന് വേണ്ടി എത്ര ചെലവു ചെയ്യുമെന്ന് ബജറ്റിലില്ല.94 ശതമാനം കര്‍ഷകര്‍ക്ക് ഈ പ്രഖ്യാപനങ്ങളിലൂടെ ഒന്നുംതന്നെ ലഭിക്കില്ല. പക്ഷേ, 2014ല്‍ ഞങ്ങള്‍ നിങ്ങളോട് വാഗ്ദാനംചെയ്തതാണിതെന്ന്്തിരഞ്ഞെടുപ്പു സമയത്ത് ബിജെപിക്ക് അവകാശപ്പെടാം. എന്നാല്‍, ഇതൊന്നും സാധാരണ കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് യാതൊരു വ്യത്യാസവുമുണ്ടാക്കുന്നില്ല.ഗ്രാമീണമേഖലകളില്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിന് 2018-19 സാമ്പത്തിക വര്‍ഷം 14.34 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. സൗഭാഗ്യ പദ്ധതി പ്രകാരം നാലു കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കും. ഉജ്ജ്വല യോജനയിലൂടെ എട്ട് കോടി ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കും. ഗ്രാമീണമേഖലകളില്‍ 3.17 ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനും 51 ലക്ഷം പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനും   ഫണ്ട് വകയിരുത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss