|    Apr 24 Tue, 2018 3:00 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കാര്‍ഷികരംഗത്തെ വര്‍ഗവൈരുധ്യം

Published : 14th July 2017 | Posted By: fsq

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പൊള്ളയായ വാഗ്ദാനങ്ങളെയും അതിലും പൊള്ളയായ പ്രശ്‌നത്തോടുള്ള സമീപനങ്ങളെയും തൂത്തുമാറ്റി യാഥാര്‍ഥ്യത്തെ പച്ചയായി കാണിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉരുത്തിരിയുന്നത്. മധ്യപ്രദേശില്‍ തിരികൊളുത്തിയ കര്‍ഷക പ്രക്ഷോഭം സമീപ സംസ്ഥാനങ്ങളിലേക്കു വ്യാപിക്കുന്നതാണ് നാം കാണുന്നത്. സമരം പടരുന്നതിനു തടയിടാനുള്ള ശ്രമത്തില്‍ പല സംസ്ഥാന സര്‍ക്കാരുകളും (ഉദാ: പഞ്ചാബ്, യുപി, മഹാരാഷ്ട്ര) കര്‍ഷകരുടെ വായ്പകള്‍ കുറച്ചൊക്കെ എഴുതിത്തള്ളുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പ്രശ്‌നത്തിന്റെ പുറംതോടില്‍ മാത്രമാണീ വായ്പാ ഇളവുകള്‍ ഉരസുന്നത്. പൊതുമേഖലാ വായ്പാ ഏജന്‍സികള്‍ കര്‍ഷകരുടെ മൊത്തം കടബാധ്യതയുടെ എത്ര ശതമാനത്തിന് ഉത്തരവാദികളാണ് എന്നുപോലും ഒരു സര്‍ക്കാരിനും അറിയില്ല. എങ്കിലും ബാങ്കുകളും കോര്‍പറേറ്റ് മുതലാളിമാരും വായ്പകള്‍ എഴുതിത്തള്ളുന്നതിന് എതിരാണ്. കിട്ടാക്കടത്തില്‍ മുങ്ങിക്കിടക്കുന്ന ബാങ്കുകള്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിനെ എതിര്‍ക്കുന്നതിനു പിന്നില്‍, അങ്ങനെയുള്ള ഒരു ആശ്വാസ പദ്ധതി ബാങ്കിങ് വ്യവസ്ഥയുടെ  വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്ന ആവലാതിയാണ്. കിട്ടാക്കടത്തിന്റെ മുഖ്യ ഉറവിടമായ കോര്‍പറേറ്റ് മേഖല സ്വന്തം കൊള്ളക്കൊടുക്കകളിലേക്ക് ശ്രദ്ധ തിരിക്കുമെന്ന് ന്യായമായും പേടിക്കുന്നു.കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികരംഗത്ത് നിരവധി മറിമായങ്ങള്‍ ജനങ്ങള്‍ക്കു വച്ചുനീട്ടുന്നുണ്ട്. അതിലൊന്നാണ് 40 കോടിയുടെ മുകളില്‍ വരുന്ന രാജ്യത്തെ കര്‍ഷകരുടെ വരുമാനം 2020നുള്ളില്‍ ഇരട്ടിപ്പിക്കുമെന്ന വായാടിത്തം. ഈ മറിമായം എങ്ങനെ സാധിക്കും എന്നതൊന്നും പ്രധാനമന്ത്രിക്കു പ്രശ്‌നമേയല്ല. മധ്യപ്രദേശില്‍ കര്‍ഷകര്‍ കൊടും സാമ്പത്തികദുരിതത്തില്‍ നിന്നും ആശ്വാസം തേടി തെരുവിലിറങ്ങിയപ്പോള്‍ വെടിയുണ്ടകളാണ് അവരെ സ്വീകരിച്ചതെന്നു മാത്രം. അവിടത്തെ ബിജെപി ഭരണനേതൃത്വം ഒരു ഉളുപ്പുമില്ലാതെ പറഞ്ഞത്, കര്‍ഷകര്‍ തന്നെയാണ് വെടിവച്ചതെന്നാണ്! പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്കു വിശ്വസിക്കാമെങ്കില്‍ ഇതും വിശ്വസിക്കാം എന്നാണവരുടെ ലളിതമായ നിലപാട്. മരിക്കാന്‍ തയ്യാറായി തെരുവിലിറങ്ങുന്ന കര്‍ഷകര്‍ക്ക് കാര്യങ്ങളുടെ യഥാര്‍ഥ കിടപ്പ് മനസ്സിലാവുന്നുണ്ട്. മധ്യപ്രദേശിലെ മുഖ്യമന്ത്രിയാവാന്‍ കൊതിച്ചിരിക്കുന്ന കോണ്‍ഗ്രസ് രാജകുമാരന്‍ പോലിസ് വണ്ടിയുടെ മുകളില്‍ കയറിയിരുന്ന് സ്വയം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ടൊന്നും അടങ്ങുന്നതല്ല കര്‍ഷകരുടെ കത്തിയാളുന്ന പ്രശ്‌നങ്ങള്‍. യഥാര്‍ഥ ശത്രുക്കള്‍ ആരാണെന്ന്, ആരൊക്കെയാണ് അവരുടെ നിലനില്‍പ്പിനു ഭീഷണിയെന്ന്, തിരിച്ചറിയാന്‍ കര്‍ഷകര്‍ക്കു കഴിയുന്നുണ്ട്. അവരുടെ മുദ്രാവാക്യങ്ങളും ഡിമാന്‍ഡുകളും അതിനു തെളിവാണ്. വിപണികളിലെ കൊടും അസമത്വങ്ങളാണ് തങ്ങളെ ദുരിതക്കയത്തില്‍ മുക്കുന്നതെന്ന് അവര്‍ക്കറിയാം. ഈ വിപണികളിലെ അസമത്ത്വങ്ങളുടെ ഗുണഭോക്താക്കള്‍ കുത്തകകളും അവരുടെ ഭരണകര്‍ത്താക്കളുമാണെന്നും അവര്‍ക്കറിയാം. ഉല്‍പന്നങ്ങളുടെ കണക്കിലായാലും ഉല്‍പാദന ഉപകരണങ്ങളുടെ കാര്യത്തിലായാലും ലാഭം കൊയ്യുന്നത് കോര്‍പറേറ്റുകളാണ്. കടത്തില്‍ മുങ്ങി നില്‍ക്കക്കള്ളിയില്ലാതാവുന്ന കര്‍ഷകര്‍ വിഷം കഴിച്ചോ കെട്ടിത്തൂങ്ങിയോ സ്വന്തം പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കും എന്നു കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ് കഴിയുന്നത്. ആത്മഹത്യകള്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനുള്ള ഒരു മാര്‍ഗം മാത്രമാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. പക്ഷേ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായിട്ടേയുള്ളൂ. ആത്മഹത്യകള്‍ വളരെ തീക്ഷ്ണമായ, പക്ഷേ, വ്യക്തികേന്ദ്രീകൃതമായ അവസാനത്തെ പ്രതിഷേധങ്ങളാണ്. പക്ഷേ, ആത്മഹത്യകള്‍ എത്ര നടന്നാലും ഘടനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ഘടനാപരമായ പൊളിച്ചെഴുത്തുകള്‍ തന്നെയാണ് ആവശ്യം എന്ന് കര്‍ഷകര്‍ മനസ്സിലാക്കുന്നുണ്ട്. പത്തുവര്‍ഷത്തിനുള്ളില്‍ മൂന്നു ലക്ഷത്തിലധികം കര്‍ഷകര്‍ ജീവനൊടുക്കിയ പ്രദേശമാണ് മഹാരാഷ്ട്രയിലെ വിദര്‍ഭ. അവിടെ ഇപ്പോഴും ആത്മഹത്യകള്‍ നടക്കുന്നു. പക്ഷേ, തോത് കുറഞ്ഞിട്ടുണ്ട്. ഇതിനു കാരണം പ്രതിസന്ധിയില്‍ അയവുണ്ടായതല്ല മറിച്ച്, ആത്മഹത്യകള്‍ ഒരു പരിഹാരമല്ല എന്ന് കര്‍ഷകര്‍ക്ക് മനസ്സിലാവുന്നതുകൊണ്ടാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും വളര്‍ന്നുവരുന്ന കര്‍ഷക പ്രസ്ഥാനങ്ങള്‍ ഭൂമിയെ അടിസ്ഥാനമാക്കിയുള്ളവയാണ്. വന്‍ കോര്‍പറേറ്റ് ബിസിനസുകള്‍ക്കു വേണ്ടി കൃഷിഭൂമി വെട്ടിപ്പിടിക്കുന്നതിനെതിരേയുള്ള പ്രസ്ഥാനങ്ങളാണവ. കൊളോണിയല്‍ കാലത്തെ നിയമങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാരുകളാണീ വെട്ടിപ്പിടിത്തം നടത്തുന്ന ഉപകരണം. ബംഗാളില്‍ ദീര്‍ഘകാലമായി ഭരണം കൈയാളിയിരുന്ന സോഷ്യല്‍ ഡെമോക്രാറ്റുകള്‍ അധികാരത്തില്‍ നിന്നു പുറത്താവാനുള്ള പ്രധാന കാരണവും ഇതുതന്നെ ആയിരുന്നു. ഗുജറാത്ത് ‘മോഡലി’ന്റെ വളര്‍ച്ചയ്ക്കു പിന്നിലുള്ള പ്രധാന കാരണവും കോര്‍പറേറ്റ് ബിസിനസുകള്‍ക്ക് യഥേഷ്ടം ഭൂമി (പലപ്പോഴും ആവശ്യപ്പെടുന്നതില്‍ കൂടുതല്‍) കൈമാറുന്നതില്‍ സര്‍ക്കാര്‍ കാണിച്ച ശുഷ്‌കാന്തിയാണ്. കോര്‍പറേറ്റുകള്‍ക്ക് ഊര്‍ജം സൗജന്യനിരക്കില്‍ കൊടുക്കാന്‍ വേണ്ടിയുള്ള അണക്കെട്ടുകളായാലും മറ്റ് ഊര്‍ജനിലയങ്ങളായാലും ഫാക്ടറികള്‍ ഉയര്‍ത്താന്‍ വേണ്ടിയുള്ള ഭൂമിയായാലും അത് കര്‍ഷകരെ തുരത്തിയാലേ നടക്കുകയുള്ളൂ. ഇതിനെതിരേയുള്ള പ്രക്ഷോഭങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തലവേദനയായിട്ട് കാലം കുറേയായി. മധ്യേന്ത്യന്‍ ഖനനമേഖലയിലാണെങ്കില്‍ മാവോവാദികളാണ് ആദിവാസി കര്‍ഷകരെ കുടിയിറക്കുന്നതിനുള്ള തടസ്സം. കൃഷി നഷ്ടമാവുമ്പോള്‍ കര്‍ഷകര്‍ സ്വാഭാവികമായി തന്നെ കൃഷി വിട്ടൊഴിയും എന്നു പ്രതീക്ഷിക്കുന്നതില്‍ കൃത്യമായ സാമ്പത്തിക യുക്തിയും കണക്കുകൂട്ടലുമുണ്ട്. അങ്ങനെ നടക്കുന്നുണ്ടുതാനും. അതേസമയം തന്നെ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്ന കൃഷിക്കാര്‍ തൊഴില്‍ വിപണിയിലേക്ക് തള്ളപ്പെടുന്നത് കുറഞ്ഞ ചെലവില്‍ അധ്വാനശേഷി ലഭ്യമാക്കുകയും ചെയ്യും. നിലവിലുള്ള സംഘടിതരും അസംഘടിതരുമായ നഗരകേന്ദ്രീകൃത തൊഴിലാളികളുടെ വേതനം അങ്ങനെ തന്നെ നിലനിര്‍ത്താനോ യഥാര്‍ഥ വേതനം ഇടിക്കാനോ കഴിയും. അതു മാത്രമല്ല, കാര്‍ഷിക മേഖല മൊത്തത്തില്‍ തന്നെ നേരിട്ട് കോര്‍പറേറ്റുകളുടെ അധീനതയില്‍ ആക്കാനുള്ള ഒരു വിശാല പദ്ധതിയെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും. അതായത്, നിലവില്‍ കോടിക്കണക്കിനു കൃഷിക്കാരുടെ ഏക ഉല്‍പാദനശക്തിയായ ഭൂമിയുടെ ഉടമസ്ഥത കോര്‍പറേറ്റുകളുടെ കൈപ്പിടിയിലാക്കാനുള്ള പദ്ധതി. ഇതുവരെ ഇന്ത്യക്കാര്‍ അനുഭവിച്ചിട്ടില്ലാത്ത ഭക്ഷ്യ സ്വയംപര്യാപ്തതയെ തുരങ്കംവയ്ക്കുന്ന ഒരു വെല്ലുവിളി ആയിരിക്കും ഈ പ്രക്രിയ. കോര്‍പറേറ്റുകളുടെ ലാഭത്തിനു മാത്രം ഉതകുന്ന കൃഷിസമ്പ്രദായം നടപ്പാക്കാനാണ് അവരുടെ പദ്ധതി. വിപണിയാണ് ഇതില്‍ മുഖ്യപങ്ക് വഹിക്കുന്നത്. അതിലാണെങ്കില്‍ കൃഷിക്കാര്‍ക്ക് യാതൊരു സ്വാധീനവും ഇല്ലതാനും.വിപണിയുടെ ഈ നീരാളിപ്പിടിത്തത്തിനെതിരേയാണ് കര്‍ഷകപ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുന്നത്. വിപണി ആരുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നു കര്‍ഷകര്‍ തിരിച്ചറിയുകയാണ്. അപ്പോഴാണ് അവര്‍ ഭരണകൂടത്തിന്റെ യഥാര്‍ഥ സ്വഭാവം മനസ്സിലാക്കുന്നത്. വിപണിയുടെ അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടണമെന്ന് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളോട് ആവശ്യപ്പെടുമ്പോള്‍ ആ സര്‍ക്കാരുകള്‍ കര്‍ഷകരെ അടിച്ചമര്‍ത്താനാണ് തുനിയുന്നത്. ഭരണകൂടം കോര്‍പറേറ്റുകളുടേതാണെന്ന് സംശയാതീതമായി തെളിയിക്കുന്നതാണ് ഈ നിലപാട്. അതുകൊണ്ടുതന്നെയാണ് കര്‍ഷക പ്രക്ഷോഭങ്ങള്‍ നിലവിലുള്ള സാമ്പത്തിക, സാമൂഹിക സംവിധാനത്തില്‍ വര്‍ഗസമരമല്ലാതെ മറ്റൊന്നുമല്ല എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയുന്നത്. വര്‍ഗസമരത്തെ വ്യാഖ്യാനിക്കുന്ന യാന്ത്രിക ഭൗതികവാദത്തില്‍ അധിഷ്ഠിതമായ രീതിശാസ്ത്രം യാഥാര്‍ഥ്യങ്ങള്‍ക്ക് ഒട്ടും നിരക്കുന്നതല്ല എന്നാണ് കര്‍ഷക പ്രക്ഷോഭങ്ങള്‍ വെളിവാക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss