|    Sep 26 Wed, 2018 12:07 pm

കാര്‍ഷികമേഖല തകര്‍ന്നടിയുന്നു; കര്‍ഷകര്‍ക്ക് ഇക്കുറി കണ്ണീരോണം

Published : 13th August 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: കനത്ത മഴയില്‍ നെല്ലും പച്ചക്കറികളും ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ വെള്ളത്തിലായത് കര്‍ഷകരെ കണ്ണീരിലാഴ്ത്തി. ഇക്കുറി ഇടവപ്പാതിമുതല്‍ ഇടതടവില്ലാതെ മഴ പെയ്തത് നെല്‍ വയലുകളില്‍ ഉള്‍പ്പെടെ വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയാക്കുകയും നെല്‍ തൈകള്‍ വെള്ളത്തില്‍ ചീഞ്ഞ് നശിക്കുകയുമായിരുന്നു. തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, പിലിക്കോട് തുടങ്ങിയ പഞ്ചായത്തുകളിലേയും നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭയിലേയും ഹെക്ടര്‍ കണക്കിന് വയലുകളിലെ ഞാറുകളാണ് ദിവസങ്ങളായി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ പഴുത്ത് നശിച്ചത്.
ഓണവിപണി ലക്ഷ്യമിട്ട് നട്ട പച്ചക്കറികളും കനത്ത മഴയില്‍ നശിച്ചിരിക്കുകയാണ്. കക്കിരി, വെള്ളരി, നരമ്പന്‍, പാവല്‍, മത്തന്‍, കുമ്പളം, വെണ്ട തുടങ്ങി വിവിധങ്ങളായ പച്ചക്കറികള്‍ ഓണവിപണിയിലെത്തിക്കാന്‍ കര്‍ഷകര്‍ കൃഷി ചെയ്‌തെങ്കിലും കനത്ത മഴയില്‍ വിളകളെല്ലാം പൂവിടാതെ തളിരിലകള്‍ ഉണങ്ങി വാടിയ അവസ്ഥയിലാണ്.
മലയോര മേഖലയിലെ റബ്ബര്‍ കര്‍ഷകരാണ് കടുത്ത മഴയില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. റബറിന് വിലക്കുറവാണെങ്കിലും കര്‍ക്കിടക മാസം ടാപ്പിങ്ങിന് പറ്റുന്ന കാലാവസ്ഥ സാധാരണ ഉണ്ടാവാറുണ്ടായിരുന്നു. എന്നാല്‍ റെയിന്‍ ഗാര്‍ഡ് പിടിപ്പിച്ച തോട്ടങ്ങളില്‍ പോലും ഒരാഴ്ചപോലും ടാപ്പിങ് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ് ഇക്കുറിയുണ്ടായത്.
കുരുമുളക് വിപണിയില്‍ വിലക്കുറവിന് പുറമെ ഇലപൊഴിച്ചല്‍ രോഗവും പൊള്ളീച്ചയുടെ ആക്രമണവും വ്യാപകമാണ്. കനത്ത മഴയോടൊപ്പമുണ്ടാകുന്ന കാറ്റില്‍ ഓണസീസണില്‍ വിളവ് പ്രതീക്ഷിച്ച വാഴക്കുലകള്‍ ഉള്‍പ്പെടെയുള്ള വാഴകള്‍ തകര്‍ന്നുവീഴുകയുമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss