|    Sep 19 Tue, 2017 7:16 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാര്‍(ബണ്‍) വിമുക്ത ദിനത്തിന് സാക്ഷ്യംവഹിച്ചു കൊച്ചി

Published : 26th September 2016 | Posted By: SMR

കൊച്ചി: രണ്ടായിരത്തിലേറെ ലോകനഗരങ്ങളില്‍ ആചരിക്കപ്പെടുന്ന കാര്‍വിമുക്തദിനാചരണം ഒടുവില്‍ കൊച്ചിയിലുമെത്തി. എറണാകുളം പനമ്പള്ളി നഗര്‍ റോഡില്‍ ഒമ്പതാം ക്രോസ് റോഡ് മുതല്‍ പതിമൂന്നാം ക്രോസ് റോഡ് വരെയുള്ള ഭാഗം നൂറുകണക്കിന് കുട്ടികളും സ്ത്രീകളും വയോജനങ്ങളും അംഗപരിമിതരും വിവിധങ്ങളായ കളികളും നൃത്തങ്ങളും മല്‍സരങ്ങളുമായി കൊച്ചിയിലെ ആദ്യ കാര്‍വിമുക്തദിനം ആഘോഷിച്ചപ്പോള്‍ അത് പൊതുനിരത്തുകള്‍ കാല്‍നടക്കാര്‍ക്കും സൈക്കിളോടിക്കുന്നവര്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും അംഗപരിമിതര്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന പ്രഖ്യാപനമായി.
കൊച്ചി നഗരസഭ, കൊച്ചി മെട്രോ റെയില്‍, ഇസാഫ്, രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്, പനമ്പള്ളി നഗര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, കൊച്ചി സിറ്റി പോലിസ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു കാര്‍(ബണ്‍) വിമുക്തദിനം സംഘടിപ്പിച്ചത്.
സാധാരണ സമയങ്ങളില്‍ പുകതുപ്പിക്കൊണ്ട് വാഹനങ്ങള്‍ പായുന്ന റോഡില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകീട്ട് ആറു വരെ ഫഌഷ് മോബ്, ലൈവ് കാരിക്കേച്ചര്‍, ചിത്രരചന, ബോധവല്‍ക്കരണ പരിപാടി, കാരംസ്, ഷട്ടില്‍, ബാഡ്മിന്റണ്‍, സൈക്കിള്‍ റാലി, വിവിധ നാടന്‍ കളികള്‍, എയ്‌റോബിക്‌സ്, തെരുവ് നാടകം, പട്ടം പറത്തല്‍, എയ്‌റോബിക്‌സ്, കാരംസ് തുടങ്ങിയവ സംഘടിപ്പിച്ചാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ കാര്‍വിമുക്തദിനം ആഘോഷമാക്കിയത്.
പരിപാടികളുടെ ഉദ്ഘാടനം കൊച്ചി മേയര്‍ സൗമിനി ജയിന്‍ നിര്‍വഹിച്ചു. ഇസാഫ് ഡയറക്ടര്‍ ജേക്കബ് സാമുവല്‍ അധ്യക്ഷത വഹിച്ചു. സിനിമാതാരം നീരജ് മാധവ്,  കൊച്ചി മെട്രോ ഡയറക്ടര്‍ പ്രവീണ്‍ ഗോയല്‍, കൊച്ചി കോര്‍പറേഷന്‍ വെല്‍ഫെയര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ ബി സാബു, പനമ്പള്ളി നഗര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹന്‍സ ജോണി പങ്കെടുത്തു.
സൗജന്യ വൈദ്യപരിശോധനയും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. കൊച്ചിക്കു പിന്നാലെ മലപ്പുറത്തും കാര്‍വിമുക്തദിനം ആചരിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി തൃശൂരില്‍ കാര്‍വിമുക്തദിനം നടത്തുന്ന ഇസാഫിന് ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും പരിപാടിയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക