|    Nov 18 Sun, 2018 2:06 pm
FLASH NEWS
Home   >  Editpage  >  Editorial  >  

കാര്‍ത്ത്യായനിയമ്മയെ വെറുതെവിടുക

Published : 3rd November 2018 | Posted By: kasim kzm

ഹരിപ്പാട് ചേപ്പാട് സ്വദേശിനി കാര്‍ത്ത്യായനിയമ്മയാണ് ഇപ്പോള്‍ താരം. 97 വയസ്സുള്ള ഈ മുത്തശ്ശി നിരക്ഷരര്‍ക്കുള്ള സാക്ഷരതാ മിഷന്‍ പദ്ധതിയുടെ പരീക്ഷ ഒന്നാംറാങ്കോടെ പാസായിരിക്കുന്നു. ഇനി അവര്‍ക്ക് കംപ്യൂട്ടര്‍ പഠിക്കണം, 10ാം ക്ലാസ് ജയിച്ച് കോളജില്‍ പോവണം. അങ്ങനെ ഒത്തിരിയൊത്തിരി മോഹങ്ങള്‍. കാര്‍ത്ത്യായനിയമ്മയ്ക്ക് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. സാംസ്‌കാരികമന്ത്രി അവരെ അനുമോദിക്കുന്നു. കാര്‍ത്ത്യായനിയമ്മ കവിത പാടുന്നു. സച്ചിദാനന്ദനും പ്രഭാവര്‍മയുമൊക്കെ കേട്ടുനില്‍ക്കുന്നു. നിരക്ഷരതയില്‍ നിന്നു സാക്ഷരതയിലേക്കുള്ള കേരളത്തിന്റെ ഈ കുതിപ്പ് സര്‍വത്ര ആഘോഷമയം.
97 വയസ്സുള്ള ഒരു കൂലിവേലക്കാരി, അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്കുള്ള പടവുകള്‍ കയറിച്ചെല്ലുന്നത് തികച്ചും ആഹ്ലാദകരമാണ്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ച അവരുടെ ഇച്ഛാശക്തിയും കഠിന പരിശ്രമവും അഭിമാനകരവുമാണ്. എന്നാല്‍, അതോടൊപ്പം ഒരു കാര്യം കൂടി ആലോചിക്കണം. ഇത്തരം നേട്ടങ്ങള്‍ ആഘോഷങ്ങള്‍ക്കും താരവല്‍ക്കരണങ്ങള്‍ക്കും അപ്പുറത്തേക്ക് കടന്നുചെന്ന് ബന്ധപ്പെട്ട വ്യക്തികള്‍ക്കോ നാടിനോ വല്ല ഗുണവും ചെയ്യുന്നുണ്ടോ എന്ന്. ഇപ്പോള്‍ നമ്മളൊക്കെ ചേര്‍ന്ന് കാര്‍ത്ത്യായനിയമ്മയുടെ വ്യക്തിത്വത്തെ പൊലിപ്പിക്കുന്നുണ്ടാവാം, അവര്‍ താരമാവുന്നുമുണ്ടാവും. പക്ഷേ, അവസാനിച്ചില്ലേ അവരുടെയും അവരെപ്പോലെയുള്ളവരുടെയും ലോകം അതോടെ? അക്ഷരാഭ്യാസം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ആളുകള്‍ ഏതാണ്ടെല്ലാവരും ദരിദ്രരും അധസ്ഥിതരുമാണ്. പുതുതായി വളരെ പ്രയാസപ്പെട്ടു കൈവശപ്പെടുത്തിയ അക്ഷരജ്ഞാനം അവര്‍ക്ക് എന്തെങ്കിലും ഗുണം ചെയ്യുന്നുണ്ടോ എന്നു നാം ആലോചിക്കണം. തങ്ങള്‍ കൈവരിച്ച സാക്ഷരത അവരുടെ ജീവിതത്തില്‍ വല്ല മാറ്റവും വരുത്തുന്നുണ്ടോ, അതവര്‍ക്ക് അന്തസ്സും ജീവിതഭദ്രതയും ഉറപ്പുവരുത്തുന്നുണ്ടോ, അവരുടെ അരവയറ് നിറയുകയെങ്കിലും ചെയ്യുന്നുണ്ടോ? അതില്ലെങ്കില്‍ പഠിച്ച അക്ഷരങ്ങള്‍കൊണ്ട് അവര്‍ക്ക് യാതൊരു ഗുണവുമില്ല; നാടിനും ഈ നവസാക്ഷരരെക്കൊണ്ട് പ്രയോജനമില്ല. അങ്ങനെ വരുമ്പോള്‍ മന്ത്രിയും പരിവാരങ്ങളും ചേര്‍ന്നു കൊട്ടിയാടിയ ആഘോഷത്തിന് എന്തു വില?
കുറച്ചു വര്‍ഷം മുമ്പ് മറ്റൊരാളും ഇതേ താരപരിവേഷത്തോടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. മലപ്പുറം ജില്ലക്കാരിയായ ചേലക്കോടന്‍ ആയിശ. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതിന്റെ ആഘോഷവേളയിലായിരുന്നു ഈ ഉമ്മ നേടിയ അക്ഷരജ്ഞാനം കൊണ്ടാടപ്പെട്ടത്. അക്ഷരാഭ്യാസം നേടിയ നൂറില്‍ നൂറിന്റെ പ്രതിനിധിയായ ആയിശയുമ്മയ്ക്ക് പിന്നീട് എന്തു സംഭവിച്ചു? പഠിച്ച അക്ഷരങ്ങളത്രയും മറന്നുപോയി അവര്‍. അവരുടെ ജീവിതം പഴയ ചാലുകളിലൂടെ തന്നെയാണ് ഒഴുകിയത്. ഈ മറവിയില്‍ നിന്നാണു പുതിയ കാര്‍ത്ത്യായനിയമ്മമാരുടെ പിറവി. ഇങ്ങനെ പഠിക്കാനും മറക്കാനും വീണ്ടും പഠിക്കാനും യാതൊരു മാറ്റത്തിനും വിധേയരാവാതെ ജീവിക്കാനും മാത്രമാണ് അക്ഷരജ്ഞാനമെങ്കില്‍ അതിനെ ഇങ്ങനെയൊക്കെ പൊലിപ്പിച്ചുകാട്ടണോ?

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss