|    Oct 16 Tue, 2018 4:06 pm
FLASH NEWS

കാര്‍ത്തികപ്പള്ളി താലൂക്കില്‍ മട വീഴ്ച ; പത്ത് കോടിയുടെ നഷ്ടം

Published : 20th September 2017 | Posted By: fsq

 

ഹരപ്പാട്: കാര്‍ത്തികപ്പള്ളി താലൂക്കില്‍ മൂന്ന് പാടശേഖരങ്ങളില്‍ കൂടള മടവീഴ്ച, പത്ത്‌കോടി രൂപയുടെ നഷ്ടം. വീയപുരം കൃഷിഭവന്‍ പരിധിയിലെ 365 ഏക്കര്‍ വിസ്തൃതിയുള്ള മുണ്ടുതോട് പോളത്തുരുത്ത് പാടശേഖരം, 165 ഏക്കര്‍ വിസ്തൃതിയുള്ള പ്രയാറ്റേരി മണിയങ്കേരി, 125 ഏക്കര്‍ വിസ്തൃതിയുള്ള ഇലവന്താനം പള്ളിവാതുക്കല്‍ എന്നിവിടങ്ങളലാണ്  കനത്ത മഴയിലും കിഴക്കന്‍ വെള്ളത്തിന്റെ ശക്തമായ വരവിലും മടവീണ് കൃഷിനാശം സംഭവിച്ചത്. 192 കര്‍ഷകരുള്ള മുണ്ടുതോട് പോളത്തുരുത്ത് പാടശേഖരത്തില്‍ കൃഷിയിറക്കി 147 ദിവസം പിന്നിടവെ വിളവെടുക്കുന്നതിനായി മണിക്കൂറിന് 1600 രൂപ ക്രമത്തില്‍ അഞ്ച് കൊയ്ത്തുമെതി യന്ത്രങ്ങള്‍ കൊണ്ടുവന്ന് നാമമാത്രമായി കൊയ്യാന്‍ ആരംഭിച്ചെങ്കിലും പമ്പയാര്‍ കരകവിഞ്ഞ് പാടശേഖരത്തന്റെ പ്രധാന പെട്ടിമട തകര്‍ന്ന് പാടം മുങ്ങുകയായിരുന്നു. വിളവെടുപ്പിന് പാകമായ നെല്‍ച്ചെടികള്‍ നിലംപതിച്ചിരുന്നെങ്കിലും കൊയ്‌തെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു യന്ത്രം എത്തിച്ചത്. ഏക്കറിന് മുപ്പതിനായിരത്തില്‍ അധികം രൂപ ചെലവ് വന്നിരുന്നു. ഏക്കറില്‍ 75000 ത്തോളം രൂപ വരവ് പ്രതീക്ഷിച്ചിരുന്ന പാടശേഖരത്തിലാണ് കര്‍ഷകര്‍ക്ക് ദുരന്തം വിതറിയത്. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് 5 ലക്ഷം രൂപയോളം മുടക്കി യന്ത്രം ഉപയോഗിച്ച് ചിറ ഉയര്‍ത്തിയിരുന്നു. അടിസ്ഥാന സൗകര്യത്തിന്റെ അഭാവമാണ് ഇവിടെ കാര്‍ഷിക ദുരിതത്തിന് കാരണമായതെന്ന് പാടശേഖര ഭാരവാഹികള്‍ പറഞ്ഞു. പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യത്തിന് നടപടി സ്വീകരിക്കുമെന്ന് ജൂലൈ മാസത്തില്‍ വെള്ളപ്പൊക്ക സമയത്ത് പാടശേഖരം സന്ദര്‍ശിച്ച കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പിഎസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. 132ഓളം കര്‍ഷകരുള്ള പ്രയാറ്റേരി മണിയങ്കേരി പാടശേഖരത്തില്‍ നദീതീരത്തോട് ചേര്‍ന്ന് കിടക്കുന്ന റോഡുകള്‍ക്ക് മതിയായ ഉയരം ഇല്ലാത്തതാണ് പാടത്തേക്ക് വെള്ളം കരകവിഞ്ഞ് കയറാന്‍ കാരണം. ഇവിടെയും പാടശേഖര ഭാരവാഹികള്‍ കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കലക്ടര്‍, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് മെമ്മോറാണ്ടം നല്‍കിയെങ്കിലും ഡയറക്ടറേറ്റില്‍ നിന്നും ഉദ്യോഗസ്ഥരെത്തി റിപോര്‍ട്ട് ചെയ്തതിന് ശേഷം നടപടി സ്വീകരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ ഇവിടെയും പ്രഖ്യാപനം ചുവപ്പ് നാടയില്‍ ഒതുങ്ങി. ഇടത്തട്ട്കാരാണ് ഇവിടുത്തെ കര്‍ഷകരില്‍ അധികവും. 74 കര്‍ഷകരുള്ള ഇലവന്താനം പള്ളിവാതുക്കലില്‍ പാടശേഖരം സ്ഥിതിചെയ്യുന്നത് അച്ചന്‍കോവിലാറിനോട് ചേര്‍ന്നാണ്. മണല്‍വാരല്‍ മൂലം നദീതീരത്തെ കല്‍ക്കെട്ടുകള്‍ തകര്‍ന്നും ജലോല്‍സവകാലങ്ങളില്‍ ചിറയ്ക്കുണ്ടാവുന്ന അമിത സമ്മര്‍ദ്ദവും ചിറയുടെ ദുര്‍ബലാവസ്ഥയും ഉയര്‍ച്ച ഇല്ലാത്തതുമാണ് കരകവിഞ്ഞ് കൃഷിനാശത്തിന് കാരണമായത്. വീയപുരം കൃഷിഭവന്‍ പരിധിയില്‍ വരുന്ന പാടശേഖരങ്ങള്‍ കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ച് വെള്ളപ്പൊക്കം തടയുന്നതിനും തോട്ടപ്പള്ളി പൊഴി സമയബന്ധിതമായി മുറിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിവേദനം കൊടുത്താലും ഇവരുടെ  കൃത്യവിലോപം മൂലമാണ് കൃഷിനാശം സംഭവിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ വിവിധ പാടശേഖരസമതി ഭാരവാഹികളായ അബ്ദുര്‍ റഷീദ്, സൈമണ്‍, ഭാസ്‌കരന്‍, പി സുഗതന്‍, ജോണ്‍.എന്‍ വര്‍ഗീസ്, കുരുവിള ജോണ്‍, എന്‍ ദാമോദരന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss