|    Oct 17 Wed, 2018 12:25 pm
FLASH NEWS

കാര്‍ഡ് നല്‍കാന്‍ മന്ത്രി ഉത്തരവിട്ടിട്ടും നടപടിയില്ല; തൊഴിലാളികള്‍ സമരത്തിന്

Published : 19th December 2017 | Posted By: kasim kzm

പത്തനാപുരം: നൂറ് തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ സ്‌റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷനിലെ താല്‍കാലിക തൊഴിലാളികള്‍ക്ക് കാര്‍ഡ് നല്‍കാന്‍ കൃഷിമന്ത്രി സുനില്‍ കുമാര്‍ ഉത്തരവിട്ടിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും  നടപടിയില്ലെന്നാരോപിച്ച് സിഐടിയു നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരത്തിന്. കേരള സംസ്ഥാന ഫാമിങ് കോര്‍പ്പറേഷനില്‍ 2012 മുതല്‍ പണിയെടുക്കുന താല്‍ക്കാലിക തൊഴിലാളികള്‍ക്ക് കാര്‍ഡ് നല്‍കാനാണ്  മന്ത്രി ഉത്തരവിട്ടത്. എന്നാല്‍ മാനേജ്‌മെന്റ് തുടര്‍ നടപടികളെടുക്കാത്തതിനാല്‍ ഇതുവരെ കാര്‍ഡ് ലഭിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചും തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും കേരളാ സ്‌റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) നേതൃത്വത്തില്‍ അലി മുക്കിലെ ഹെഡ് ഓഫിസിലേക്ക് തൊഴിലാളി മാര്‍ച്ചും കൂട്ടധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കറവൂര്‍ എല്‍ വര്‍ഗ്ഗീസ്സും സെക്രട്ടറി എസ് ഷാജിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2012 മുതന്‍ 2016 വരെ പ്രതിവര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച മുഴുവന്‍ തൊഴിലാളികള്‍ക്കും കാര്‍ഡ് നല്‍കണമെന്നാവശ്യപ്പെട്ട് സിഐടിയു പ്രക്ഷോഭം സംഘടിപ്പിക്കുകയും മുഖ്യമന്ത്രി, തൊഴില്‍ വകുപ്പ് മന്ത്രി, കൃഷി വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി. ഇതിനെ തുടര്‍ന്ന് കൃഷി വകുപ്പ് മന്ത്രി എസ്എഫ്ഡികെ ഹെഡ് ഓഫിസിലെത്തി യൂനിയന്‍ നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തി. ഉറപ്പ് നല്‍കി രണ്ട് മാസക്കാലം പിന്നിട്ടിട്ടും ചെയര്‍മാനും എംഡിയും തീരുമാനം ഇതവരെ നടപ്പാക്കിയിട്ടില്ല. 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് അംഗീകൃത കാര്‍ഡ് നല്‍കുക, മുന്‍പ് കാര്‍ഡ് നല്‍കിയ വരെ സ്ഥിരപ്പെടുത്തുക, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് തൊഴില്‍ നല്‍കുക, വന്യമൃഗശല്യങ്ങളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുക, ടാപ്പിങ് ബ്ലോക്കുകളിലെ വനം വെട്ടിമാറ്റുക, തൊഴിലിടങ്ങളിലെ പക്ഷപാതം അവസാനിപ്പിക്കുക, മിനിമം കൂലി 600 രൂപാ ആക്കി വര്‍ദ്ധിപ്പിക്കുക, തൊഴിലാളികള്‍ക്ക് പ്രത്യേകം പാര്‍പ്പിട പദ്ധതി നടപ്പാക്കുക, തൊഴിലാളികളെ ഇഎസ്‌ഐ സ്‌കീമില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനുവരി രണ്ടാം വാരം എസ്എഫ്‌സികെ. ഹെഡ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss