|    Dec 14 Fri, 2018 8:19 am
FLASH NEWS

കാര്‍ഗോ, ബാരക് കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരുവര്‍ഷമെടുക്കും

Published : 13th August 2018 | Posted By: kasim kzm

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ ഒക്ടോബറില്‍ പ്രവര്‍ത്തനമാരംഭിച്ചാലും അനുബന്ധ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരുവര്‍ഷമെങ്കിലും എടുക്കും. വിമാനത്താവളം വഴിയുള്ള കയറ്റിറക്കുമതി നീക്കം നടത്തുന്നതിന്റെ ഭാഗമായ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കെട്ടിടനിര്‍മാണമാണ് ഇക്കാലയളവില്‍ നടത്തേണ്ടത്.
1.50 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള അത്യാധുനിക കാര്‍ഗോ കോംപ്ലക്‌സാണ് വിമാനത്താവളത്തോടനുബന്ധിച്ച് പണിയുന്നത്. അഹമ്മദാബാദ് ആസ്ഥാനമായ മോണ്ട് കാര്‍ലോ എന്ന സ്ഥാപനത്തിനാണ് നിര്‍മാണ കരാര്‍. ഒരുവര്‍ഷം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാനാണ്
കിയാലിന്റെ നിര്‍ദേശം. കാര്‍ഗോ കൂടാതെ കിയാല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫിസ് കോംപ്ലക്‌സ്, വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്ന സെന്‍ട്രല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ ജീവനക്കാര്‍ക്ക് താമസിക്കാന്‍ 6192 ചതുരശ്ര മീറ്ററില്‍ അഞ്ചുനിലകളിലുള്ള ബാരക് എന്നിവയും നിര്‍മിക്കുന്നുണ്ട്.
സിംഗിള്‍, ഡബിള്‍ റൂമുകളും 356 കിടക്കകളുള്ള ഡോര്‍മിറ്ററിയും ഇതില്‍ ഉള്‍പ്പെടും. നിലവിലെ 3050 മീറ്റര്‍ റണ്‍വേ 4000 മീറ്ററാക്കി മാറ്റാന്‍ വേണ്ട സ്ഥലമെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ട്. കഴിഞ്ഞ ഒരുവര്‍ഷം മുമ്പ് തന്നെ സ്ഥലമേറ്റെടുക്കാനുള്ള നടപടി തുടങ്ങിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. 4000 മീറ്ററായി റണ്‍വേ വികസിപ്പിക്കണമെങ്കില്‍ പുതുതായി 250 ഏക്കര്‍ സ്ഥലമേറ്റെടുക്കണം.
കീഴല്ലൂര്‍ പഞ്ചായത്തിലെ കാനാട് , നല്ലാണി, പനയത്താംപറമ്പ് ഭാഗങ്ങളിലാണ് സ്ഥലമേറ്റെടുക്കുക. കാനാട് പ്രദേശത്തെ കാര്‍ഷികഭൂമി ഉള്‍പ്പെടുന്ന പ്രദേശമാണ് ഇതിലേറെയും. 170ഓളം വീടുകളും ഇതില്‍പ്പെടും.
ഏതാനും മാസം മുമ്പ് ആദ്യപടിയെന്നോണം പനയത്താംപറമ്പ് പരിധിയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിച്ചിരുന്നു. ജനുവരിക്ക് മുമ്പ് സര്‍വേ പൂര്‍ത്തിയാക്കി ഭൂമിയേറ്റെടുക്കാന്‍ കിയാല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചെങ്കിലും നടപടി ഇപ്പോഴും ഫയലില്‍ തന്നെ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നീളാനാണ് സാധ്യത.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss