|    May 24 Wed, 2017 11:42 am
FLASH NEWS

കാരുണ്യ ബനവലന്റ് ഫണ്ട്: മനുഷ്യാവകാശ കമ്മീഷനും കൈയൊഴിയുന്നു

Published : 30th July 2016 | Posted By: SMR

കെ വി ഷാജി സമത

കോഴിക്കോട്: കാരുണ്യ ബനവലന്റ് ഫണ്ട് ഗുണഭോക്താക്കളെ മുനുഷ്യാവകാശ കമ്മീഷനും കൈവിടുന്നു. ധനകാര്യ മന്ത്രി ചെയര്‍മാനായ സമിതി ശുപാര്‍ശ ചെയ്ത് തുക അനുവദിച്ചിട്ടും ചികില്‍സാ ധനസഹായം ലഭിച്ചില്ലെന്നും അത് കിട്ടുന്നതിനാവശ്യമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാറിന് വിവരാവകാശ രേഖകള്‍ മുന്‍നിര്‍ത്തി നല്‍കിയ അപേക്ഷയാണ് പരിഗണിക്കാതിരുന്നത്.
മലപ്പുറം തേഞ്ഞിപ്പലത്തെ ഗുണഭോക്താവ് ചിന്നമ്മുവിന്റെ ഭര്‍ത്താവ് പത്മനാഭന്‍ സമര്‍പ്പിച്ച പരാതിയുടെ ഹിയറിങ് വേളയിലാണ് നിര്‍ധനരും രോഗികളുമായ അമ്പതിനായിരത്തില്‍പരം ആളുകളുടെ കാര്യത്തില്‍ ഇടപെടാനാവില്ല എന്ന് കമ്മീഷന്‍ നിലപാടെടുത്തത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ചികില്‍സാ ധനസഹായം നല്‍കുന്നതിനായി ആവിഷ്‌കരിച്ച കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നു പണം അനുവദിച്ച 55,625 പേര്‍ക്ക് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുക ലഭിച്ചിട്ടില്ല. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഓപറേഷന്‍ വേണ്ടിവന്ന ചിന്നമ്മുവിന് 2013ല്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പണം ലഭിക്കാതായതിനെ തുടര്‍ന്നാണ് ഇവരുടെ ഭര്‍ത്താവ് പത്മനാഭന്‍ പരാതിയുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പരാതി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ കഴിഞ്ഞ മാര്‍ച്ച് 17ന് മലപ്പുറത്ത് നടത്തിയ സിറ്റിങില്‍ ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും, അടുത്ത സിറ്റിങിനു മുമ്പ് ചിന്നമ്മുവിനുള്ള ധനസഹായം ലഭ്യമാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഈ നിര്‍ദേശം നല്‍കി മൂന്നു മാസം പിന്നിട്ടിട്ടും ധനസഹായം ലഭിച്ചില്ല. തുടര്‍ന്നാണ് പത്മനാഭനും ഇദ്ദേഹത്തിന്റെ പരാതി കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന വിവരാവകാശ കൂട്ടായ്മ കോ-ഓഡിനേറ്റര്‍ കെ വി ഷാജിയും കഴിഞ്ഞ ദിവസം തിരൂരില്‍ നടന്ന സിറ്റിങില്‍ ഹാജരായത്. തുക ലഭിച്ചിട്ടില്ലെന്ന വിവരം അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഒരു തീരുമാനവും പറയാന്‍ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ തയ്യാറായില്ല.  സംസ്ഥാനത്ത് ആനുകൂല്യം അനുവദിച്ചിട്ടും പണം ലഭിക്കാത്ത 55,625 പേര്‍ ഉണ്ടെന്നും കാരുണ്യ ബനവലന്റ് ഫണ്ടില്‍ 635 കോടി രൂപ നീക്കിവച്ചിട്ടും തുക വിതരണം ചെയ്യാതിരിക്കുന്നത് മനുഷ്യാവകാശ നിഷേധമാണെന്നും രേഖകള്‍ സഹിതം കമ്മീഷനെ അറിയിച്ചു. ഇത്രയും ആളുകളുടെ കാര്യത്തില്‍ ഇടപെടാനാവില്ലെന്നായിരുന്നു കമ്മീഷന്‍ അംഗത്തിന്റെ മറുപടി.
ഓരോ സാമ്പത്തിക വര്‍ഷവും കോടിക്കണക്കിന് രൂപ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാതെ ബനവലന്റ് ഫണ്ടിലേക്ക് റീഫണ്ട് ചെയ്യപ്പെടുന്നുണ്ട്. ക്യാന്‍സര്‍, ഹൃദ്രോഗം, വൃക്ക രോഗങ്ങള്‍, തലച്ചോര്‍, കരള്‍ എന്നിവയ്ക്കുള്ള ഓപറേഷന്‍, ഹീമോഫീലിയ, ശ്വാസകോശ രോഗം തുടങ്ങിയവയ്ക്ക് ചികില്‍സ നടത്തിയവര്‍ക്കാണ് ആനുകൂല്യം നിഷേധിക്കപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day