|    Oct 20 Fri, 2017 11:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാരുണ്യ ചികില്‍സാ പദ്ധതി ക്രമക്കേട് : ഉമ്മന്‍ചാണ്ടിക്കും മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

Published : 20th March 2017 | Posted By: fsq

 

തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികില്‍സാ പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ധനമന്ത്രി കെ എം മാണി, അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം, മുന്‍ ലോട്ടറി ഡയറക്ടര്‍ ഹിമാന്‍ഷുകുമാര്‍ എന്നിവര്‍ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ഇവര്‍ അഴിമതി നടത്തിയതിന് തെളിവില്ലെന്നും കേസെടുക്കാനാവില്ലെന്നും തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ത്വരിത പരിശോധനാ റിപോര്‍ട്ടില്‍ വ്യക്തമാക്കി. ഇരുനൂറോളം ഫയലുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് വിജിലന്‍സ് കണ്ടെത്തല്‍. അതേസമയം, ഒപി ടിക്കറ്റ് ഹാജരാക്കിയാല്‍ ലഭിക്കുന്ന ഒറ്റത്തവണ ചികില്‍സാസഹായം 3,000 രൂപയില്‍നിന്ന് 5,000 രൂപയായി ഉയര്‍ത്തിയപ്പോള്‍ ഇടനിലക്കാര്‍ ചൂഷണം ചെയ്തതായി സംശയമുണ്ട്. സംഘടിതമായ ശ്രമത്തിലൂടെ ഇടനിലക്കാര്‍ പണം കൈക്കലാക്കുകയായിരുന്നു. പഞ്ചായത്ത് തലത്തിലുള്ളവരാണോ ഇതിന് പിന്നിലുള്ളതെന്ന് പരിശോധിക്കണം. 2011 മുതല്‍ 2015 വരെ കാരുണ്യ ലോട്ടറിയുടെ വിറ്റുവരവില്‍ സര്‍ക്കാരിന് 1969 കോടി രൂപയാണ് ലഭിച്ചത്. കാരുണ്യ ഫണ്ടില്‍നിന്ന് വര്‍ഷത്തില്‍ ഒരുശതമാനം മാത്രം ഭരണച്ചെലവിലേക്കായി ഉപയോഗിക്കാമെന്നിരിക്കെ 2012-13 കാലഘട്ടത്തില്‍ കൂടുതല്‍ തുക വിനിയോഗിച്ചു. പദ്ധതിയുടെ ആദ്യഘട്ടമായിരുന്നതിനാലാണ് ഇതെന്നാണ് വിജിലന്‍സിന് ലഭിച്ച വിശദീകരണം. ഈ തുക പദ്ധതിയുടെ അന്നത്തെ നോഡല്‍ ഓഫിസറില്‍നിന്ന് ഈടാക്കണം. ഒരു സാമ്പത്തിക വര്‍ഷത്തില്‍പ്പോലും പദ്ധതി സംബന്ധിച്ച് കൃത്യമായ ഓഡിറ്റിങ് നടക്കാതിരുന്നത് ഗുരുതര വീഴ്ചയാണ്. ഇപ്പോള്‍ നടക്കുന്ന അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ അഴിമതി നിരോധന നിയമപ്രകാരം തുടര്‍നടപടി സ്വികരിക്കാമെന്നും റിപോര്‍ട്ട് നിര്‍ദേശിക്കുന്നു. കാരുണ്യ ലോട്ടറിയുടെ മൊത്തം വരുമാനം ചികില്‍സാസഹായമായി നല്‍കിയില്ല. പദ്ധതിയുടെ ധനസഹായം അനര്‍ഹര്‍ക്കാണ് കൂടുതല്‍ നല്‍കിയത്. ഉപഭോക്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ ക്രമക്കേട് നടത്തി തുടങ്ങിയ ആരോപണങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ട് മലപ്പുറം സ്വദേശി കൃഷ്ണകുമാറാണ് കോടതിയെ സമീപിച്ചത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂനിറ്റ് ഒന്നിലെ ഡിവൈഎസ്പി ബി ഉദയകുമാറാണ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. അടുത്തമാസം കോടതി റിപോര്‍ട്ട് പരിഗണിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക