|    Jul 22 Sat, 2017 12:26 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കാരുണ്യത്തിന്റെ കൈയൊപ്പ് തേടി ഷംനയും ഹസനും ഇന്ന് മുഖ്യമന്ത്രിക്ക് മുന്നില്‍

Published : 29th February 2016 | Posted By: SMR

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പേരില്‍ കഴിഞ്ഞ റിപബ്ലിക്ക് ദിനത്തില്‍ പിആര്‍ഡി മുഖേന ചില മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വിവാദ പരസ്യത്തിലെ കുട്ടികളായ ഷംനയും ഹസനും ഇന്ന് മുഖ്യമന്ത്രിയെ കാണാന്‍ എത്തുന്നു. വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ഇന്ന് കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ എത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ നേരിട്ട് സങ്കടം ബോധിപ്പിക്കാനാണ് എല്ല് പൊടിയുന്ന (ഒസ്‌റ്റോജെനസിസ് ഇംപെര്‍ഫെക്ട്) രോഗമുള്ള ഇരുവരും എത്തുന്നത്. ‘
ഇവരുടെ സംരക്ഷണം നമ്മുടെ കടമ’ എന്ന പേരില്‍ കഴിഞ്ഞ മാസം 26ന് സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിലെ കുട്ടികളാണ് ഇരുവരും. യഥാര്‍ഥത്തില്‍ ഇവര്‍ക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയായ കരുതല്‍ 2015ല്‍ എത്തിയ ഈ രണ്ട് കുട്ടികളുടെ ചിത്രങ്ങളാണ് പരസ്യത്തില്‍ ഉപയോഗിച്ചത്.
എന്‍സോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഇവരെ ഉള്‍പ്പെടുത്തി ചികില്‍സാ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മധൂര്‍ പഞ്ചായത്തിലെ ചെട്ടുംകുഴിയില്‍ താമസിക്കുന്ന സീതി-മൈമൂന ദമ്പതികളുടെ മക്കളായ ഷംന (15), ഹസന്‍ (ഒന്നര) എന്നിവര്‍ കഴിഞ്ഞ മാര്‍ച്ചില്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിക്ക് എത്തിയിരുന്നു. അന്ന് ഇവരുടെ ഫോട്ടോ പിആര്‍ഡി പകര്‍ത്തിയിരുന്നു. ഈ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ അവകാശവാദങ്ങള്‍ നിരത്തി സര്‍ക്കാര്‍ പരസ്യം നല്‍കിയത്. അന്ന് നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി ഹസന് ഒരു ലക്ഷം രൂപയും ഷംനയ്ക്ക് 35,000 രൂപയും ചികില്‍സാ സഹായം അനുവദിച്ചിരുന്നു. 2011,13 വര്‍ഷങ്ങളില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മെഡിക്കല്‍ ക്യാംപുകളില്‍ ഹസനും ഷംനയും എത്തിയിരുന്നു. എന്നാല്‍, ഇവര്‍ താമസിക്കുന്ന മധൂര്‍ പഞ്ചായത്ത് ദുരിതമേഖലയില്‍ ഉള്‍പ്പെട്ടില്ലെന്ന കാരണം പറഞ്ഞ് ആനുകുല്യങ്ങള്‍ നിഷേധിക്കുകയായിരുന്നു.
സര്‍ക്കാര്‍ നല്‍കിയ പരസ്യം വിവാദമായതിനെ തുടര്‍ന്ന് ഈ കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും പണം ഇതുവരെ കിട്ടിയിട്ടില്ല. മാത്രവുമല്ല നിരന്തരം ചികില്‍സ വേണ്ടിവരുന്ന ഈ കുട്ടികള്‍ താമസിക്കുന്ന മധൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍പെട്ട ചെട്ടുംകുഴിയില്‍ റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നു.
റോഡിന്റെ അറ്റകുറ്റപ്പണി യില്‍ നിന്നും കരാറുകാരന്‍ ഒഴിവായതോടെ ഇവരുടെ ചികില്‍സയ്ക്കുള്ള യാത്രയും മുടങ്ങിയിരിക്കയാണ്. തന്റെ കുടുംബത്തോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാരുണ്യം കാണിച്ചിട്ടുണ്ടെന്നും മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് കുട്ടികളെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ചികില്‍സയും അര്‍ഹിക്കുന്ന മറ്റ് ആനുകൂല്യങ്ങള്‍ നല്‍കാന്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാതാവ് മൈമൂന തേജസിനോട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക