|    Jan 24 Tue, 2017 7:02 pm
FLASH NEWS

കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി കാളികാവ് ഹിമ ഉദ്ഘാടനത്തിനൊരുങ്ങുന്നു

Published : 5th October 2016 | Posted By: Abbasali tf

കാളികാവ്: ജീവകാരുണ്യ സേവന രംഗത്തെ പുതിയ കാല്‍വയ്പായ ഹിമ ഉദ്ഘാടനത്തിനൊരുങ്ങുന്നു. കാളികാവ് പഞ്ചായത്തിലെ അടയ്ക്കാ കുണ്ടിലാണ് മലയോരത്തിന് പ്രതീക്ഷയായ ഹിമ കെയര്‍ ഹോമുകള്‍ യാഥാര്‍ഥ്യമാവുന്നത്. ജീവകാരുണ്യ രംഗത്ത് ബഹുമുഖ പദ്ധതി കളാണ് ഹിമ ലക്ഷീകരിക്കുന്നത്. ബന്ധങ്ങള്‍ വേരറ്റുപോവുകയും ശിഥിലമാവുകയും ചെയ്യുന്നുവെന്നതാണ് നമ്മുടെ സാമൂഹിക  കുടുംബ ജീവിതത്തിന്റെ വര്‍ത്തമാനം. ദാമ്പത്യ തകര്‍ച്ച, വാര്‍ധക്യം, നിത്യരോഗങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഒരു കൈത്താങ്ങ് തേടുന്നവര്‍ നമുക്കു ചുറ്റും എറി വരുന്നു. ഇത്തരം വേദന തിന്നുന്നവര്‍ക്ക് സാന്ത്വനവും കുടുംബ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായിട്ടാണ് സ്‌നേഹത്തിന്റെയും ദയാവായ്പിന്റെയും അഭയകേന്ദ്രം എന്ന് പൂര്‍ണാര്‍ത്ഥം വരുന്ന ഹിമ എന്നൊരാശയം കാളികാവ് മസ്ജിദ് യഅ ഖൂബി ഖതീബായിരുന്ന ഫരീദ് റഹ്മാനിയുടേയും സഹപ്രവര്‍ത്തകന്‍ സലാം ഫൈസി ഇരിങ്ങാട്ടിരിയുടേയും മനസ്സില്‍ പിറവിയെടുക്കുന്നത്. ദമ്പതികള്‍ക്ക് മനസു തുറക്കാനും അതുവഴി അകലുന്ന ബന്ധങ്ങളുടെ നൂലിഴകളെ അടുപ്പിക്കുവാനും  മക്കളും മാതാപിതാക്കളും തമ്മിലെ ബന്ധം ഊഷ്മളമാക്കുവാനും അവസരമൊരുക്കുന്ന ഒരു ഫാമിലി കൗണ്‍സലിങ് സെന്ററായിരുന്നു ആദ്യ ലക്ഷ്യം. എന്നാല്‍ വിളക്കിച്ചേര്‍ക്കാന്‍ കണ്ണികളുള്ളിടത്ത് മാത്രമെ കൗണ്‍സലിങ് സെന്ററിന് പ്രസക്തിയുള്ളൂ. സംരക്ഷകരില്ലാതെ ഉപേക്ഷിക്കപ്പെടുന്ന നിത്യ രോഗികളും മനോവൈകല്യമുള്ളവരും മനമുരുകും കാഴ്ചയാണ് നമുക്കിന്ന്. അവര്‍ക്ക് അനിവാര്യമായ ചികില്‍സാ സൗകര്യങ്ങളൊരുക്കി ഡോക്ടര്‍മാരുടെയും ഹോം നഴ്‌സുമാരുടെയും പരിശീലനം നേടിയ സന്നദ്ധ സേവകരുടേയും സ്‌നേഹപരിചരണത്തിന് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഒരു കെയര്‍ ഹോം അതോടൊപ്പം തുടങ്ങേണ്ടതുണ്ട് എന്ന കാര്യം മൂന്ന് വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളിലൂടെ അവര്‍ തിരിച്ചറിഞ്ഞു. മനസ്സില്‍ രൂപപ്പെട്ട ഈ ആശയങ്ങള്‍ എങ്ങനെ യാഥാര്‍ഥ്യമാക്കും. സ്ഥലസൗകര്യങ്ങള്‍ക്കായി പലരേയും അവര്‍ സമീപിച്ചു. പരിഹാരമുണ്ടായില്ല. അവസാനം കാളികാവ് അടയ്ക്കാകുണ്ടിലെ പൗരപ്രമുഖനായ ബാപ്പു ഹാജിയുടെ മുന്നില്‍ ഈ പദ്ധതി സമര്‍പ്പിച്ചപ്പോള്‍ സ്ഥലം നല്‍കാന്‍ അദ്ദേഹം  സന്നദ്ധത പ്രകടിപ്പിച്ചു. സംരംഭത്തെകുറിച്ച്  അദ്ദേഹവും ഫരീദ് റഹ്മാനിയും സലാം ഫൈസിയും പണ്ഡിതോപദേശം തേടിയപ്പോള്‍ അന്നത്തെ സമസ്ത പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്‌ല്യാരും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും വലിയ താല്‍പര്യത്തോടെ അനുവാദം നല്‍കുകയായിരുന്നു. അതോടൊപ്പം  തങ്ങളോട് ഈ സ്ഥാപനത്തിന്റെ മുഖ്യ രക്ഷാധികാരിയാവാന്‍ ആവശ്യപ്പെട്ടപ്പോള്‍ സസന്തോഷം  ഏറ്റെടുക്കുകയും ചെയ്തു. മര്‍ഹൂം ചെറുശേരി ഉസ്താദും ബഹു. കോട്ടുമല ബാപ്പു മുസ്‌ല്യാരും ഈ സംവിധാനത്തിന്റെ രക്ഷാധികാരികളായി. ബാപ്പു ഹാജി ദാനമായി നല്‍കിയ 3 ഏക്കര്‍ സ്ഥലത്ത് 2014 ഫെബ്രുവരി 5ന് ഹിമയുടെ ശിലാസ്ഥാപനം നടന്നു. വിശാലമായ സൗകര്യങ്ങളോടെ ഹിമ  ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. ആരോരുമില്ലാത്തവരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍ മിക്കതും പ്രവര്‍ത്തിക്കുന്നത്  ഓരോ ആശുപത്രി അന്തരീക്ഷത്തിലാണെങ്കില്‍ ഹിമ തീര്‍ത്തും വ്യത്യസ്ഥമായ രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. ആരോഗ്യ പരിചരണത്തിന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ക്ലിനിക്കും ഗൃഹാതുരത്വം നല്‍കുന്ന റിസോട്ട് മാതൃകയിലുള്ള ആറ് വില്ലകളും കാന്റീനും പ്രാര്‍ഥനാ സൗകര്യവുമാണ് കോമ്പൗണ്ടിലുള്ളത്. പശ്ചിമ ഘട്ടത്തിന്റെ താഴ്‌വരയില്‍ സ്‌നേഹ പരിചരണത്തിന്റെ തണലൊരുക്കാന്‍ നൂറംഗ സന്നദ്ധ സേവകര്‍ പരിശീലനം നേടി വരികയാണ്. നാട്ടിലെയും മറുനാട്ടിലെയും ഉദാരമതികളുടെ സഹായഹസ്തങ്ങളും ഫരീദ് റഹ്മാനിയുടേയും സഹപ്രവര്‍ത്തകരായ സലാം ഫൈസി, സുലൈമാന്‍ ഫൈസി ബഹാഉദീന്‍ ഫൈസി തുടങ്ങിയവരുടെയും ആശയങ്ങളും ബാപ്പു ഹാജിയുടെ സമര്‍പ്പണവും ഒത്തുചേര്‍ന്നപ്പോള്‍ കിഴക്കനേറ നാട് കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി മറ്റൊരു ചരിത്രം തീര്‍ക്കുകയായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക