|    Apr 23 Mon, 2018 11:34 am
FLASH NEWS

കാരായി ചന്ദ്രശേഖരന്റെ രാജി; തലശ്ശേരി നഗരസഭാ യോഗത്തില്‍ ബഹളം

Published : 9th February 2016 | Posted By: SMR

തലശ്ശേരി: ഫസല്‍ വധ ഗൂഢാലോച—നക്കേസ് പ്രതിയായ തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ കാരായി രാജന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തലശ്ശേരി നഗരസഭാ യോഗത്തില്‍ ബഹളം. സഭയ്ക്കകത്തും പുറത്തും പ്രതിഷേധം അലയടിച്ചു.
കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോള്‍ തന്നെ ചെയര്‍മാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ കെ പി സാജിതയാണ് വിഷയം ഉന്നയിച്ചത്. എന്നാല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച വൈസ് ചെയര്‍മാനും ഭരണകക്ഷി അംഗങ്ങളും ഇത് തടസ്സപ്പെടുത്തി. ഇതോടെ കൗണ്‍സിലില്‍ ബഹളവും വാക്കേറ്റവുമുണ്ടായി.
അടിയന്തര കൗണ്‍സിലായതിനാല്‍ രാജി ആവശ്യപ്പെടുന്ന പ്രമേയം അനുവദിക്കാനാവില്ലെന്നു ഭരണപക്ഷം അറിയിച്ചതോടെ യുഡിഎഫ്, ബിജെപി അംഗങ്ങള്‍ കൗണ്‍സിലില്‍ യോഗം ബഹിഷ്‌കരിച്ചു. പുറത്തിറങ്ങിയ കൗണ്‍സിലര്‍മാര്‍ പിന്നീട് ഓഫിസിന് മുന്നില്‍ ഒരു മണിക്കൂറോളം മുദ്രാവാക്യം വിളിക്കുകയും ധര്‍ണ നടത്തുകയും ചെയ്തു. കോടതി അനുമതി ലഭിച്ചാല്‍ മാത്രം ചില മണിക്കൂര്‍ നേരത്തേക്ക് നഗരസഭയിലെത്തുന്ന ചെയര്‍മാന് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനോ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനോ കഴിയാത്ത സ്ഥിതിയാണെന്നും പ്രധാന തീരുമാനങ്ങളില്‍ ഒപ്പുവയ്ക്കാന്‍ പോലും എറണാകുളത്ത് പോവേണ്ടേ സ്ഥിതിയാണെന്നും സാജിത ടീച്ചര്‍ ആരോപിച്ചു. ബജറ്റ് ആസൂത്രണം ചെയ്യേണ്ട സമയാരംഭിച്ചിട്ടും യാതൊരു പ്രവര്‍ത്തനവും ഇത് സംബന്ധിച്ച് ഇതുവരെ ഉണ്ടായില്ലെന്ന് കൗണ്‍സിലര്‍ എം വി അരവിന്ദാക്ഷന്‍ പറഞ്ഞു. അതിനാല്‍ രാജി പ്രഖ്യാപിക്കുന്നത് വരെ പ്രതിഷേധവും പ്രക്ഷോഭവും കൗണ്‍സിലനകത്തും പുറത്തും നടത്തുമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.
എന്നാല്‍ നഗരസഭയില്‍ ഭരണ സ്തംഭനമില്ലെന്നും അടിയന്തിരഘട്ടങ്ങളില്‍ ചെയര്‍മാന്‍ കൗണ്‍സിലില്‍ വരാറുണ്ടെന്നും വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മ ഹാഷിം പറഞ്ഞു.
കൗണ്‍സിലിലെ പ്രക്ഷുബ്ദ രംഗങ്ങള്‍ക്കിടെ പുറത്തും ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് ധര്‍ണ നടത്തി എസ്ഡിപിഐ, മുസ്‌ലിംലീഗ്, ബിജെപി പാര്‍ട്ടികളാണ് ധര്‍ണ നടത്തിയത്. എസ്ഡിപിഐ നടത്തിയ മുനിസിപ്പല്‍ ഓഫിസ് ധര്‍ണ കോഴിക്കോട് ജില്ലാ സെക്രട്ടറി സാലിം അഴിയൂര്‍ ഉദ്ഘാടനം ചെയ്തു. ധര്‍ണയ്ക്ക് മുന്നോടിയായി നഗരത്തില്‍ പ്രകടനവും നടത്തി. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍, എ സി ജലാലുദ്ദീന്‍, മഷൂദ്, അഷ്‌റഫ് മട്ടാമ്പ്രം സംസാരിച്ചു. യൂത്ത് ലീഗ് ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് ഉദ്ഘാടനം ചെയ്തു. കെ പി താഹിര്‍, മഹ്മൂദ് സംസാരിച്ചു.
ബിജെപി നടത്തിയ ധര്‍ണ എന്‍ ഹരിദാസ് ഉദ്ഘാടനം ചെയ്തു. കേസില്‍ മറ്റൊരു പ്രതിയായിരുന്ന സിപിഎം ജില്ലാ കമ്മിറ്റിയംഗം കാരായി രാജന്‍ ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് രാജിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.
എന്നാല്‍, കാരായി ചന്ദ്രശേഖരന്റെ രാജിക്കാര്യം ഏരിയാ കമ്മിറ്റി തീരുമാനിക്കുമെന്നാണ് അറിയിച്ചിരുന്നത്. അതിനിടെ, അടുത്ത വെള്ളിയാഴ്ചയോടെ ചന്ദ്രശേഖരന്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചേക്കുമെന്നാണു സൂചന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss