|    Dec 13 Thu, 2018 2:49 am
FLASH NEWS

കാരാപ്പുഴയില്‍ ഒരു പൂന്തോപ്പൊരുങ്ങുന്നു ; ബോട്ട് സര്‍വീസും താമസ സൗകര്യവും ഉടന്‍ ആരംഭിക്കും

Published : 3rd May 2017 | Posted By: fsq

 

മേപ്പാടി: കാരാപ്പുഴയിലേക്ക് വിനോദ സഞ്ചാരികളെ  ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട റോസ് ഗാര്‍ഡന്‍ നിര്‍മാണം അന്തിമഘട്ടത്തിലെത്തി. രണ്ട് ഘട്ടങ്ങളിലായി   കേന്ദ്ര-സംസ്ഥാന   സര്‍ക്കാറുകളുടെ  ഏഴ് കോടി  രൂപയാണ്  പദ്ധതിക്കായി ചിലവഴിച്ചത്   ഈ പദ്ധതി പ്രവൃത്തിയാണ്   പുരോഗമിക്കുന്നത്. പന്ത്രണ്ട്  ഏക്കറോളം   വിസ്തൃതിയിലാണ് ഇറിഗേഷന്‍ വകുപ്പിന്റെ  ഉടമസ്ഥതയില്‍ ഉള്ള  ഡാമിനോട് ചേര്‍ന്ന  സ്ഥലത്ത് പൂങ്കാവനം  ഒരുങ്ങുന്നത്. ഇതോടനുബന്ധിച്ച്  ചില്‍ഡ്രന്‍സ്   പാര്‍ക്കും  തയ്യാറായി  വരുന്നു.  ബോട്ട് സര്‍വീസ്, താമസ  സൗകര്യങ്ങള്‍   തുടങ്ങി   വിവിധ പദ്ധതികള്‍   നടപ്പാക്കും.  കാരാപ്പുഴ ഡാമും പരിസരവും മോടിപിടിപ്പിച്ച് സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതിക്ക് 2011ലാണ് അനുമതി ലഭിച്ചത്. മൊത്തം 50 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത്. 4.92 കോടി രൂപയുടെ പദ്ധതി അംഗീകരിച്ച് ആദ്യഘട്ടത്തില്‍ 3.93 കോടി രൂപ കേന്ദ്രം അനുവദിച്ചു. മൂന്നാംഘട്ടത്തില്‍ രണ്ട് വ്യൂ ടവറുകള്‍ സ്ഥാപിക്കല്‍, പൂമ്പാറ്റകളുടെ പാര്‍ക്ക്, ഡാം പരിസരം മോടിയാക്കല്‍, പടവുകള്‍ നിര്‍മിക്കല്‍, സാഹസിക സഞ്ചാരത്തിനുള്ള റോഡ് നിര്‍മാണം, മുള കൊണ്ടുള്ള പവലിയന്‍, മുളപ്പാലം, താമരക്കുളം, മീന്‍പിടിക്കല്‍ കേന്ദ്രം, ഇതിനുള്ള ഉപകരണങ്ങള്‍ വാങ്ങല്‍, ചെടികളുപയോഗിച്ചുള്ള മതില്‍ നിര്‍മാണം, പാര്‍ക്കിങ് ഏരിയ, സൂചക ബോര്‍ഡ് സ്ഥാപിക്കല്‍, ഡാം പരിസരത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിക്കല്‍, ജലസേചന സൗകര്യമൊരുക്കല്‍, വൈദ്യുതീകരണം, സോളാര്‍ ബോട്ട്, ഓപ്പണ്‍ പവലിയന്‍, മുള പാര്‍ക്കില്‍ കുളം നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തികളാണ് നിര്‍ദേശിച്ചിട്ടുള്ളത്. ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ 18 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാണ് വര്‍ക്കിങ് ഗ്രൂപ്പ് യോഗം നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. സൗന്ദര്യവല്‍ക്കരണ പദ്ധതി തുടക്കം മുതല്‍ ഇഴഞ്ഞുനീങ്ങുന്നതിനാല്‍ മൂന്നാംഘട്ടം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാവുമോ എന്നതില്‍ സംശയമുണ്ട്. ഒന്നാംഘട്ടം 24 മാസം കൊണ്ടു പൂര്‍ത്തിയാക്കണമെന്ന കേന്ദ്രത്തിന്റെ നിബന്ധന പാലിക്കാന്‍ ടൂറിസം വകുപ്പിന് കഴിഞ്ഞിരുന്നില്ല. നടപടികള്‍ പൂര്‍ത്തിയാക്കി 2013ലാണ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞത്.  നിലവില്‍ അഞ്ചു കെട്ടിടങ്ങള്‍ ഡാം പരിസരത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്ലംബിങ്, ഫ്‌ളോറിങ് ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍, ടോയ്‌ലറ്റുകള്‍, വീഡിയോഹാള്‍, പാര്‍ക്കിങ് ഏരിയ, നടപ്പാതകള്‍, വിശ്രമകേന്ദ്രം, ചെറുകിട കോഫി പാര്‍ലറുകള്‍, കരകൗശല വസ്തുക്കള്‍, സുവനീര്‍ ഷോപ്പ് എന്നീ സൗകര്യങ്ങളാണ് ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്തത്. ഓപണ്‍ എയര്‍ തിയേറ്റര്‍, വീഡിയോ ഹാള്‍, സ്മാരകവും സുഗന്ധവ്യജ്ഞന വില്‍പന സ്റ്റാളുകളും സ്ഥാപിക്കല്‍, ഡാം പരിസരത്തെ വൈദ്യുതാലങ്കാരം, ബോട്ട് ജെട്ടി, സഞ്ചാരികള്‍ക്ക് താമസസൗകര്യം തുടങ്ങിയ സൗകര്യങ്ങളും പൂര്‍ത്തിയാവുന്നതോടെ കാരാപ്പുഴ രാജ്യത്തെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss