|    Apr 21 Sat, 2018 1:45 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കാരാട്ട് കാണാത്ത ഫാഷിസം

Published : 20th September 2016 | Posted By: SMR

ശംസുല്‍  ഇസ്‌ലാം

ഇക്കഴിഞ്ഞ സപ്തംബര്‍ 6ന് സഖാവ് പ്രകാശ് കാരാട്ട് ദ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ആര്‍എസ്എസും ബിജെപിയുമടങ്ങുന്ന സംഘപരിവാര ശക്തികളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും വിശകലനം ചെയ്തുകൊണ്ട് ‘നിങ്ങളുടെ ശത്രുവിനെ അറിയുക’ എന്ന തലക്കെട്ടിലൊരു ലേഖനം എഴുതിയിരുന്നു. ദേശീയതലത്തില്‍ കരുത്താര്‍ജിച്ച ഹിന്ദുത്വശക്തികളുടെ ഫാഷിസം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ട ഇടതുപക്ഷത്തിന്റെ നിസ്സഹായതയാണ് അതില്‍ തെളിഞ്ഞുകാണുന്നത്. ആര്‍എസ്എസ് ഒരു ഫാഷിസ്റ്റ് സംഘടനയല്ലെന്നു തെളിയിക്കാന്‍ വേണ്ടി കാരാട്ടിന്റെ ഈ ലേഖനം അവര്‍ വ്യാപകമായി പ്രചരിപ്പിക്കുമെന്നതില്‍ എനിക്കു സംശയമില്ല.
തന്റെ വാദം ന്യായീകരിക്കാന്‍ വേണ്ടി സഖാവ് ഫാഷിസത്തെക്കുറിച്ചുള്ള പരമ്പരാഗത നിര്‍വചനത്തെയാണ് കൂട്ടുപിടിച്ചത്. മുതലാളിത്തത്തിലും അമിത ദേശഭക്തിയിലും അധിഷ്ഠിതമായ തനി പിന്തിരിപ്പന്‍ സ്വേച്ഛാധിപത്യമാണ് ഫാഷിസമെന്നാണ് കാരാട്ട് വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ ഫാഷിസം ഇല്ലെന്നും ഇന്നത്തെ രാഷ്ട്രീയ-സാമ്പത്തിക-വര്‍ഗ സ്ഥിതിഗതികള്‍ ഫാഷിസ്റ്റ് ഭരണകൂടം സ്ഥാപിക്കുന്നതിന് അനുയോജ്യമല്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. മുതലാളിത്ത വ്യവസ്ഥയ്ക്ക് പ്രതിസന്ധിയുണ്ടാക്കുന്ന ഒരു ഭീഷണിയും നിലവിലില്ല. ഇന്നത്തെ ഭരണാധികാരികള്‍ അവരുടെ ഭരണത്തിനെതിരേ ഒരു വെല്ലുവിളിയും നേരിടുന്നുമില്ല. നിലവിലുള്ള ബൂര്‍ഷ്വാ പാര്‍ലമെന്ററി വ്യവസ്ഥയെ പുറത്താക്കാന്‍ ഭരണകൂടത്തിലെ ഒരു വിഭാഗവും ഇപ്പോള്‍ ശ്രമിക്കുന്നില്ലെന്നും കാരാട്ട് വിശദീകരിക്കുന്നു. എന്നാല്‍, ഇതു പറയുമ്പോള്‍ തന്നെ ഇന്നത്തെ ഇന്ത്യയിലെ ഭരണനേതൃത്വം അര്‍ധഫാഷിസ്റ്റ് സംഘടനയായ ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്നവരാണെന്നോ ഏകാധിപത്യരാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരാണെന്നോ ഉറപ്പിച്ചുപറയാനും കാരാട്ടിനു സാധിക്കുന്നില്ല.
ചരിത്രം ഒരിക്കലും അതേപടി ആവര്‍ത്തിക്കില്ലെന്നു ബുദ്ധിജീവിയായ കാരാട്ടിന് അറിയാതിരിക്കില്ല. രണ്ടു രാഷ്ട്രീയ സംഭവങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കും. ഒരേ പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ നടന്ന റഷ്യന്‍ വിപ്ലവവും ചൈനീസ് വിപ്ലവവുമാണ് അതിന് ഉദാഹരണം. രണ്ടു വിപ്ലവവും നടന്ന രീതിയിലും അതുകൊണ്ടുണ്ടായ ഫലത്തിലും വ്യത്യസ്തത കാണാം. ഇക്കാര്യത്തില്‍ സിപിഎം, സിപിഐ സംഘടനകള്‍ നിരവധി സംവാദങ്ങള്‍ നടത്തിയതും കാരാട്ടിന് അറിയാം. ഹിന്ദുത്വ ഫാഷിസം യൂറോപ്യന്‍ ഫാഷിസത്തിന്റെ തനിപ്പകര്‍പ്പായിരിക്കില്ല. എന്നാല്‍, അതിന്റെ എല്ലാ ചേരുവകളും ഹിന്ദുത്വ ഫാഷിസത്തിനുണ്ട് എന്നതാണ് വാസ്തവം.
സംഘപരിവാരശക്തികളുടെ പ്രത്യയശാസ്ത്രത്തെയും അവരുടെ ലക്ഷ്യത്തെയും കുറിച്ച് കാരാട്ടിനു മാത്രമല്ല, മറ്റ് ഇടതുപക്ഷ നേതാക്കള്‍ക്കും സംശയമുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ചില പുരോഗമന ബുദ്ധിജീവികള്‍ക്കും മാത്രമാണ് ഹിന്ദുത്വ സംഘടനകള്‍ ഭീഷണി ഉയര്‍ത്തുന്നതെന്നാണ് അവര്‍ കരുതുന്നത്. ഹിന്ദുത്വത്തിന്റെ പാതയില്‍ സമൂഹത്തെയും വ്യവസ്ഥയെയും പുനഃക്രമീകരിക്കാനും ഫാഷിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കാനുമുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനം നടക്കുന്ന കാര്യം അവര്‍ മനസ്സിലാക്കുന്നില്ല. ഹിന്ദുത്വശക്തികള്‍ വരുംനാളുകളില്‍ സ്വയം മതേതരവും ജനാധിപത്യപരവുമാകുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.
ഹിന്ദുത്വ പ്രതിഭാസത്തെ ആഴത്തില്‍ പഠിക്കാത്തതുകൊണ്ടാണ് അവര്‍ ഇങ്ങനെ ചിന്തിക്കുന്നത്. മതേതര പുരോഗമന ആശയങ്ങള്‍ക്കെതിരായ ഈ ശക്തികള്‍ ജനാധിപത്യ മതേതര ഇന്ത്യക്ക് ഫാഷിസ്റ്റ് ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് അവര്‍ കരുതുന്നതും അതുമൂലമാണ്. ഹിന്ദുത്വരുടെ ‘ഭാരത് മാതാ’ ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരാണെന്ന കാര്യം മനസ്സിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുകയാണ്.
പേഷ്വാരാജിനു ശേഷമുണ്ടായ ബ്രാഹ്മണ ഹിന്ദുവ്യവസ്ഥയിലാണ് ‘ഭാരത്മാതാ’ എന്ന ആശയം വന്നത്. ഈ ഭരണകാലത്ത് ശൂദ്രന്മാരെയും സ്ത്രീകളെയും മനുഷ്യരായി ഗണിച്ചിരുന്നില്ല. ആര്യന്‍മാര്‍ക്ക് ആധിപത്യം നല്‍കുന്ന ഹിന്ദു ദേശീയതയെ ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വം ഫാഷിസം തന്നെയാണ്. ഫാഷിസത്തിന്റെ ഒഴിച്ചുകൂടാത്ത ഘടകമായ വംശീയത, ജാതീയതയെന്ന വ്യാജപ്പേരിലാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. ജൂതന്‍മാര്‍ക്കു പകരം ഇവിടെ മുസ്‌ലിം-ക്രിസ്ത്യന്‍ സമൂഹത്തെയാണ് ഇവര്‍ എതിര്‍ക്കുന്നത്. ലോകത്ത് ആധിപത്യം നേടണമെന്നാണ് ഫാഷിസ്റ്റ് ലക്ഷ്യമെങ്കില്‍ ഇവിടെ ആര്യന്‍മാരായ ഹിന്ദുക്കളുടെ മേല്‍ക്കോയ്മ വേണമെന്നാണ് ഹിന്ദുത്വം ആഗ്രഹിക്കുന്നത്.
ഫാഷിസത്തിന്റെ അടിസ്ഥാനം ആര്യവംശത്തിന്റെ ആധിപത്യമാണ്. ഹിന്ദുത്വ സൈദ്ധാന്തികരായ വി ഡി സവര്‍ക്കറും (ദ ഹിന്ദുത്വ, 1923) എം എസ് ഗോള്‍വാള്‍ക്കറും (നമ്മുടെയും നമ്മുടെ രാജ്യത്തിന്റെയും നിര്‍വചനം, 1939) അവകാശപ്പെടുന്നത് സംസ്‌കൃതം സംസാരിക്കുന്ന വെള്ളത്തൊലിയുള്ള ഹിന്ദു ആര്യന്‍മാരായിരുന്നു ഒരുകാലത്ത് ലോകത്തെ ഭരിച്ചിരുന്നത് എന്നാണ്. ഭാവിയില്‍ ലോകത്ത് ഈ ഭരണം വരുമെന്നും അവര്‍ അവകാശപ്പെടുന്നു. ഹിന്ദുസ്ഥാന്‍ ഹിന്ദു ദേശീയതയുള്ളവര്‍ക്കു മാത്രമുള്ളതായിരുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രപ്രകാരം ഹിന്ദുസമൂഹത്തെ ആര്യന്മാരും ആര്യന്‍മാരല്ലാത്തവരുമായി വേര്‍തിരിച്ചിട്ടുണ്ട്. ആര്യന്‍മാര്‍ അല്ലാത്തവരോടുള്ള ഹിന്ദുത്വരുടെ വിരോധം വളരെ വ്യക്തമാണ്.
കേരളത്തില്‍ ആര്യന്‍മാരല്ലാത്ത ഹിന്ദുക്കളില്‍ സങ്കരജാതികളെ ഉല്‍പാദിപ്പിക്കുന്നതിനു വേണ്ടി നടത്തിയ പ്രവര്‍ത്തനം ഗോള്‍വാള്‍ക്കര്‍ മഹത്ത്വവല്‍ക്കരിക്കുന്നുണ്ട്. ഗുജറാത്ത് സര്‍വകലാശാലയിലെ സാമൂഹികശാസ്ത്ര വിഭാഗം വിദ്യാര്‍ഥികളോട് പ്രഭാഷണം നടത്താന്‍ 1960 ഡിസംബര്‍ 17ന് ഗോള്‍വാള്‍ക്കറെ ക്ഷണിച്ചിരുന്നു. ആ പ്രഭാഷണത്തില്‍ താന്‍ വിശ്വസിക്കുന്ന വംശസിദ്ധാന്തത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഇന്ത്യന്‍ സമൂഹത്തിലെ സങ്കരജാതികളെക്കുറിച്ചുള്ള ചരിത്രത്തിലെ പ്രശ്‌നങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു. ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ 1960 ജനുവരി 2ന് അദ്ദേഹത്തിന്റെ പ്രസംഗം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്:
”ഇക്കാലത്ത് മൃഗങ്ങളില്‍ മാത്രമാണ് സങ്കരജാതികളെ ഉല്‍പാദിപ്പിക്കുന്ന പരീക്ഷണം നടക്കുന്നത്. ആധുനിക ശാസ്ത്രജ്ഞന്‍മാര്‍ പോലും ഈ പരീക്ഷണം മനുഷ്യരില്‍ നടത്താന്‍ ധൈര്യം കാണിച്ചിട്ടില്ല. മനുഷ്യരുടെ ഇടയില്‍ ചില സങ്കരജാതികള്‍ ഉണ്ടായതാകട്ടെ ശാസ്ത്രപരീക്ഷണം മൂലമല്ലതാനും. വിഷയാസക്തിയാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. നമ്മുടെ പൂര്‍വികര്‍ ഈ രംഗത്ത് നടത്തിയ പരീക്ഷണങ്ങളുണ്ട്. മികച്ച മനുഷ്യജാതിയെ ജനിപ്പിക്കുന്നതിനു വേണ്ടി വടക്കുഭാഗത്തുള്ള ചില ബ്രാഹ്മണരെ കേരളത്തിലേക്കു കൊണ്ടുവന്നു താമസിപ്പിച്ചു. നമ്പൂതിരി കുടുംബത്തിലെ ഏറ്റവും മൂത്ത പുരുഷന്‍ കേരളത്തിലെ വൈശ്യ-ക്ഷത്രിയ-ശുദ്ര കുടുംബത്തിലെ പെണ്‍കുട്ടികളെ മാത്രമേ വിവാഹം ചെയ്യാവൂ എന്ന നിബന്ധനയും പുറപ്പെടുവിച്ചു. മാത്രമല്ല, ഏതു ജാതിയിലെയും വിവാഹിതയായ സ്ത്രീ ആദ്യം പ്രസവിക്കുന്നത് ബ്രാഹ്മണന്റെ കുട്ടിയെ ആയിരിക്കണമെന്നും ഉത്തരവിറക്കി. അതിനു ശേഷം മാത്രമേ ആ വിവാഹിതയ്ക്ക് സ്വന്തം ഭര്‍ത്താവിന്റെ കുട്ടികളെ പ്രസവിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഈ പരീക്ഷണം ഇന്നു വ്യഭിചാരമായാണ് കണക്കാക്കുന്നതെങ്കിലും അന്ന് അങ്ങനെയായിരുന്നില്ല. ആദ്യത്തെ കുട്ടിക്കു മാത്രമേ ഇതു ബാധകമായിരുന്നുള്ളൂ.” ഓര്‍ഗനൈസറിലെ റിപോര്‍ട്ടിലാണ് ഇതു പറയുന്നത്.
ഇങ്ങനെ ഹിന്ദു ദേശീയതയും ആര്യന്‍ സ്വത്വവും ഒന്നാണെന്നാണ് ഹിന്ദുത്വര്‍ അവകാശപ്പെടുന്നത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ താന്‍ ഹിന്ദു ദേശീയതയുള്ളയാളാണെന്ന് അവകാശപ്പെട്ടതും ഇതുകൊണ്ടുതന്നെയാണ് (2013 ജൂലൈ 12, റോയിട്ടേഴ്‌സ് റിപോര്‍ട്ട്). ഭരണഘടനയനുസരിച്ച് അധികാരത്തിലേറിയ ഒരു വ്യക്തി ഇങ്ങനെയൊരു അവകാശവാദം ഉന്നയിച്ചത് ചരിത്രത്തില്‍ ആദ്യമായാണ്.
ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്തിയ ഒരാള്‍ ഇത്തരത്തിലുള്ള ഒരു അവകാശവാദം ഉന്നയിച്ചത് കാരാട്ടിനെപ്പോലുള്ള നേതാക്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഹിന്ദു ദേശീയവാദിയെന്നാല്‍ ഇന്ത്യന്‍ ദേശീയവാദിയല്ല എന്നാണര്‍ഥം. അതല്ലെങ്കില്‍ മുസ്‌ലിം-സിഖ്-ക്രിസ്ത്യന്‍-ബുദ്ധ ദേശീയവാദികള്‍ ആകാമെന്ന് സമ്മതിക്കേണ്ടിവരും.
ഫാഷിസത്തിന്റെ ഭാഗമാണ് ഏകാധിപത്യം. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് 1940ല്‍ ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ചത്, ഇന്ത്യാ മഹാരാജ്യത്തില്‍ ഹിന്ദുത്വത്തിന്റെ പ്രഭ പരത്തുന്ന പ്രത്യയശാസ്ത്രത്തിലും നേതാവിലും പതാകയിലുമാണ്  ആര്‍എസ്എസ് പ്രചോദനം ഉള്‍ക്കൊള്ളുന്നതെന്നാണ്.

(അവസാനിക്കുന്നില്ല.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss