|    Oct 21 Sun, 2018 11:13 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കാരാട്ടും ഇടതുപക്ഷ പ്രതിസന്ധിയും

Published : 2nd August 2016 | Posted By: SMR

എന്‍ പി ചെക്കുട്ടി

ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തു നില്‍ക്കുന്ന സിപിഎമ്മിന്റെ ഏറ്റവും അത്യുന്നതമായ നേതൃതലത്തില്‍ തന്നെ രൂപപ്പെട്ടിരിക്കുന്ന ഒരു രാഷ്ട്രീയ-താത്വിക പ്രതിസന്ധിയുടെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റേതായി പുറത്തുവന്ന ലേഖനത്തില്‍ കാണാന്‍ കഴിയുന്നത്. ബിജെപിയുടെ രാഷ്ട്രീയസ്വരൂപമെന്ത് എന്ന കേട്ടാല്‍ വെറും സൈദ്ധാന്തിക വിശകലനം എന്ന് തോന്നിക്കുന്ന വിഷയമാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്.
പക്ഷേ, അദ്ദേഹത്തിന്റെ വിശകലനവും അതിന്റെ കണ്ടെത്തലുകളും പാര്‍ട്ടിക്കകത്തെ പ്രബലമായ ഒരു വിഭാഗത്തിന്റെ രാഷ്ട്രീയ നിലപാടുകളെ വെല്ലുവിളിക്കുക എന്ന ലക്ഷ്യമാണു നിറവേറ്റുന്നത്. ബിജെപിയുടെയും അതിന്റെ ദാര്‍ശനികകേന്ദ്രമായ ആര്‍എസ്എസിന്റെയും തത്ത്വശാസ്ത്രം ഫാഷിസ്റ്റ് രാഷ്ട്രീയസങ്കല്‍പങ്ങളില്‍ നിന്നാണ് ഉയര്‍ന്നുവരുന്നത് എന്ന് നേരത്തേ പ്രകാശ് കാരാട്ട് തന്നെ എഴുതുകയും സിദ്ധാന്തവല്‍ക്കരിക്കുകയും ചെയ്തതാണ്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം കണ്ടെത്തുന്നത് ചില ഫാഷിസ്റ്റ് പ്രവണതകള്‍ ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും ഇന്നത്തെ ഇന്ത്യയിലെ ഭരണകക്ഷി ഒരു ഫാഷിസ്റ്റ് കക്ഷിയാണ് എന്ന വിലയിരുത്തല്‍ സാധ്യമല്ല എന്നാണ്. 2003 മുതല്‍ തുര്‍ക്കിയില്‍ ഭരണത്തിലിരിക്കുന്ന ഇസ്‌ലാമിക സ്വഭാവമുള്ള എകെ പാര്‍ട്ടിയോടാണ് അദ്ദേഹം ബിജെപിയെ താരതമ്യപ്പെടുത്തുന്നത്. എകെ പാര്‍ട്ടി തുര്‍ക്കി ജനതയ്ക്കും ലോകത്തിനും ഉയര്‍ത്തുന്ന ഭീഷണി എത്രയാണോ അതിനപ്പുറമൊന്നും ബിജെപിയുടെ ഭരണത്തിലും പ്രവര്‍ത്തനത്തിലും ഇന്ത്യക്ക് ഭീഷണിയുള്ളതായി അദ്ദേഹത്തിനു കാണാന്‍ കഴിയുന്നില്ല.
ഈ താരതമ്യം ചരിത്രവിരുദ്ധവും വസ്തുതാവിരുദ്ധവുമാണ് എന്നത് ഒരു കാര്യം. ഇന്ത്യയിലെ ബിജെപിയുടെ രാഷ്ട്രീയ ആവിര്‍ഭാവം 1920കളില്‍ യൂറോപ്പിലെ ഫാഷിസ്റ്റ് ശക്തികളില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് ആരംഭിച്ച ആര്‍എസ്എസിലാണ് എന്നത് വസ്തുതയാണ്. അവരുടെ യൂനിഫോമും കായികപരിശീലനവും പട്ടാളച്ചിട്ടയും പോലും മുസ്സോളിനിയുടെ ചെങ്കുപ്പായ വോളന്റിയര്‍മാരില്‍നിന്നു കടംകൊണ്ടതാണ്. ഹിന്ദുത്വരാഷ്ട്രീയം പ്രചരിപ്പിക്കുന്ന ആര്യന്‍ മേധാവിത്വസംസ്‌കാരവും മറ്റു സംസ്‌കാരങ്ങള്‍ അതിനോട് കീഴ്‌വഴങ്ങി നില്‍ക്കണമെന്ന ഗോള്‍വാള്‍ക്കര്‍ ദര്‍ശനവും ഹിറ്റ്‌ലറുടെ ആര്യാഭിമാന സിദ്ധാന്തങ്ങളില്‍നിന്നും ജൂതവിരുദ്ധ വായ്ത്താരിയില്‍നിന്നും ഉയര്‍ന്നുവന്നതാണ്. അതിനാല്‍ ബിജെപിയുടെയും അതിന്റെ ആദിരൂപമായ ജനസംഘത്തിന്റെയും രാഷ്ട്രീയദര്‍ശനം ഫാഷിസ്റ്റ് മനോഭാവം പുലര്‍ത്തുന്നതാണ് എന്ന് വിശേഷിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ മടികാണിക്കേണ്ടതില്ല.
എകെ പാര്‍ട്ടിയുടെ ചരിത്രവും രാഷ്ട്രീയവും ഇതില്‍നിന്ന് തുലോം വ്യത്യസ്തമാണ്. തുര്‍ക്കിയിലെ സൈനികാധിപത്യഭരണത്തിനും മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ഇസ്‌ലാമികസംസ്‌കാരത്തെയും ജീവിതചര്യകളെയും പൂര്‍ണമായും അടിച്ചമര്‍ത്തിയ സൈനിക-മധ്യവര്‍ഗ താല്‍പര്യങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് എകെ പാര്‍ട്ടി തുര്‍ക്കിയില്‍ ശക്തിപ്രാപിച്ചത്. അതിന്റെ ദര്‍ശനങ്ങളില്‍ ഇസ്‌ലാമിക സ്വാധീനമുണ്ട്. പക്ഷേ, ഒരിക്കലും അത് യൂറോപ്പിലെ ഫാഷിസ്റ്റ് പാര്‍ട്ടികളെ തത്ത്വദര്‍ശനത്തിലോ രാഷ്ട്രീയപ്രയോഗത്തിലോ അനുവര്‍ത്തിക്കുകയോ പിന്തുടരുകയോ ഉണ്ടായിട്ടില്ല. കഴിഞ്ഞ 13 വര്‍ഷമായി തുര്‍ക്കിയില്‍ ഭരണം തുടരുന്ന എകെ പാര്‍ട്ടി ആ നാട്ടിലെ ന്യൂനപക്ഷവിഭാഗങ്ങളെ അടിച്ചമര്‍ത്തിയതായി ആരോപിക്കാനും കഴിയില്ല. കുര്‍ദുകളും മറ്റുമായുള്ള പ്രശ്‌നങ്ങള്‍ എകെ പാര്‍ട്ടിയുടെ വരവിനു മുമ്പേ നിലനില്‍ക്കുന്നതാണ്. അതിന് സമാധാനപരമായ പരിഹാരം കണ്ടെത്താനാണ് ആ പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ ശ്രമിച്ചിട്ടുള്ളത്.
ഇതാണു വസ്തുതകള്‍ എന്നിരിക്കെ എന്തുകൊണ്ടാണ് പ്രകാശ് കാരാട്ട് ബിജെപിയുടെ രാഷ്ട്രീയഭീഷണിയെ ചുരുക്കിക്കാട്ടുന്നതരത്തിലുള്ള ഒരു താത്വിക വ്യാഖ്യാനം ഇപ്പോള്‍ നടത്തുന്നത്? എന്താണ് അതിന്റെ രാഷ്ട്രീയപ്രാധാന്യം?
അതു പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുക പാര്‍ട്ടിനേതൃത്വത്തിലെ അതിഗുരുതരമായ ഭിന്നതകളാണ്. ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സിപിഎം ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് യോജിപ്പിന് താത്വികമായ ഒരു അടിത്തറ നല്‍കുന്നത് രാജ്യത്ത് വളര്‍ന്നുവരുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ഭീഷണിക്കെതിരേ വിശാല ജനാധിപത്യസഖ്യം അനിവാര്യമാണ് എന്ന വാദമുഖത്തിലാണ്. രാജ്യത്ത് കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റ് കക്ഷികളും അടക്കം മിക്കവാറും എല്ലാ മതേതരകക്ഷികളും ഈ വിശാലമായ സഖ്യത്തിന്റെ ആവശ്യകതയെ സംബന്ധിച്ച് ബോധവാന്‍മാരാണ്. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിലും അല്ലാതെയും ഇത്തരം സഖ്യങ്ങളും കൂട്ടുകെട്ടുകളും വളര്‍ന്നുവരുന്നുമുണ്ട്.
സിപിഎം അത്തരം വിശാല ജനാധിപത്യസഖ്യങ്ങള്‍ക്കു നേരെ മുഖംതിരിച്ചു നില്‍ക്കുകയാണ്. ബംഗാളില്‍ ഉണ്ടായ പരിമിതമായ ഐക്യംപോലും അനാവശ്യം എന്ന നിലപാടാണ് കാരാട്ട് അടക്കമുള്ള ഒരു വിഭാഗത്തിന്റേത്. എന്നാല്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അതിനോടു യോജിക്കുന്നില്ല. നിലവിലുള്ള പരിതസ്ഥിതികളില്‍ ഇടതുപക്ഷം ഒറ്റതിരിഞ്ഞുനില്‍ക്കുന്നത് രാഷ്ട്രീയമായി ആത്മഹത്യാപരമാണ് എന്നതാണ് അവരുടെ അഭിപ്രായം. അത്തരം നിലപാടുകള്‍ പാര്‍ട്ടിക്കകത്തും പുറത്ത് വിശാല ഇടതുപക്ഷസമൂഹത്തിലും ശക്തമായ വേരോട്ടമുള്ളതുമാണ്. സിപിഎമ്മിന്റെ ഏറ്റവും കരുത്തനായ ചരിത്രപണ്ഡിതന്‍ ഇര്‍ഫാന്‍ ഹബീബ് കഴിഞ്ഞ ദിവസം കേന്ദ്രകമ്മിറ്റിക്ക് അയച്ച തുറന്ന കത്തില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കകത്തും പുറത്തുമുള്ള ഈ നിലപാടുകാരുടെ മാനിഫെസ്റ്റോ ആയി കാണാവുന്നതാണ്.
ഇതൊരു ചെറിയ സംഘര്‍ഷമല്ല. 1964ല്‍ കോണ്‍ഗ്രസ്സിന്റെ വര്‍ഗനയം സംബന്ധിച്ച തര്‍ക്കങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ആദ്യത്തെ പിളര്‍പ്പിനു കാരണമായത്. 1967-70 കാലത്ത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തെ ഭിന്നതകളും ആഭ്യന്തര തര്‍ക്കങ്ങളുമാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിനു കാരണമായത്. അതിനുശേഷം കഴിഞ്ഞ നാലുപതിറ്റാണ്ടുകാലം പ്രതിസന്ധികളും പ്രത്യയശാസ്ത്ര തര്‍ക്കങ്ങളും നിലനിന്നിരുന്നുവെങ്കിലും പൊതുവില്‍ ഇടത് ഐക്യം നിലനിര്‍ത്താനും സിപിഎം എന്ന പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ശക്തിപ്പെടുത്താനും നേതൃത്വത്തിനു കഴിഞ്ഞിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറുകയാണ്. അത് ഗുരുതരമായ ഒരു പൊട്ടിത്തെറിയിലേക്കു നയിക്കുമെന്നു കരുതാനാണു ന്യായം. അതിന്റെ അലയൊലികളാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളിലും ഭിന്നതകളിലും കാണാന്‍ കഴിയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss