|    Jan 24 Tue, 2017 10:52 pm
FLASH NEWS

കാരാട്ടിന് മറുപടിയുമായി യെച്ചൂരി; ബിജെപിയും ഫാഷിസ്റ്റ് സംഘടന

Published : 20th September 2016 | Posted By: SMR

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ ഇത്രയും കാലത്തെ ഭരണം ഫാഷിസത്തിലേക്കാണ് നീങ്ങുന്നതെന്ന സൂചനയാണ് നല്‍കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഡല്‍ഹിയില്‍ ഇന്നലെ അവസാനിച്ച പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗതീരുമാനങ്ങള്‍ വിശദീകരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആര്‍എസ്എസ് ഫാഷിസ്റ്റ് സംഘടനയാണ്. ആര്‍എസ്എസിന്റെ നയങ്ങള്‍ നടപ്പാക്കുന്നതിലൂടെ ബിജെപിയും ഇതേ വഴിക്കാണ് നീങ്ങുന്നത്. ഫാഷിസ്റ്റ് ശക്തികള്‍ രൂപം കൊണ്ടതിനു ശേഷമല്ല, അതിനുള്ള സൂചനകള്‍ ലഭിക്കുമ്പോള്‍ തന്നെ ചെറുത്തുതോല്‍പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണെന്നും യെച്ചൂരി പറഞ്ഞു. ബിജെപി ഫാഷിസ്റ്റ് പാര്‍ട്ടിയല്ലെന്ന മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ടിന്റെ അഭിപ്രായത്തെ  പൊളിച്ചെഴുതുന്ന തരത്തിലുള്ള ശക്തമായ വിമര്‍ശനമാണ് ബിജെപിക്കെതിരേ യെച്ചൂരി നടത്തിയത്.
ബിജെപി ഭരണത്തിനു കീഴില്‍ ഇന്ത്യയുടെ വിദേശനയത്തിനു കാര്യമായ വ്യത്യാസം സംഭവിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ചേരിചേരാ നയത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഇന്ത്യയുടെ പ്രധാനമന്ത്രി ‘നാം’ ഉച്ചകോടിയില്‍ പങ്കെടുക്കാതിരിക്കുന്നത്. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ഇന്ത്യ അമേരിക്കയുടെ കീഴില്‍ ഒതുങ്ങിനില്‍ക്കുകയാണ്. അടുത്തിടെ ഒപ്പുവച്ച സൈനിക കരാര്‍ പ്രകാരം അമേരിക്കയുടെ നാവിക-വ്യോമസേനകള്‍ക്ക് ഇന്ത്യയുടെ നാവികകേന്ദ്രങ്ങള്‍ സൈനികവിന്യാസത്തിനായി ഉപയോഗിക്കാനാവും. മൂന്നാംലോക രാജ്യങ്ങളുമായി യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടിവന്നാല്‍ അമേരിക്ക ഇന്ത്യയെ സൈനികത്താവളമാക്കി മാറ്റാനുള്ള സാധ്യതയാണ് ഇതിലൂടെ തെളിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരേ കശ്മീരിലെ ജനങ്ങളെ ഒരുമിപ്പിച്ചുനിര്‍ത്തണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച വേണം. ഇന്ത്യ-പാക് ചര്‍ച്ച പുനരാരംഭിക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും യെച്ചൂരി വിശദീകരിച്ചു. 100 ദിവസത്തെ സംസ്ഥാനഭരണത്തിലൂടെ ഇടതുപക്ഷത്തിനു കേരളത്തില്‍ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞതായാണ് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തിയത്.
കേരളത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങളെ പാര്‍ട്ടി ശക്തമായി അപലപിച്ചു. സിപിഎമ്മിനെതിരേ വ്യാജപ്രചാരണം നടത്തി ആരോപണങ്ങളില്‍ നിന്നു തലയൂരാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങളെ രാജ്യവ്യാപകമായി തുറന്നുകാട്ടുമെന്നും ആര്‍എസ്എസിനും ബിജെപിക്കും കേരള ജനത ഉചിതമായി മറുപടി നല്‍കുമെന്നും യെച്ചൂരി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക