|    Nov 18 Sun, 2018 2:00 pm
FLASH NEWS

കായിക വിഭാഗത്തില്‍ കൂടുതല്‍ കോഴ്‌സുകളുമായി കണ്ണൂര്‍ വാഴ്‌സിറ്റി

Published : 23rd July 2018 | Posted By: kasim kzm

കണ്ണൂര്‍: കായികക്ഷമതയ്ക്കും ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്ന വിവിധ കോഴ്‌സുകള്‍ കണ്ണൂര്‍ സര്‍വകലാശാല കായിക പഠനവിഭാഗത്തില്‍ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്നു. കളരിപ്പയറ്റില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ്, നീന്തലിലും ഫിറ്റ്‌നസ് ട്രെയിനിങിലും മൂന്നുമാസം വീതമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയാണ് ആരംഭിക്കുന്നത്. എല്ലാ കോഴ്‌സുകളിലും അതാത് ഇനങ്ങളില്‍ പ്രാവീണ്യം നേടുന്നതിനൊപ്പം പരീശീലകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് കോഴ്‌സിനുള്ളത്. പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കിയാണ് കോഴ്‌സ് വിഭാവനം ചെയ്യുന്നത്. കോഴ്‌സുകള്‍ക്കെല്ലാം വിവിധ മേഖലകളില്‍ ജോലി സാധ്യത ഏറെയാണ്.
കോഴ്‌സ് തുടങ്ങുന്നതോടെ കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റിന് ഒരു അക്കാദമി ബാക്ക്ഗ്രൗണ്ട് ഉണ്ടാവുമെന്നാണു കണക്കുകൂട്ടല്‍. ഈ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനും കഴിയും. കളരിയുടെ വിവിധ വശങ്ങള്‍ പരിശീലിക്കുന്നതിനൊപ്പം കളരി ഉഴിച്ചിലും മറ്റു കളരി ചികില്‍സാരീതികളും കോഴ്‌സ് സിലബസിന്റെ ഭാഗമാണ്. കളരിപ്പയറ്റിന്റെ പരിശീലന രീതികള്‍ ആധുനിക സ്‌പോര്‍ട്‌സ് പരിശീലനത്തിന്റെ ഭാഗമാക്കി ഉള്‍പ്പെടുത്താനുമാവും. കളരിപ്പയറ്റിന്റെ പരമ്പരാഗത പഠനങ്ങള്‍ നടത്താനും കൂടുതല്‍ പ്രചാരം നല്‍കാനും കുടുതല്‍ ആളുകളെ ആകര്‍ഷിക്കാനും സര്‍വകലാശാല തലത്തില്‍ കോഴ്‌സ് തുടങ്ങുന്നതോടെ കഴിയും.
പരമ്പരാഗത രീതിയിലുള്ള കളരിയും അനുബന്ധ സൗകര്യങ്ങളും സര്‍വകലാശാലയില്‍ ഒരുക്കാനും പദ്ധതിയുണ്ട്. വിദഗ്ധരായ കളരി ഗുരുക്കളുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുക. ആദ്യ ബാച്ചിലേക്ക് 20 പേര്‍ക്കാണ് പ്രവേശനം നല്‍കുക. ഹയര്‍സെക്കന്‍ഡറിയാണ് കോഴ്‌സിലേക്കുള്ള അടിസ്ഥാന യോഗ്യത.
യോഗയില്‍ ഒരു വര്‍ഷത്തെ പിജി ഡിപ്ലോമ പ്രോഗ്രാമാണ് സര്‍വകലാശാലയുടെ മറ്റൊരു പദ്ധതി. യോഗയുടെ വിവിധ വശങ്ങള്‍ പഠിക്കുന്നതിനൊപ്പം വിദഗ്ധരായ യോഗ പരിശീലകരെ വാര്‍ത്തെടുക്കുകയും ലക്ഷ്യമിടുന്നു. സമഗ്രവും ഏകീകൃതവുമായ പാഠ്യപദ്ധതിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. യോഗയ്ക്കു ഏറെ പ്രാധാന്യം കൈവന്നി അവസരത്തില്‍ ശാസ്ത്രീയമായി യോഗ പരിശീലിപ്പിക്കാന്‍ വിദഗ്ധരായ യോഗ പരിശീലകരുടെ ആവശ്യമേറെയാണ്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.
ഫിറ്റ്‌നസ് മാനേജ്‌മെന്റില്‍ മൂന്നുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും തുടങ്ങുന്നുണ്ട്. ഫിറ്റ്‌നസ് ട്രെയിനിങില്‍ ശാസ്ത്രീയ പരിശീലനം നടത്തി ഫിറ്റ്‌നസ് ട്രെയിനര്‍മാരെ വാര്‍ത്തെടുക്കുകയെന്നാണ് ലക്ഷ്യം. ജിംനേഷ്യം പരിശീലനത്തോടൊപ്പം കായികക്ഷമതയും ആരോഗ്യവും സംരക്ഷിക്കാനുള്ള വിവിധ പരിശീലനരീതികളുമുണ്ടാവും.
എയറോബിക് ഡാന്‍സ്, സൂബ ഡാന്‍സ്, വെല്‍നെസ് ഡാന്‍സ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫിറ്റ്‌നസ് ട്രെയിനിങിന്റെ ഏറ്റവും ആധുനികമായ ശാസ്ത്രീയ വശങ്ങള്‍ വിദഗ്ധരായ പരിശീലകരുടെ സഹായത്തോടെ സ്വായത്തമാക്കാന്‍ കോഴ്‌സ് സഹായിക്കും. ജിം ട്രെയിനേഴ്‌സിനും പേഴ്‌സനല്‍ ട്രെയിനേഴ്‌സിനും കോഴ്‌സ് ഏറെ പ്രയോജനപ്രദമാണ്. ഹയര്‍സെക്കന്‍ഡറിയാണ് അടിസ്ഥാന യോഗ്യത.
വിദഗ്ധരായ നീന്തല്‍ പരിശീലകരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മൂന്ന് മാസം ദൈര്‍ഘ്യമുള്ള സ്വിമ്മിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ആരംഭിക്കുന്നുണ്ട്. ശാസ്ത്രീയ രീതിയില്‍ നീന്തല്‍ പഠിപ്പിക്കാനും നീന്തല്‍ താരങ്ങള്‍ക്ക് മല്‍സരങ്ങള്‍ക്ക് വേണ്ട പരിശീലനം നല്‍കാനും വെള്ളത്തിലകപ്പെട്ടവരെ രക്ഷപ്പെടുത്താനുമുള്ള പരിശീലനവും കോഴ്‌സിന്റെ ഭാഗമാണ്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ഈ കോഴ്‌സുകളെല്ലാം ആരോഗ്യവും കായികക്ഷമതയും നിലനിര്‍ത്താന്‍ സഹായിക്കുന്നതോടൊപ്പം അതാത് മേഖലകളില്‍ ജോലി സാധ്യതകളുമുള്ളതുമാണ്. റഗുലര്‍ കോഴ്‌സുകളായ ഇവയെല്ലാം മാങ്ങാട്ടുപറമ്പ് കാംപസിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് നടത്തുക. അപേക്ഷകളും വിശദ വിവരങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും. ക്ലാസുകള്‍ 30ന് തുടങ്ങും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss