|    Jun 28 Wed, 2017 5:40 am
FLASH NEWS

കായിക പ്രതിഭകള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ ആദരം

Published : 1st December 2016 | Posted By: SMR

പാലക്കാട്: കാലിക്കറ്റ് സര്‍വകലാശാലാ കാംപസില്‍  മൂന്നിന് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജില്ലയെ പ്രതിനിധീകരിച്ച് മല്‍സരിക്കുന്ന കായിക പ്രതിഭകള്‍ക്ക് ജില്ലാ പഞ്ചായത്ത് ജഴ്‌സികള്‍ വിതരണം ചെയ്തു. അത്‌ലറ്റിക്‌സ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന 252 കായിക പ്രതിഭകള്‍ക്കും ഗെയിംസ് ഇനങ്ങളില്‍ പങ്കെടുക്കുന്ന 500 പേര്‍ക്കുമാണ് ജഴ്‌സികള്‍ നല്‍കിയത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി കായിക പ്രതിഭകള്‍ക്ക് ജഴ്‌സികള്‍ കൈമാറി. ജില്ലയിലെ കായിക നേട്ടങ്ങളില്‍ മുഖ്യപങ്ക് വഹിച്ചത് സര്‍ക്കാര്‍ വിദ്യാലയങ്ങളാണെന്നും കായികാധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിന് പിന്നിലെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.  ജില്ലയ്ക്ക് ഒളിമ്പിക്‌സ് മെഡലെന്ന സ്വപ്‌നം വിദൂരമല്ലെന്ന് ചടങ്ങില്‍ അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ് അഭിപ്രായപ്പെട്ടു. കായികക്ഷമതയുള്ള യുവതലമുറയെ വാര്‍ത്തെടുത്ത് ജില്ലയില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികളുമായാണ് ജില്ലാ പഞ്ചായത്ത് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവച്ച് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികളില്‍ നിന്നായി 10 ലക്ഷം രൂപയാണ് കായികമുന്നേറ്റ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍, കായികാധ്യാപകര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക