കായിക കോടതി അപ്പീല്‍ തള്ളി: ഒളിംപിക്സില്‍നിന്ന് റഷ്യ പുറത്തേക്ക്
Published : 22nd July 2016 | Posted By: SMR
വിയന്ന: ഒളിംപിക്സില്‍ വിലക്കേര്പ്പെടുത്തരുതെന്നാവശ്യപ്പെട്ട് റഷ്യന്‍ കായികതാരങ്ങള്‍ സമര്‍പ്പിച്ച അപ്പീല്‍ അന്താരാഷ്ട്ര കായികകോടതി തള്ളി. പോള്‍വാള്‍ട്ടില്‍ രണ്ടുതവണ ഒളിംപിക്സ് സ്വര്‍ണം നേടിയ ഇസിന് ബയേവയടക്കം 68 താരങ്ങളാണ് അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. അപ്പീല്‍ തള്ളിയതോടെ റഷ്യന്‍ താരങ്ങള്‍ക്ക് ഇത്തവണ ബ്രസീലില്‍ നടക്കുന്ന ഒളിംപിക്സ് നഷ്ടപ്പെടാനുള്ള സാധ്യതയേറി.
റഷ്യന്‍ അധികൃതരുടെ അറിവോടെ കായികതാരങ്ങള്‍ക്ക് ഉത്തേജകമരുന്ന് നല്‍കിയെന്ന ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒളിംപിക്സില്‍ നിന്നു റഷ്യയെ വിലക്കുന്ന കാര്യം അന്താരാഷ്ട്ര ഒളിംപിക്സ് സമിതി (ഐഒസി)യുടെ പരിഗണനയിലാണ്. ഇതേ ആവശ്യം ഉന്നയിച്ച് അമേരിക്ക, കാനഡ, ജര്‍മനി, ജപ്പാന് തുടങ്ങിയ രാഷ്ട്രങ്ങളും ഐഒസിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. റഷ്യക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ഐഒസി ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നാണു വിവരം.
കനേഡിയന്‍ ശാസ്ത്രജ്ഞന് റിച്ചാര്‍ഡ് മക്ലാരന് അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ ഏജന്‍സിക്കായി (വാഡ) നല്കിയ റിപോര്‍ട്ടിലാണ് 2014ല്‍ നടന്ന സുച്ചി വിന്റര്‍ ഒളിംപിക്സില്‍ റഷ്യന്‍ അധികൃതരുടെ അറിവോടെ നിയമലംഘനം നടത്തിയതായി കുറ്റപ്പെടുത്തുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.