|    Jan 17 Tue, 2017 12:21 pm
FLASH NEWS

കായികതാരങ്ങള്‍ക്കു ജോലി, പ്രത്യേക ഫണ്ട് ഉടന്‍: തിരുവഞ്ചൂര്‍

Published : 6th December 2015 | Posted By: SMR

സമീര്‍ കല്ലായി

കോഴിക്കോട്: ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് സംസ്ഥാന സര്‍വീസില്‍ ജോലി നല്‍കുമെന്നും മുഴുവന്‍ കായികതാരങ്ങളെയും സഹായിക്കാനായി പ്രത്യേക ഫണ്ടിന് ഉടന്‍ രൂപം നല്‍കുമെന്നും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംസ്ഥാന സ്‌കൂള്‍ കായികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോലി നല്‍കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ക്ക് അടുത്തുതന്നെ നിയമനം നല്‍കും.
കായികതാരങ്ങളുടെ പുനരധിവാസം, ചികില്‍സ, ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കായാണ് പ്രത്യേക ഫണ്ട് രൂപീകരിക്കുന്നത്. ദേശീയ സ്‌കൂള്‍ കായികമേള ഒരുമിച്ചു നടത്തുന്നതിന് മഹാരാഷ്ട്ര വിസമ്മതിച്ച സാഹചര്യത്തില്‍ ഇതേറ്റെടുത്തു നടത്തുന്നതിന് കേരളം തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് വ്യക്തമാക്കി. അപകടത്തില്‍ മരിച്ച എറണാകുളം ജില്ലയിലെ ഹാന്റ്‌ബോള്‍ താരങ്ങളായ മൂന്നു വിദ്യാര്‍ഥികളും ഡ്രൈവര്‍ക്കും മൂന്നു ലക്ഷം രൂപ വീതം സഹായം നല്‍കും. പരിക്കേറ്റവരുടെ ചികില്‍സച്ചെലവും സര്‍ക്കാര്‍ വഹിക്കും. എല്ലാ സ്‌കൂളിലും വൈകാതെ കായികാധ്യാപകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എം കെ മുനീര്‍, കോഴിക്കോട് മേയര്‍ വി കെ സി മമ്മദ്‌കോയ, എംഎല്‍എമാരായ എ പ്രദീപ്കുമാര്‍, സി മോയിന്‍കുട്ടി, പുരുഷന്‍ കടലുണ്ടി, എളമരം കരീം, വി എം ഉമ്മര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്, കോച്ച് ഒ എം നമ്പ്യാര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ സംസാരിച്ചു.
59ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഉദ്ഘാടനച്ചടങ്ങുകള്‍ വര്‍ണാഭമായി. വൈകീട്ടോടെ ആദ്യദിവസ മല്‍സര ഇനങ്ങള്‍ സമാപിച്ചതോടെയാണ് ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചത്. മാര്‍ച്ച് പാസ്റ്റില്‍ 14 ജില്ലകളില്‍ നിന്നുള്ള അത്‌ലറ്റുകള്‍ അണിനിരന്നു. ജില്ലാ ക്യാപ്റ്റന്മാര്‍ വര്‍ണക്കൊടികളുമായി മുന്നില്‍ നിന്നു നയിച്ചു. പേരെഴുതിയ പ്ലക്കാ ര്‍ഡുകളുമായി പെണ്‍കുട്ടികള്‍ ജില്ലകളെ പരിചയപ്പെടുത്തി. കോഴിക്കോട് സെന്റ് ജോസഫ്‌സ് എച്ച്എസ്എസിന്റെ ബാന്റ് സംഘമായിരുന്നു ഏറ്റവും മുന്നില്‍. തൊട്ടുപിറകിലായി കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ എറണാകുളം ജില്ലയി ല്‍ നിന്നുള്ള കായികതാരങ്ങള്‍ അണിനിരന്നു. ഏറ്റവും പിറകി ല്‍ ആതിഥേയരായ കോഴിക്കോടായിരുന്നു. മാര്‍ച്ച്പാസ്റ്റില്‍ കോഴിക്കോടിനു ജഴ്‌സിയില്ലാഞ്ഞത് പകിട്ടു കുറച്ചു. പിറകില്‍ ബിഇഎംഎച്ച്എസ്എസ് വിദ്യാര്‍ഥിനികളുടെ ബാന്റ് സംഘം അടിവച്ചുനീങ്ങി. കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സല്യൂട്ട് സ്വീകരിച്ചു.
മന്ത്രിയെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് ഏറെനേരം വിദ്യാര്‍ഥികളും അത്‌ലറ്റുകളും വെയിലേറ്റു നില്‍ക്കേണ്ടിവന്നത് അസ്വാരസ്യത്തിനിടയാക്കിയിരുന്നു.
മാര്‍ച്ച്പാസ്റ്റ് സമാപിച്ചതിനു തൊട്ടുപിറകെ സായിയുടെ ദേശീയ- അന്തര്‍ദേശീയ മെഡല്‍ ജേതാക്കള്‍ ദീപശിഖ ഒളിംപ്യന്‍ പി ടി ഉഷയ്ക്ക് ഗ്രൗണ്ടിലെത്തി കൈമാറി. ഉഷയില്‍ നിന്ന് മെഡല്‍ ജേതാക്കളായ വിവിധ അത്‌ലറ്റുകളിലൂടെ കൈമാറിയ ദീപശിഖ ഒടുവില്‍ ഒളിംപ്യന്മാരായ അനില്‍കുമാര്‍, ടിന്റു ലൂക്ക, മെഴ്‌സി കുട്ടന്‍ എന്നിവര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ പ്രത്യേകം സ്ഥാപിച്ച സ്ഥലത്ത് കൊളുത്താനായി ഉഷാ സ്‌കൂളിലെ ദേശീയതാരം ജിസ്‌ന മാത്യുവിനു കൈമാറി.
ഉദ്ഘാടന പ്രസംഗങ്ങള്‍ക്കു ശേഷം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥിനികളും കലാകാരന്മാരും ചേര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചു. വിവിധ വര്‍ണ ജഴ്‌സികളണിഞ്ഞെത്തിയ വിദ്യാര്‍ഥിനിക ള്‍ കാണികളുടെ മനംകവര്‍ന്ന പ്രകടനമാണു പുറത്തെടുത്തത്. പരിചമുട്ടു കളി, പൂരക്കളി, ചെണ്ടമേളം, നാടന്‍ കലാരൂപം എന്നിവയും ഉദ്ഘാടനച്ചടങ്ങിനു കൊഴുപ്പേകി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 93 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക