|    Dec 11 Tue, 2018 9:51 am
FLASH NEWS

കായികതാരങ്ങളോടുള്ള അവഗണന: സംസ്ഥാന കായികമേളയില്‍ ജില്ലയ്ക്ക് വട്ടപ്പൂജ്യം

Published : 10th December 2015 | Posted By: SMR

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മെഡല്‍പട്ടികയില്‍ നിന്നും പുറത്തായ ഏക ജില്ല കാസര്‍കോട്. വിദ്യാഭ്യാസവകുപ്പും ജില്ലാ പഞ്ചായത്തും കായികതാരങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതാണ് ജില്ലയിലെ കുട്ടികള്‍ക്ക് അവഗണന നേരിടാന്‍ കാരണമായത്. കഴിഞ്ഞതവണ മെഡല്‍പട്ടികയില്‍ രണ്ടു സ്വര്‍ണവും ഒരു വെങ്കലവുമുള്‍പ്പെടെ 13 പോയിന്റ് നേടി ജില്ല ആറാം സ്ഥാനത്തായിരുന്നു.
ജില്ലയില്‍ നിന്നും 190 കുട്ടികളാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മല്‍സരിച്ചത്. ഷൂവോ, സ്‌പൈക്കോ ഇല്ലാതെയാണ് ഭൂരിഭാഗം കുട്ടികളും മല്‍സരത്തില്‍ സംബന്ധിച്ചത്. സിന്തറ്റിക് ട്രാക്ക് പരിചയമില്ലാത്ത കായികതാരങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് മല്‍സരിച്ചത്. ജില്ലാ പഞ്ചായത്ത് കുട്ടികള്‍ക്കു വേണ്ട ജേഴ്‌സി പോലും നല്‍കിയിരുന്നില്ല. ജില്ലയിലെ കായികാധ്യാപകര്‍ 35,000 ഓളം രൂപ പിരിവെടുത്താണ് കുട്ടികള്‍ക്ക് ജഴ്‌സി വാങ്ങി നല്‍കിയത്. അടിസ്ഥാന സൗകര്യങ്ങളുടേയും മികച്ച പരിശീലനത്തിന്റെയും അഭാവമാണ് ജില്ലയിലെ കായികതാരങ്ങള്‍ പിന്നിലാവാന്‍ കാരണം.
ജില്ലയിലെ 190 ഹൈസ്‌കൂളുകളില്‍ 60 ശതമാനം സ്‌കൂളുകളില്‍ മാത്രമാണ് കായികാധ്യാപകരുള്ളത്. ജില്ലാ സ്‌കൂള്‍ കായികമേളയില്‍ വര്‍ഷങ്ങളായി നേട്ടം കൊയ്യുന്ന മാലോത്ത് കസബയിലെ കുട്ടികളെ പരിശീലിപ്പിക്കാന്‍ കായികാധ്യാപകന്‍ ഇല്ലായിരുന്നു.
സംസ്ഥാനമേളയില്‍ പങ്കെടുത്ത ജില്ലയിലെ 13 കുട്ടികളാണ് ആദ്യ എട്ടു സ്ഥാനങ്ങളിലിടം നേടിയത്. ഇതില്‍ നാലുപേര്‍ക്ക് നാലാം സ്ഥാനവും ലഭിച്ചു. ജില്ലയില്‍ പൂഴിയില്‍ ചാടിപ്പഠിച്ച കുട്ടികള്‍ സംസ്ഥാനമല്‍സരത്തില്‍ പകച്ചുപോവുകയായിരുന്നുവെന്ന് ജില്ലയിലെ കായികമേള കോ-ഓഡിനേറ്ററായ കെ എം ബല്ലാള്‍ പറഞ്ഞു. ഈ കുട്ടികള്‍ക്ക് മാസത്തില്‍ മൂന്നുദിവസം ക്യാംപ് നടത്തി പരിശീലനം നല്‍കിയാല്‍ അടുത്തവര്‍ഷം മികച്ച നേട്ടമുണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റിക്കോല്‍ ജിഎച്ച്എസ്എസിലെ അവിനേഷിന് നടത്ത മല്‍സരത്തില്‍ നാലാം സ്ഥാനം ലഭിച്ചു.
സിന്തറ്റിക് ട്രാക്കില്‍ ഷൂ ഇല്ലാതെ നടക്കുക പ്രയാസകരമാണെന്ന് കായികാധ്യാപകര്‍ തന്നെ സമ്മതിക്കുമ്പോഴാണ് ഈ മികച്ച പ്രകടനം. ഷൂ പോലുമില്ലാതെ നടന്നാണ് ഈ നേട്ടം കൈവരിച്ചത്. കക്കാട്ട് ജിഎച്ച്എസ്എസിലെ വിവേക് ആനന്ദിന് സീനിയര്‍ വിഭാഗം ഷോര്‍ട്ട്പുട്ടില്‍ രണ്ടു സെന്റിമീറ്റര്‍ വ്യത്യാസത്തിലാണ് വെങ്കലമെഡല്‍ നഷ്ടമായത്.
ബന്തടുക്ക ജിഎച്ച്എസ്എസിലെ പ്രവീണയ്ക്ക് സബ്ജൂനിയര്‍ വിഭാഗം പോള്‍വോള്‍ട്ടില്‍ ഏഴാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നത് ജമ്പിങ് ബെഡ്ഡില്‍ പരിശീലനം നടത്തി പരിചയം ഇല്ലാത്തതിനാലാണ്. ചീമനി ജിഎച്ച്എസ്എസിലെ അമിത കൃഷ്ണന്‍ സബ്ജൂനയര്‍ വിഭാഗം ഹൈജമ്പില്‍ ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടാന്‍ കാരണം മറ്റൊന്നുമല്ല.
മാലോത്ത് കസബയിലെ പി ബി സ്റ്റെല്ല ജാവലിന്‍ ത്രോയില്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പരിശീലനക്കുറവാണ് മെഡല്‍നേട്ടത്തിന് തടസമായത്. യാതൊരു പരിശീല—നവുമില്ലാതെ മല്‍സരത്തിനിറങ്ങിയ പിലിക്കോട് ജിഎച്ച്എസ്എസിലെ പി അമിതയ്ക്ക് ഹര്‍ഡില്‍സില്‍ അഞ്ചാം സ്ഥാനം ലഭിച്ചിരുന്നു.
പല കുട്ടികളും ഹര്‍ഡില്‍സ് കാണുന്നതു തന്നെ സബ്ജില്ലാ, ജില്ലാ മല്‍സരത്തിലാണ്. കമ്പുകള്‍ വച്ചാണ് സ്‌കൂളുകളില്‍ പരിശീലനം നല്‍കുന്നത്. ജില്ലയില്‍ ഹര്‍ഡില്‍സുള്ളത് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ മാത്രമാണ്.
ജില്ലയില്‍ ഒരു സ്‌കൂളില്‍ പോലും ഹൈജംപ്, പോള്‍വോള്‍ട്ട് പരിശീലനത്തിന് ബെഡ്ഡ് ഉപയോഗിക്കുന്നില്ല. വര്‍ഷങ്ങളായി ജില്ലാ പഞ്ചായത്തിനോട് കായികപരിശീലനത്തിന് ഫണ്ട് അനുവദിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.
കഴിഞ്ഞ നാലുവര്‍ഷമായി ജില്ലാ പഞ്ചായത്ത് ഒരു തുക പോലും കായികതാരങ്ങളുടെ പരിശീലനത്തിനുവേണ്ടി നീക്കിവെച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss