|    Oct 21 Sun, 2018 4:47 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കായല്‍ കൈയേറ്റം ഗൂഢാലോചനയെന്ന് ; ആലപ്പുഴ കലക്ടറുടെ റിപോര്‍ട്ട് ഏകപക്ഷീയം: തോമസ് ചാണ്ടി

Published : 24th September 2017 | Posted By: fsq

 

കൊച്ചി/തിരുവനന്തപുരം: ലേക് പാലസ് റിസോര്‍ട്ട് നിര്‍മാണത്തില്‍ കായല്‍ കൈയേറ്റം നടന്നിട്ടുണ്ടെന്ന ആലപ്പുഴ കലക്ടര്‍ നല്‍കിയ റിപോര്‍ട്ട് ഏകപക്ഷീയമാണെന്നും തന്റെയോ, സ്ഥാപനത്തിന്റെയോ വാദങ്ങള്‍ കേള്‍ക്കാതെയാണു കലക്ടര്‍ റിപോര്‍ട്ട് നല്‍കിയതെന്നും മന്ത്രി തോമസ് ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കായല്‍ കൈയേറിയിട്ടില്ല. മണ്ണിട്ടു നികത്തിയതു കരഭൂമി മാത്രമാണ്. 3.10 ഏക്കര്‍ സ്ഥലമാണു തനിക്കുള്ളത്. അതില്‍ ഒരേക്കറില്‍ മാത്രമേ നിര്‍മാണം നടത്തിയിട്ടുള്ളൂ. കരഭൂമിയുടെ തീരാധാരമുള്ള ഭൂമി വാങ്ങിയതു പാടശേഖര കമ്മിറ്റിയില്‍ നിന്നാണ്. ഒരു സെന്റ് പോലും ഭൂമി കൈയേറിയെന്നു തെളിയിക്കാന്‍ ആര്‍ക്കും സാധിക്കില്ല. നിലനില്‍ക്കാത്ത ആരോപണങ്ങളുടെ പേരില്‍ രാജിവയ്ക്കാനുമില്ല. തനിക്കെതിരേ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതു പാര്‍ട്ടിക്കുള്ളിലോ, മുന്നണിക്കുള്ളിലോ അല്ല നടന്നത്. ഗൂഢാലോചനക്കാരെ കോടതിയില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉയര്‍ന്ന സ്ഥലത്തു നടപ്പാത സര്‍ക്കാര്‍ കാണിച്ചുതന്നാല്‍ മണ്ണു മാറ്റി നല്‍കാന്‍ ഒരുക്കമാണ്. അവിടെ താന്‍ മണ്ണിട്ടില്ലായിരുന്നുവെങ്കില്‍ ചാല്‍ രൂപപ്പെടുമായിരുന്നു. ഇത്തരം നിസ്സാര ആരോപണങ്ങളുടെ പേരില്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ല. മണ്ണിട്ട ശേഷം ഇതുവരെ അവിടെ പോയിട്ടില്ല. മണ്ണിട്ടു നികത്തിയെന്നുള്ള കാര്യം സമ്മതിക്കുന്നു. ടൂറിസ്റ്റുകള്‍ നിരവധി വരുന്നതു കൊണ്ടും പ്രദേശത്തുള്ളവര്‍ക്കു നടക്കാനുള്ള സഹായം എന്ന നിലയിലുമാണ് അത് ചെയ്തത്. അതിനെ ചൊല്ലി ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ നിസ്സാരമായി കാണുന്നു. കെട്ടിടത്തിന്റെ അനുമതി സംബന്ധിച്ച ആരോപണങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ നഗരസഭയില്‍ നിന്നു ആരോപണ വിധേയമായ ഭൂമിയുമായി ബന്ധപ്പെട്ടുള്ള ഫയലുകള്‍ കാണാതായതിനെക്കുറിച്ചുള്ള ചോദ്യത്തിനു കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയിലെ ഫയലുകള്‍ സൂക്ഷിക്കേണ്ട ചുമതല തനിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കെപിസിസി പ്രസിഡന്റിന് മറ്റൊരു പണിയും ഇല്ലാത്തതിനാലാണു തന്റെ രാജി ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി തന്നെ വിളിക്കുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ കഴമ്പില്ലെന്നു അദ്ദേഹത്തിനു വ്യക്തമായി അറിയാമെന്നും മന്ത്രി പറഞ്ഞു. അതേസമയം, തോമസ് ചാണ്ടി കായല്‍ കൈയേറ്റം നടത്തിയെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തല്‍ ഒരു നിമിഷം വൈകിക്കാതെ മന്ത്രിയുടെ രാജി മുഖ്യമന്ത്രി ചോദിച്ചു വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഒരു സെന്റ് ഭൂമിയെങ്കിലും കൈയേറിയിട്ടുണ്ടെന്നു തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം മാത്രമല്ല എംഎല്‍എ സ്ഥാനവും രാജി വച്ച് വീട്ടില്‍ പോവുമെന്നാണു മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ കായല്‍ കൈയേറ്റവും നിയമലംഘനവും നടത്തിയതായി ജില്ലാ കലക്ടര്‍ തന്നെ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. പറഞ്ഞ വാക്കിനു വിലയുണ്ടെങ്കില്‍ തോമസ് ചാണ്ടി മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കണം. അല്ലാതെ ജില്ലാ കലക്ടറുടേതു പ്രാഥമിക റിപോര്‍ട്ടാണെന്ന ന്യായം പറഞ്ഞ് അധികാരത്തില്‍ കടിച്ചുതൂങ്ങുകയല്ല വേണ്ടത്. മന്ത്രിയുടെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങുകയാണ് വേണ്ടത്. നിയമലംഘനം നടത്തിയ ഒരാള്‍ മന്ത്രിസ്ഥാനത്തു തുടരുന്നതു ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. നിയമസഭ പാസാക്കിയ നിയമങ്ങള്‍ ആ സഭയിലെ അംഗമായ മന്ത്രി തന്നെ അട്ടിമറിക്കുന്നതു സഭയോടു മാത്രമല്ല ജനാധിപത്യ സംവിധാനത്തോടുള്ള അവഹേളനമാണെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss