|    Feb 23 Fri, 2018 4:09 pm
FLASH NEWS

കായല്‍ത്തുരുത്തുകളെ ബന്ധിപ്പിച്ച് ടൂറിസം പദ്ധതി

Published : 30th January 2017 | Posted By: fsq

 

തിരുവനന്തപുരം: ജില്ലയിലെ ഗ്രാമീണ മേഖലയില്‍ കായല്‍ വിനോദസഞ്ചാര മേഖലയ്ക്കു പുതുജീവനേകാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പുതിയ പദ്ധതി വരുന്നു. ആലപ്പുഴയെ മാതൃകയാക്കിയാണു പദ്ധതിയിലൂടെ ബോട്ട് സര്‍വീസ് ആരംഭിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളെയും കായല്‍ത്തുരുത്തുകളെയും ചരിത്ര, സാംസ്‌കാരിക സ്മാരകങ്ങളെയും ബന്ധിപ്പിച്ചുള്ള ജലയാത്രയാണ് ഒരുക്കുന്നത്. പെരുമാതുറ കേന്ദ്രമാക്കി മൂന്ന് കായലുകളെ സംയോജിപ്പിച്ചാണു പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുക. കഠിനംകുളം കായലില്‍ നിന്നാരംഭിച്ച് അഞ്ചുതെങ്ങ് വഴി വക്കം അകത്തുമുറിയില്‍ അവസാനിക്കുന്ന രീതിയിലാണു യാത്ര. പെരുമാതുറ പാലം, മുതലപ്പൊഴി, മല്‍സ്യബന്ധന തുറുമുഖം, അഞ്ചുതെങ്ങ് കോട്ട, ലൈറ്റ്ഹൗസ്, തൂക്കുപാലം, കായിക്കര കുമാരനാശാന്‍ സ്മാരകം, പൊന്നുംതുരുത്ത്, മൂങ്ങോട്പള്ളി എന്നിവിടങ്ങള്‍ യാത്രക്കാര്‍ക്കു സന്ദര്‍ശിക്കാം. കൂടാതെ കായല്‍ക്കരയിലെ ഗ്രാമീണഭംഗി ആസ്വദിച്ച് മൂന്നു മണിക്കൂര്‍ യാത്രയും.  കായല്‍വിഭവങ്ങള്‍ കൂട്ടിയുള്ള ഭക്ഷണത്തിനും സൗകര്യമുണ്ടാവും. ഡിടിപിസിക്ക് വാമനപുരം നദിയിലെ പുളിമൂട്ടില്‍ കടവില്‍ ബോട്ട്ഹൗസുണ്ട്. ഇവിടെ ഏഴു സീറ്റിന്റെ രണ്ടു സവാരി ബോട്ടുകളും രണ്ട് സ്പീഡ് ബോട്ടുകളും ഉണ്ട്. ഇവയാണു കായല്‍യാത്രയ്ക്ക് ഉപയോഗിക്കുന്നത്. യാത്രക്കാരുടെ സൗകര്യം പോലെ കഠിനംകുളത്തു നിന്നോ, പെരുമാതുറയില്‍ നിന്നോ യാത്ര ആരംഭിക്കാം. പഴയ ദേശീയ ജലപാതയിലൂടെയാണു യാത്ര. കായലിന്റെ നടുവില്‍ അഞ്ചരയേക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പൊന്നുംതുരുത്താണു പ്രധാന ആകര്‍ഷണം. ഇവിടെ ഒരു ക്ഷേത്രമാണുള്ളത്. സഞ്ചാരികള്‍ക്കായി പരമ്പരാഗത രീതിയില്‍ ഇരിപ്പിടങ്ങളും മറ്റും ഇവിടെയുണ്ട്. സഞ്ചാരികള്‍ക്ക് വേണ്ടി കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ഡിടിപിസി സെക്രട്ടറി പ്രശാന്ത് ടി വി പറഞ്ഞു. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്കു മൂന്ന് മണിക്കൂറോളം വേണ്ടിവരും. ഇപ്പോള്‍ മണിക്കൂര്‍ കണക്കാക്കിയാണു പുളിമൂട്ടില്‍ കടവില്‍ നിന്നുള്ള ബോട്ട് സര്‍വീസിന് തുക ഈടാക്കുന്നത്. അകത്തുമുറിയില്‍ എത്തി വാഹനത്തില്‍ മടങ്ങിപ്പോകാവുന്ന തരത്തിലും യാത്ര നടത്താവുന്നതാണ്. തിരിച്ച് ബോട്ടില്‍ തന്നെ കഠിനംകുളത്തേക്കു മടങ്ങാനുമാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss