|    Oct 18 Wed, 2017 9:34 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കായലുകളുടെ സംരക്ഷണത്തിന് ഹൈക്കോടതി ഇടപെടുന്നു

Published : 3rd August 2017 | Posted By: fsq

 

കൊച്ചി: അഷ്ടമുടിക്കായല്‍, ശാസ്താംകോട്ട കായല്‍, വേമ്പനാട്ടുകായല്‍ എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഹൈക്കോടതി ഇടപെടുന്നു. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനായി സെന്‍ട്രല്‍ വെറ്റ്‌ലാന്‍ഡ് റെഗുലേറ്ററി അതോറിറ്റി (സിഡബ്ല്യുആര്‍എ) രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എം കെ ബാലകൃഷ്ണന്‍ എന്നയാള്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സ്വമേധയാ പൊതുതാല്‍പര്യ ഹരജിയായി സ്വീകരിക്കണമെന്ന് സുപ്രിംകോടതി ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇടപെടല്‍. 1971ലെ റംസാര്‍ കണ്‍വന്‍ഷനില്‍ രേഖപ്പെടുത്തിയ 26 തണ്ണീര്‍ത്തടങ്ങളാണ് സംരക്ഷണത്തിനുള്ള പട്ടികയില്‍ വരുന്നത്. ഇതില്‍ കേരളത്തില്‍നിന്ന് അഷ്ടമുടിക്കായല്‍, ശാസ്താംകോട്ട കായല്‍, വേമ്പനാട്ടുകായല്‍ എന്നിവയാണുള്ളത്. കേസ് 2017 ഫെബ്രുവരി 8ന് പരിഗണിച്ചപ്പോള്‍  തണ്ണീര്‍ത്തടങ്ങള്‍ അപ്രത്യക്ഷമാവാന്‍ വരെ സാധ്യതയുണ്ടെന്ന് സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു. തണ്ണീര്‍ത്തട സംരക്ഷണത്തിനായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ മാര്‍ച്ച് 28ന് കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ചു. 945.95 കോടി രൂപയാണ് ചെലവഴിച്ചത്. പക്ഷേ, അടിത്തട്ടില്‍ കാര്യമായ ഫലമൊന്നുമുണ്ടായില്ല. സംരക്ഷണത്തിന് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നതിനു പകരം പൊതുവായ ചില പ്രവര്‍ത്തനങ്ങളാണു നടന്നതെന്നും കോടതി നിരീക്ഷിച്ചു. റംസാര്‍ കണ്‍വന്‍ഷനില്‍ ഉള്‍പ്പെടുന്ന തണ്ണീര്‍ത്തടങ്ങള്‍ അന്താരാഷ്ട്ര പൈതൃകവുമായി ബന്ധപ്പെട്ടതാണെന്നും സംരക്ഷണത്തില്‍ പ്രത്യക്ഷമായ പുരോഗതിയുണ്ടാവുന്നതുവരെ ഹൈക്കോടതിയുടെ നിരീക്ഷണത്തിലായിരിക്കണം പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതെന്നും സുപ്രിംകോടതി വ്യക്തമാക്കി. സുപ്രിംകോടതി വിവിധ കാലങ്ങളിലായി ഇറക്കിയ ഇടക്കാല ഉത്തരവുകളിലുള്ളത് അഞ്ചു കാര്യങ്ങളാണ്. ചില തണ്ണീര്‍ത്തടങ്ങള്‍ അപ്രത്യക്ഷമായേക്കാം പ്രത്യക്ഷമായ പുരോഗതിയുണ്ടാവുന്നതു വരെ അവയെ സംരക്ഷിക്കുന്നതില്‍ ഹൈക്കോടതി നിരീക്ഷണം വേണം, ഈ പ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ആവശ്യമെങ്കില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ്‌ക്യൂറിയെ നിയമിക്കണം, തണ്ണീര്‍ത്തടങ്ങള്‍ക്ക് അകത്തും ചുറ്റുവട്ടത്തും അടിസ്ഥാന സൗകര്യ വികസനത്തിനോ നിര്‍മാണത്തിനോ നല്‍കിയ അനുമതികള്‍ എങ്ങനെ റദ്ദാക്കാമെന്നു പരിശോധിക്കണം, അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട് എന്നിവയ്ക്കായി ഇതുവരെ നല്‍കിയ ഫണ്ടിന്റെ ഉപയോഗവും അതിന്റെ ഫലവും പരിശോധിക്കല്‍ എന്നിവയാണ് അവ. ഹരജി ഹൈക്കോടതി ഉടന്‍ പരിഗണിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക