|    May 28 Sun, 2017 6:06 pm
FLASH NEWS

കായലില്‍ വീണ റയില്‍വേ ഗാങ്മാന്റെ മൃതദേഹം കണ്ടുകിട്ടി

Published : 4th July 2016 | Posted By: SMR

അരൂര്‍: കഴിഞ്ഞ ദിവസം അരൂര്‍-കുമ്പളം റയില്‍വേ പാലത്തില്‍ നിന്നും കായലില്‍ വീണ റയില്‍വേ ഗാങ്മാന്റെ മൃതദേഹം കണ്ടുകിട്ടി.
ചേര്‍ത്തല വാരനാട് കരിയില്‍ ഹരിദാസിന്റെ മകന്‍ വിവേകി(26)ന്റെ മൃതദേഹമാണ് അരൂര്‍ കായലില്‍നിന്ന് നാട്ടുകാര്‍ കണ്ടെത്തിയത്. അരൂര്‍ കോട്ടപ്പുറം ഫിഷറീസ് സ്‌കൂളിന് സമീപം കൂമ്പേല്‍കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മല്‍സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ഊന്നികുറ്റിയില്‍ ഉടക്കി കിടക്കുകയായിരുന്ന മൃതദേഹം ഇന്നലെ ഉച്ചയോടെ സമീപ വാസികളായ മല്‍സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. ഉടന്‍തന്നെ അരൂര്‍ പോലിസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പനങ്ങാട്, അരൂര്‍ പോലിസും സ്ഥലത്തെത്തി മൃതദേഹം കരക്കെടുക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. റെയില്‍വേ ഗാങ്മാന്‍മാരായ വടക്കന്‍ പറവൂര്‍ സ്വദേശി അജേഷും വിവേകും ചേര്‍ന്ന് അരൂര്‍ കുമ്പളം റെയില്‍വേ പാലത്തിലെ ട്രാക്കിലെ പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കെയാണ് ചേര്‍ത്തലയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന മെമൂ ട്രെയിന്‍ ഇതുവഴിയെത്തിയത്. തീവണ്ടി അടുത്തെത്തിയതിനു ശേഷമാണ് ഇരുവരും അറിയുന്നത്. തുടര്‍ന്ന് ഓടി തൊട്ടടുത്ത ട്രോളി ക്യാബിനിലേക്ക് അജേഷ് കയറുകയും വിവേക് കാല്‍ വഴുതി കായലില്‍ വീഴുകയുമായിരുന്നു.
പുലര്‍ച്ചെ അജേഷ് നാട്ടുകാരെയും മറ്റും വിവരമറിയിച്ചതിനെ തുടര്‍ന്ന് അരൂര്‍ കുമ്പളം പോലിസും നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരും എത്തി വൈകീട്ട് ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും വിവേകിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കാരം നടത്തി. ബിടെക് വരെ വിദ്യാഭ്യാസം നേടിയ വിവേക് കഴിഞ്ഞ എട്ടുമാസങ്ങള്‍ക്കു മുമ്പാണ് റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. അവിവാഹിതനാണ്. ഗിരിജയാണ് മാതാവ്. സഹോദരന്‍ വിഷ്ണു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day