|    Mar 27 Mon, 2017 12:42 pm
FLASH NEWS

കായംകുളത്ത് വീണ്ടും തെരുവുനായ ആക്രമണം; എട്ടു പേര്‍ക്ക് പരിക്ക്

Published : 16th September 2016 | Posted By: SMR

കായംകുളം: കായംകുളത്ത് വീണ്ടും തെരുവുനായ ആക്രമണം. ഇത്തവണ വിവിധയിടങ്ങളിലായി എട്ടു പേര്‍ക്ക് കടിയേറ്റു.
കൃഷ്ണപുരം സ്വദേശികളായ ജയ (40), ജോബിന്‍ (27) കായംകുളം സ്വദേശി മുരളീധരന്‍ (51), വള്ളികുന്നം സ്വദേശിനി ഷീജ (37), പെരുങ്ങാല സ്വദേശികളായ ആനന്ദ് (12), ഗോപാലകൃഷ്ണന്‍ (50), കട്ടുവിങ്കല്‍ ശ്രീകല (42), വലിയഴീക്കല്‍ സ്വദേശിനി സ്മിത (36), എന്നിവര്‍ക്കാണ് നായ്കളുടെ കടിയേറ്റത്. ഇവരെ പരിക്കുകളോടെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടാഴ്ചയ്ക്കിടെ പ്രദേശത്ത് 24ഓളം പേര്‍ തെരുവുനായകളുടെ ആക്രമണത്തിനിരയായിട്ടുണ്ട്. നഗരസഭാ പരിധിയില്‍ മാലിന്യ പ്രശ്‌നം രൂക്ഷമായി തുടരുന്നതാണ് തെരുവുനായകള്‍ സൈ്വര്യ വിഹാരം നടത്താന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ ആക്രമണകാരികളായ തെരുവുനായകളെ ഉന്മൂലനം ചെയ്യാന്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തെരുവുനായ നിയന്ത്രണത്തിന് നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും കായംകുളത്ത് തെരുവുനായനിയന്ത്രണപരിപാടികളൊന്നും നടന്നിട്ടില്ല.
നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും തെരുവുനായ ആക്രമണം രൂക്ഷമായിരിക്കയാണ്. പേയിളകിയ നായ്കളുടെ എണ്ണം വര്‍ധിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ്. വളര്‍ത്തുമൃഗങ്ങളുടെ നേര്‍ക്കും തെരുവ് നായ ആക്രമണം നടക്കുന്നു. പുല്ലുകുളങ്ങരയില്‍ പേയിളകിയ നായകടിച്ച് പോത്ത് ചത്തത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി.
അതേസമയം ജില്ലയിലെ വിവിധ ഭാഗങ്ങളിലും തെരുവുനായ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം തുറവൂരില്‍ തെരുവു നായകള്‍ 60 താറാവുകളെ കൊന്നൊടുക്കി. താറാവ് കൃഷി നടത്തുന്ന ചന്തിരൂര്‍ വേലിക്കകത്ത് അമീറിന്റെ വീട്ടുവളപ്പിലെ ഷെഡിലെ താറാവുകളാണ് ചത്തത്. 225 താറാവുകള്‍ കൂട്ടില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ആലപ്പുഴ എആര്‍ ക്യാംപിലെ പോലിസ് ഉദേ്യാഗസ്ഥനെ തെരുവുനായ ആക്രമിക്കുകയുണ്ടായി. ഡ്രൈവറായ ശ്രീകുമാര്‍ കുറുപ്പിനാണു തെരുവുനായയുടെ കടിയേറ്റത്. ശ്രീകുമാര്‍ താമസിക്കുന്ന ക്വാട്ടേഴ്‌സിനു മുമ്പിലെ കാടു വെട്ടിതെളിക്കുന്ന സമയത്തായിരുന്നു പിന്നിലൂടെ വന്ന നായ  ആക്രമിച്ചത്. ശ്രീകുമാറിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവുനായകള്‍ക്കെതിരേ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക