കായംകുളത്ത് അപകടപരമ്പര; രണ്ടുപേര്‍ക്ക് പരിക്ക്
Published : 5th March 2018 | Posted By: kasim kzm
കായംകുളം: ദേശീയ പാതയിലും കെപി റോഡില്‍ കുറ്റിത്തെരുവിലും ഐക്യ ജങ്ഷനിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. ദേശീയ പാതയില്‍ കോളേജ് ജങ്ഷനു സമീപം നടന്ന അപകടത്തില്‍ തമിഴ്നാട് സ്വദേശി കൃഷ്ണക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. മണപ്പള്ളി സ്വദേശി അലക്സ് ഓടിച്ച കാറാണ് കൃഷ്ണയെ ഇടിച്ചിട്ടത്.
കൃഷ്ണ ഓടിച്ച ലോറി റോഡരുകില്‍ നിര്‍ത്തിയിട്ട ശേഷം അടുത്തുള്ള ചായക്കടയില്‍ നിന്നും ഇറങ്ങി ലോറിക്കരുകിലേക്കു വരവെയാണ് ഇയാളെ കാര്‍ ഇടിച്ചിട്ടത്. നിയന്ത്രണംവിട്ട കാര്‍ കൃഷ്ണയുടെ ലോറിയിലിടിച്ചു നില്‍ക്കുകയായിരുന്നു. കാര്‍ ഓടിച്ച അലക്സ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ കൃഷ്ണയെആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയേടെ കെ.പി.റോഡില്‍ കുറ്റിത്തെരുവു ജങ്ഷനിലുണ്ടായ അപകടത്തില്‍ മലപ്പുറം പൊത്തുകുടിക്കാട്ടില് സുകുമാരന്റെ മകള്‍ അപര്‍ണ്ണ (18) ക്കാണ് പരിക്കേറ്റത്. കൂട്ടുകാരി ഓടിച്ച സ്കൂട്ടറിനു പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു അപര്‍ണ്ണ.സിഗ്നല്‍കാത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറിനു പിന്നില്‍ പാറ്റൂര്‍ സ്വദേശി അഖില്‍ ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു.
റോഡില്‍ വീണു പരുക്കേറ്റ അപര്‍ണ്ണയെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തളത്ത് ഫുട്ബോള്‍ മല്‍സരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അപര്‍ണ.കായംകുളം ഐക്യജങ്ഷനില്‍ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറിയാണ് മൂന്നാമത്തെ അപകടമുണ്ടായത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കുന്നുകണ്ടത്തില്‍ ഷിഹാബിന്റെ വീടിന്റെ മതിലിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. ഇന്നലെ ഉച്ചക്ക് 2 മണിക്കാണ് അപകടമുണ്ടായത്.
കായംകുളം കാര്‍ത്തികപ്പള്ളി റോഡില്‍ നിന്നും വരികയായിരുന്ന കാര്‍ കീരിക്കാട് മസ്ജിദ് റോഡിലേക്ക് തിരിയവെ റോഡിന്റെ വശത്ത് ഇളകി കിടന്ന ഓടയുടെ സ്ലാബില്‍ തട്ടി കാര്‍ നിയന്ത്രണം വിടുകയായിരുന്നു. മതിലിനു സമീപം നിര്‍ത്തിയിട്ടിരുന്നു മറ്റൊരു കാറിന്റെ പിന്‍ഭാഗത്തും കാര്‍ ഇടിച്ചു.
റോഡിനു സമീപമുണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. പിഡബ്ല്യുഡി നിര്‍മ്മിച്ച ഓടയുടെ സ്ലാബ് ഇളകി കിടക്കുന്നതിനാല്‍ ഇരുചക്രവാഹനയാത്രക്കാരും കാല്‍നട യാത്രക്കാരും അപകടത്തില്‍പെടുന്നത് ഇവിടെ പതിവായിരിക്കുകയാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.