|    Mar 26 Sun, 2017 1:17 am
FLASH NEWS

കായംകുളം താപ വൈദ്യുത നിലയം അടച്ചുപൂട്ടേണ്ടി വരുമെന്ന് കേന്ദ്രം

Published : 14th July 2016 | Posted By: SMR

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കായംകുളം താപ വൈദ്യുത നിലയം അടച്ചു പൂട്ടേണ്ടി വരുമെന്നു കേന്ദ്ര ഊര്‍ജ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. നാഫ്തയ്ക്കു പകരം പ്രകൃതിവാതകം ഇന്ധനമാക്കുന്നതിനുള്ള നപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണം. പാരിസ്ഥിതിക വിഷയങ്ങളില്‍ ആശങ്കയുണ്ടെങ്കിലും ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് എന്ത് സഹായം നല്‍കാനും കേന്ദ്രം തയാറാണെന്നും മന്ത്രി വ്യക്തമാക്കി.
മറ്റു പല സംസ്ഥാന മുഖ്യമന്ത്രിമാരും ഊര്‍ജ സംബന്ധമായ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുമ്പോള്‍ കേരളത്തില്‍ നിന്നുള്ള സമീപനം വ്യത്യസ്തമാണ്. ഊര്‍ജ സംബന്ധമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രിയോ മുമ്പുണ്ടായിരുന്ന മുഖ്യമന്ത്രിയോ തന്നെ ഇതുവരെ കണ്ടിട്ടില്ലെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. ാഫ്തയ്ക്കു പകരം പ്രകൃതിവാതകം ഇന്ധനമാക്കാത്തിടത്തോളം കായംകുളം താപവൈദ്യുത നിലയം കേരളത്തിന് ബാധ്യതയാവുമെന്ന അവസ്ഥയാണുള്ളത്. പ്രകൃതിവാതകം ഉപയോഗിച്ചാല്‍ ഉല്‍പാദനച്ചെലവ് കുറയ്ക്കാനാവും. എന്നാല്‍, ഇന്ധനമാറ്റം അനിശ്ചിതമായി നീളുകയാണ്. എന്‍ടിപിസി നടത്തിപ്പുകാര്‍ മാത്രമാണ്.
ഗുണഭോക്താക്കള്‍ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരാണ് ഊര്‍ജ മാറ്റത്തിനായുള്ള പദ്ധതി തയ്യാറാക്കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും. എന്നാല്‍, അത്തരമൊരു നിലപാട് കേരളത്തിന്റെ ഭാഗത്തുനിന്നും ഇതുവരെയുണ്ടായിട്ടില്ലെന്നും കേന്ദ്ര ഊര്‍ജമന്ത്രി കുറ്റപ്പെടുത്തി.
ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കുമെന്നു പറഞ്ഞ മന്ത്രി പദ്ധതി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കരുതെന്നാണ് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ശ്രമിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ആതിരപ്പിള്ളിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക വിഷയങ്ങളില്‍ ആശങ്കയുണ്ടെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. എന്നാല്‍, ആതിരപ്പിള്ളി സംബന്ധിച്ച് സംസ്ഥാനത്ത് എതിര്‍പ്പുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണു മന്ത്രി പറഞ്ഞത്.

(Visited 57 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക