|    Sep 25 Tue, 2018 7:23 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കാമുകിയെ നാട്ടിലെത്തിക്കാന്‍ വിമാനം റാഞ്ചുമെന്ന് ഭീഷണി മുഴക്കിയതിന് യാത്രാ വിലക്ക്‌

Published : 21st May 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കാമുകിയെ മുംബൈയിലെത്തിക്കാന്‍ വിമാനം റാഞ്ചുമെന്നും വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഭീഷണി മുഴക്കിയ യാത്രക്കാരന് ആജീവനാന്ത വിമാനയാത്രാ വിലക്ക്. വിമാനത്തിനുള്ളില്‍ റാഞ്ചല്‍ ഭീഷണി മുഴക്കിയതിനു കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ മുംബൈ സ്വദേശി ആഭരണ വ്യാപാരി ബിര്‍ജു കിഷോര്‍ സല്ലയ്ക്കാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ആജീവനാന്ത യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.
1982ലെ റാഞ്ചല്‍ വിരുദ്ധ നിയമത്തില്‍ ഭേദഗതി വരുത്തിയ വ്യവസ്ഥകള്‍ കര്‍ശനമാക്കിയതിനു ശേഷം നടപടി നേരിടുന്ന ആദ്യ യാത്രക്കാരനാണ് ഇദ്ദേഹം.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റാഞ്ചല്‍ ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സിന്റെ മുംബൈ—-ഡല്‍ഹി വിമാനം അഹ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു. വിമാനത്തിനുള്ളില്‍ റാഞ്ചികള്‍ ഉണ്ടെന്നും കാര്‍ഗോയില്‍ ബോംബുണ്ടെന്നുമുള്ള ഒരു ഭീഷണി സന്ദേശം പൈലറ്റിനു ലഭിച്ചതിനെ തുടര്‍ന്നാണ് അടിയന്തരമായി ഇറക്കിയത്. ബിര്‍ജു കിഷോറായിരുന്നു ഭീഷണിക്ക് പിറകില്‍ എന്നു തെളിഞ്ഞതോടെ ഇദ്ദേഹത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ കോടീശ്വരനായ ആഭരണ വ്യാപാരിയാണ് ബിര്‍ജു കിഷോര്‍. വിമാനം റാഞ്ചിയെടുക്കുമെന്നും ബോംബുണ്ടെന്നുമുള്ള കത്ത് എഴുതിയത് താനാണെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഡല്‍ഹിയിലെ ജെറ്റ് എയര്‍വെയ്‌സില്‍ ജോലി ചെയ്യുന്ന തന്റെ കാമുകിയെ മുംബൈയിലെത്തിക്കാനാണ് താന്‍ ഈ ഭീഷണി മുഴക്കിയതെന്നായിരുന്നു ഇയാളുടെ കുറ്റസമ്മതം.
ബോംബ് ഭീഷണിയെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സിന്റെ ഡല്‍ഹി ഓഫിസ് പൂട്ടുമെന്നും അങ്ങനെ തന്റെ കാമുകി മുംബൈയിലെത്തുമെന്നുമായിരുന്നു ഇയാളുടെ കണക്കുകൂട്ടല്‍. രാജ്യത്ത് ആജീവനാന്ത വിലക്ക് നേരിടുന്ന ആദ്യത്തെയാളാണ് ബിര്‍ജു കിഷോറെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉര്‍ദുവിലും ഇംഗ്ലീഷിലുമായി ഇയാള്‍ തയ്യാറാക്കിയ ഭീഷണിക്കത്താണ് ഇയാള്‍ക്കു വിനയായതെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിമാനം പാക് അധീന കശ്മീരിലേക്കു വിടണമെന്നായിരുന്നു ഭീഷണി സന്ദേശം. എന്നാല്‍, പാകിസ്താനില്‍ നിന്നുള്ള ഭീഷണി ആയിരുന്നെങ്കില്‍ ഈ പ്രദേശത്തെ ആസാദ് കശ്മീര്‍ എന്നാണ് വിശേഷിപ്പിക്കുക. ഈ തുമ്പിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss