|    Jun 18 Mon, 2018 5:47 am
FLASH NEWS
Home   >  Todays Paper  >  page 7  >  

‘കാമുകിയെ’ എല്‍ഡിഎഫ് ശരിയാക്കും, കുഞ്ഞുമോന് കല്യാണം കഴിക്കാം

Published : 16th July 2016 | Posted By: SMR

എല്‍ഡിഎഫ് വന്നില്ലേ? കാമുകി മാത്രമല്ല, കല്യാണവും ശരിയാവും. കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്റെ വിവാഹക്കാര്യമായിരുന്നു ഇന്നലെ സഭയിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. കാമുകിയുടെ ദുരവസ്ഥയാണ് കോവൂര്‍ കുഞ്ഞുമോനെ വിവാഹത്തില്‍ നിന്ന് തടയുന്നത്. നിയമസഭയിലെ ശൂന്യവേളയിലാണ് തന്റെ അപൂര്‍വമായ ശപഥത്തെക്കുറിച്ച് കോവൂര്‍ കുഞ്ഞുമോന്‍ വെളിപ്പെടുത്തിയത്.
വിഷയം വിവാഹം തന്നെ, താനിതുവരെ വിവാഹം കഴിക്കാത്തതിനെക്കുറിച്ച് അദ്ദേഹം മനസ്സുതുറന്നപ്പോള്‍ അംഗങ്ങള്‍ ആദ്യമൊന്ന് ഞെട്ടി. ശാസ്താംകോട്ട ശുദ്ധജലതടാക സംരക്ഷണവുമായി ബന്ധപ്പെട്ട ശ്രദ്ധക്ഷണിക്കല്‍ അവതരണത്തിലാണ് വേറിട്ട രംഗങ്ങള്‍ അരങ്ങേറിയത്. ശാസ്താംകോട്ട തടാകം സംരക്ഷണത്തെക്കുറിച്ച് താന്‍ 16 വര്‍ഷമായി ആവശ്യമുന്നയിക്കുകയാണ്. കായലിന്റെ സംരക്ഷണം ഉറപ്പുവരുത്താതെ വിവാഹം കഴിക്കില്ലെന്ന് താന്‍ ശപഥമെടുത്തിരിക്കുകയാണ്. ശാസ്താംകോട്ട തടാകം തന്റെ കാമുകിയാണ്. കാമുകി സൗന്ദര്യവതിയാവണമെങ്കില്‍ മഹനീയമായി സംരക്ഷിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
അതിനാല്‍, തടാകം സംരക്ഷിക്കുന്നതിന് സ്റ്റാറ്റിയൂട്ടറി അതോറിറ്റി രൂപീകരിക്കാന്‍ അനുകൂലമായ തീരുമാനമുണ്ടാവണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവൂര്‍ കുഞ്ഞുമോനോട് നടത്തിയ അഭ്യര്‍ഥനയാണ് സഭയില്‍ ചിരിപടര്‍ത്തിയത്. കായല്‍ സംരക്ഷണത്തിന് സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കുന്നതായും കോവൂര്‍ കുഞ്ഞുമോന്‍ വിവാഹം കഴിക്കണമെന്നുമായിരുന്നു പിണറായിയുടെ മറുപടി. പിന്നാലെ ഇടപെട്ട സ്പീക്കര്‍, കോവൂര്‍ കുഞ്ഞുമോന്റെ വിവാഹം അനൗദ്യോഗികപ്രമേയമായി മാറിയിരിക്കുകയാണെന്ന് കമന്റ് പാസാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍, പദ്ധതിയുടെ ക്രെഡിറ്റ് പൂര്‍ണമായും പിണറായിക്ക് വിട്ടുകൊടുക്കാന്‍ പി ടി തോമസ് തയ്യാറായില്ല. കോവൂരിനോട് ഉമ്മന്‍ചാണ്ടി നേരത്തേയും വിവാഹം കഴിക്കണമെന്ന് അഭ്യര്‍ഥന നടത്തിയിട്ടുണ്ടെന്നായിരുന്നു പി ടി സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഖജനാവ് കാലിയാണെന്ന് ഐസക് ധവള പത്രമിറക്കിയിട്ടുണ്ടെങ്കിലും മാന്ദ്യവിരുദ്ധ പാക്കേജിലും കിഫ്ബിയിലും ഭരണപക്ഷ അംഗങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. എന്നാല്‍, കോവൂരിന്റെ ഉറപ്പ് ലഭിക്കാതെ രക്ഷയില്ലെന്നായി അംഗങ്ങള്‍. ഒടുവില്‍ വിവാഹം കഴിക്കാമെന്ന് താന്‍ മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയിരിക്കുന്നൂവെന്ന് കോവൂര്‍ വ്യക്തമാക്കിയതോടെ സഭയില്‍ ഹര്‍ഷാരവം ഉയര്‍ന്നു.
പ്രതിപക്ഷത്തെത്തിയപ്പോഴാണ് അബ്ദുറബ്ബിന് വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേടുകളെ കുറിച്ച് ബോധ്യമായതെന്ന് തോന്നുന്നു.
പ്ലസ്‌വണ്‍ ക്ലാസുകളില്‍ സംസ്‌കൃതം, അറബിക്, ഉര്‍ദു ഭാഷകള്‍ പഠിക്കാനുള്ള അവസരം നിഷേധിക്കരുതെന്ന മുന്‍ വിദ്യാഭ്യാസ മന്ത്രിയുടെ ആവശ്യം കേട്ട് ലീഗ് അംഗങ്ങളടക്കം എല്ലാവരുമൊന്ന് ഞെട്ടി. കഴിഞ്ഞ അഞ്ചുവര്‍ഷം റബ്ബ് ഈ വകുപ്പ് ‘കൈകാര്യം’ ചെയ്തിട്ടും മലപ്പുറത്തെ 10,890 കുട്ടികള്‍ പ്ലസ് വണ്‍ പഠിക്കാന്‍ അന്യജില്ലകളെ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോള്‍. ‘സീറ്റ് പോലും ലഭിക്കാത്തവര്‍ക്ക് എന്ത് ഭാഷ, ബ്രോ’. മലപ്പുറത്തെ കുട്ടികള്‍ മുസ്‌ലിംലീഗ് നേതാക്കളോട് ഇങ്ങനെ ചോദിക്കാന്‍ സാധ്യതയുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss