|    Jan 18 Wed, 2017 7:14 am
FLASH NEWS

കാബൂളില്‍ ഇരട്ടസ്‌ഫോടനം; 80 മരണം

Published : 24th July 2016 | Posted By: SMR

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ശിയാ വിഭാഗക്കാരായ ഹസാരകളുടെ പ്രകടനത്തിനിടെയുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. 250 പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ രണ്ടുപേര്‍ പ്രകടനത്തില്‍ നുഴഞ്ഞുകയറിയാണ് പൊട്ടിത്തെറിച്ചത്. പ്രകടനം സമാപിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് സ്‌ഫോടനം. സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി പ്രസിഡന്റ് അഷ്‌റഫ് ഗനി അറിയിച്ചു. മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യം അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ശതകോടി ഡോളറിന്റെ വൈദ്യുതിലൈന്‍ പദ്ധതി തങ്ങള്‍ക്കുകൂടി ഉപകാരപ്പെടുംവിധം മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ഹസാരകളുടെ പ്രതിഷേധം. നയതന്ത്ര പ്രതിനിധികളുടെ ഓഫിസ് ഉള്‍പ്പെടുന്ന പ്രദേശത്തേക്കു പ്രതിഷേധക്കാര്‍ എത്താതിരിക്കാന്‍ കണ്ടെയ്‌നറുകള്‍ ഉപയോഗിച്ച് പോലിസ് തടസ്സം സൃഷ്ടിച്ചിരുന്നു. ഇതുമൂലം ആംബുലന്‍സുകള്‍ സ്ഥലത്തെത്താന്‍ ബുദ്ധിമുട്ട് നേരിട്ടതിനു പുറമെ രക്ഷാപ്രവര്‍ത്തനവും വൈകി. പ്രകടനത്തിനിടെ ആക്രമണമുണ്ടാവുമെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണു സുരക്ഷ ശക്തമാക്കിയത്.
500 കെവിയുടെ തുതാപ് വൈദ്യുതിലൈന്‍ പദ്ധതി ബാമിയാന്‍, വര്‍ധക് പ്രവിശ്യകളിലൂടെ കൊണ്ടുപോവണമെന്നാണു പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്ന മംഗോളിയന്‍-തുര്‍ക്കി വംശപരമ്പരയില്‍പ്പെട്ട ഹസാരകളുടെ ആവശ്യം. അഫ്ഗാനില്‍ ഹസാരകള്‍ കൂടുതലുള്ള പ്രവിശ്യകളാണിത്. മധ്യപ്രവിശ്യകളിലൂടെ ലൈന്‍ കൊണ്ടുപോവാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഈ വഴി മാറ്റി സലാങ് മലനിരകളിലൂടെ തലസ്ഥാനത്തിന്റെ വടക്കന്‍ മേഖല ബന്ധിപ്പിച്ച് ലൈന്‍ വലിക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഇതിനെതിരേയാണ് പ്രതിഷേധമുണ്ടായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക