|    Jan 23 Mon, 2017 2:10 pm
FLASH NEWS

കാപ്പ നിയമം: അവലോകനയോഗം ചേര്‍ന്നു

Published : 12th January 2016 | Posted By: SMR

കൊല്ലം: കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം സംബന്ധിച്ച ജില്ലാതല അവലോകനയോഗം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.

അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. വി രാംകുമാര്‍, അംഗങ്ങളായ റിട്ട. ജില്ലാ ജഡ്ജി പോള്‍ സൈമണ്‍, തോമസ് മാത്യു, ജില്ലാ കലക്ടര്‍ എ ഷൈനമോള്‍, സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ്, ബോര്‍ഡ് സെക്രട്ടറി വി എന്‍ അജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കരുതല്‍ തടങ്കല്‍ നിയമം സംബന്ധിച്ച ചര്‍ച്ച നടന്നു.കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് അധികാരപ്പെടുത്തിയ ജില്ലാ മജിസ്‌ട്രേറ്റിന്റെയും പോലിസുള്‍പ്പടെയുള്ള ഉദേ്യാഗസ്ഥരുടെയും ചുമതലകള്‍ ജസ്റ്റിസ് രാംകുമാര്‍ വിശദീകരിച്ചു.
പൊതുസമാധാനത്തിന് ഭീഷണിയായ വ്യക്തിയെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം നടപ്പാക്കുമ്പോള്‍ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ ബോധ്യപ്പെടലിന്റെ അടിസ്ഥാനത്തിലാകണമെന്ന് അദ്ദേഹം പറഞ്ഞു.സ്‌പോണ്‍സറിങ് അതോറിറ്റിയായ ജില്ലാ പോലിസ് മേധാവി സമര്‍പ്പിക്കുന്ന തടങ്കലിനുള്ള ശുപാര്‍ശകളില്‍ ജില്ലാ മജിസ്‌ട്രേറ്റ് കാലതാമസം കൂടാതെ തുടര്‍ നടപടികള്‍ ആരംഭിക്കണം. ഓരോ കുറ്റകൃത്യങ്ങളുടെയും തല്‍സ്ഥിതി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ ജില്ലാ പോലിസ് മേധാവി മുഖേന ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണം.അവസാന കുറ്റകൃത്യത്തിന്റെ തിയ്യതിയും തടങ്കല്‍ ഉത്തരവിന്റെ തിയ്യതിയും തമ്മിലുള്ള ന്യായീകരിക്കാനാവാത്ത കാലതാമസം ഒഴിവാക്കണം.
കാലതാമസം ന്യായീകരണമുള്ളതെങ്കില്‍ അവ ഉത്തരവില്‍ വ്യക്തമാക്കണം.അറസ്റ്റിന് വിധേയനാവുന്ന വ്യക്തിയെ അറസ്റ്റ് സമയത്തു തന്നെ തടങ്കല്‍ ഉത്തരവ് വായിച്ച് കേള്‍പ്പിക്കുകയും ഉത്തരവിന്റെ പകര്‍പ്പ് നല്‍കുകയും വേണം. തടങ്കല്‍ ഉത്തരവിനെതിരേ സര്‍ക്കാരിനോ അഡൈ്വസറി ബോര്‍ഡിനോ എത്രയും പെട്ടന്ന് നിവേദനം സമര്‍പ്പിക്കാന്‍ അറസ്റ്റിനു വിധേയനാവുന്നയാള്‍ക്ക് അവസരം നല്‍കണമെന്നും ജസ്റ്റിസ് രാംകുമാര്‍ നിര്‍ദേശിച്ചു.കാപ്പ നിയമത്തിലെ വിവിധ നിര്‍വചനങ്ങളെക്കുറിച്ച് ബോര്‍ഡംഗം റിട്ട. ജില്ലാ ജഡ്ജി പോള്‍ സൈമണ്‍ വിശദീകരിച്ചു. കാപ്പ നിയമം കര്‍ശനമായി നടപ്പാക്കിയാല്‍ പൊതു സമാധാനം നിലനിര്‍ത്തുന്നതില്‍ കാര്യമായ മാറ്റമുണ്ടാവുമെന്ന് അഡൈ്വസറി ബോര്‍ഡംഗം തോമസ് മാത്യൂ അഭിപ്രായപ്പെട്ടു. നിയമം കര്‍ശനമായി നടപ്പാക്കുന്നതിനൊപ്പം അര്‍ഹതയുള്ളവര്‍ക്ക് പരിരക്ഷ ലഭിക്കുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.യോഗത്തില്‍ എ ഡി എം എം എ റഹീം, ആര്‍ഡിഒ എം വിശ്വനാഥന്‍, എസിപി മാരായ റെക്‌സ് ബോബി അര്‍വിന്‍, എം എസ് സന്തോഷ്, എക്‌സൈസ്, ഫോറസ്റ്റ്, റവന്യൂ, പോലിസ് ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 102 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക